മാനവികത രാജ്യത്തിന്‍െറ സംസ്കാരമാകണം –ടി. ആരിഫലി

മലപ്പുറം: മാനവികത രാജ്യത്തിന്‍െറ സംസ്കാരമായി മാറണമെന്നും രാജ്യത്തിന്‍െറ വൈവിധ്യത്തിനും സൗഹാര്‍ദാന്തരീക്ഷത്തിനും വിള്ളല്‍ വീഴ്ത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്കെതിരെ കൂട്ടായ പ്രതിരോധം ഉയരണമെന്നും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി പറഞ്ഞു. ‘സമാധാനം, മാനവികത’ ദേശീയ കാമ്പയിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി കേരള മലപ്പുറത്ത് സംഘടിപ്പിച്ച ‘സൗഹൃദമാണ് മലബാറിന്‍െറ പാരമ്പര്യം’ സൗഹൃദസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളം ജാതി വിഭജനവും സാമുദായിക ധ്രുവീകരണവും ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്ലാമി രാജ്യവ്യാപക കാമ്പയിന് രൂപം കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു.

രാജ്യത്തെ സൗഹൃദത്തിന്‍െറയും സമാധാനത്തിന്‍െറയും അവസ്ഥക്ക് നേരെ അടുത്തകാലത്ത് ചില ചോദ്യചിഹ്നങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും സൗഹൃദത്തിന്‍െറ വില നിരന്തരം ഊട്ടിയുറപ്പിക്കേണ്ട സന്ദര്‍ഭമാണിതെന്നും പ്രമുഖ ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു.

ഇരുട്ടിന് കട്ടികൂടുമ്പോഴാണ് പ്രഭാതം പൊട്ടിവിടരുക എന്നതുകൊണ്ട് ഈ അപസ്വരങ്ങളില്‍ ആശങ്കവേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലബാറില്‍ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത പ്രമുഖരുടെ കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങിന് അദ്ദേഹം നേതൃത്വം നല്‍കി. സാമൂതിരി കുടുംബാംഗം കൃഷ്ണകുമാര്‍, വാരിയന്‍കുന്നത്ത് കുടുംബാംഗം അലവി എന്ന കുഞ്ഞാന്‍, ഖാദി മുഹമ്മദിന്‍െറ കുടുംബാംഗം കെ.വി. ഇമ്പിച്ചി ഹാജി, എം.പി. നാരായണമേനോന്‍െറ കുടുംബാംഗം എം.പി. കൃഷ്ണകുമാര്‍, എ.കെ. കോഡൂരിന്‍െറ കുടുംബാംഗം എ.കെ. മൊയ്തീന്‍, ആലി മുസ്ലിയാരുടെ കുടുംബാംഗം അബ്ദുല്‍ അലി മാസ്റ്റര്‍ എന്നിവരെ ആദരിച്ചു.
സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ വിഷയം അവതരിപ്പിച്ചു. മലബാറിന്‍െറ ചരിത്രംതന്നെ സൗഹൃദത്തിന്‍െറതും മൈത്രിയുടെതുമാണെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍, മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍, പി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സമീര്‍ ബിന്‍സി ഗാനവും ഡോ. ജമീല്‍ അഹ്മദ് കവിതയും അവതരിപ്പിച്ചു.
കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ ടി.കെ. ഹുസൈന്‍ സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എം.സി. നസീര്‍ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.