കാലിക്കറ്റ് രജിസ്ട്രാര്‍: ഇടതു ആവശ്യം വി.സി തള്ളി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല മുതിര്‍ന്ന ജോയന്‍റ് രജിസ്ട്രാര്‍ക്ക് നല്‍കണമെന്ന ഇടതുസംഘടനകളുടെ ആവശ്യം വി.സി തള്ളി. ഭരണകാര്യാലയത്തിലെ ജോയന്‍റ് രജിസ്ട്രാര്‍ക്ക് ചുമതലനല്‍കിയ നടപടിയില്‍ വി.സി ഉറച്ചുനിന്നതോടെയാണ് ഇടതുനീക്കം പരാജയപ്പെട്ടത്.രജിസ്ട്രാര്‍ ചുമതല നല്‍കിയതിനെതിരെ ഇടതുസംഘടനകള്‍ മണിക്കൂറോളം വി.സിയെ ഉപരോധിച്ചിരുന്നു.

 സിന്‍ഡിക്കേറ്റിലെ ഇടതു അംഗങ്ങളും പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് പറഞ്ഞാണ് വി.സി പ്രതിഷേധക്കാരെ തണുപ്പിച്ചത്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ വിഷയത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വി.സി. ഭരണകാര്യാലയത്തിലെ ജോയന്‍റ് രജിസ്ട്രാര്‍ എം. വേലായുധനാണ് രജിസ്ട്രാറുടെ ചുമതല നല്‍കിയത്. കോണ്‍ഗ്രസ് അനുകൂല സംഘടനാംഗമാണ് ഇദ്ദേഹം. ഇടതു അനുകൂല എംപ്ളോയീസ് യൂനിയന്‍ അംഗം കൂടിയായ കെ.കെ. സുരേഷ് ആണ് സര്‍വകലാശാലയിലെ മുതിര്‍ന്ന ജോയന്‍റ് രജിസ്ട്രാര്‍. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ രജിസ്ട്രാര്‍ ചുമതല  ചര്‍ച്ചയായിരുന്നു. മുതിര്‍ന്ന ജോയന്‍റ് രജിസ്ട്രാര്‍ക്ക് ചുമതല നല്‍കാമെന്ന് ധാരണയാവുകയും ചെയ്തു. എന്നാല്‍, യോഗത്തിന്‍െറ മിനുട്സില്‍ ഇത്തരമൊരു ധാരണയെക്കുറിച്ച് പറയുന്നുമില്ല. രജിസ്ട്രാര്‍ ചുമതല വിവാദമായപ്പോള്‍ സിന്‍ഡിക്കേറ്റിലെ ഇടതു അംഗങ്ങള്‍ വി.സിയെ കണ്ടിരുന്നു.

 ഭരണകാര്യാലയത്തിലെ മുതിര്‍ന്ന ജോയന്‍റ് രജിസ്ട്രാറെന്ന നിലക്കാണ് എം. വേലായുധനെ നിയമിച്ചതെന്നാണ് വി.സി ഇവര്‍ക്ക് നല്‍കിയ വിശദീകരണം.
അതേസമയം, വി.സിയുടെ നടപടി അംഗീകരിക്കാനാവില്ളെന്നും ഇടത് നിലപാടില്‍ മാറ്റമില്ളെന്നും സിന്‍ഡിക്കേറ്റിന്‍െറ സ്റ്റാഫ് സ്ഥിരം സമിതി കണ്‍വീനര്‍ കെ.കെ. ഹനീഫ പറഞ്ഞു. സര്‍വകലാശാലയിലെ മുതിര്‍ന്ന ജോയന്‍റ് രജിസ്ട്രാറെ പരിഗണിക്കുന്നതിനു പകരം ഭരണകാര്യാലയത്തിലേത് എന്നു പരിമിതപ്പെടുത്തിയ വി.സിയുടെ നടപടി എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. ഡോ. ടി.എ. അബ്ദുല്‍ മജീദ് ഹജ്ജ് തീര്‍ഥാടനത്തിനു പോയതോടെയാണ് രജിസ്ട്രാറുടെ ഒഴിവുവന്നത്. ഭരണനിയന്ത്രണത്തില്‍ പ്രധാന പങ്കാണ് രജിസ്ട്രാര്‍ക്കുള്ളത്. ഇത് മനസ്സിലാക്കി വി.സി അജ്ഞത നടിക്കുകയാണെന്ന് എംപ്ളോയീസ് യൂനിയന്‍ ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.