അംഗീകാരം പുന:സ്ഥാപിച്ചില്ല; കാലിക്കറ്റ് വിദൂര പഠനം ആശങ്കയില്‍

തേഞ്ഞിപ്പലം: പ്രതിവര്‍ഷം അരലക്ഷത്തോളം വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ വിദൂര പഠനം ഇത്തവണയും അനിശ്ചിതത്വത്തില്‍. വിദൂര പഠന വിഭാഗത്തിന്‍െറ അംഗീകാരം നഷ്ടപ്പെട്ട് വര്‍ഷം പിന്നിട്ടിട്ടും പുന$സ്ഥാപിക്കാന്‍ കഴിയാത്തതാണ് ആശങ്കക്ക് കാരണം. വി.സിയും രജിസ്ട്രാറും ഉള്‍പ്പെടെയുള്ളവര്‍ പലതവണ ഡല്‍ഹിയിലത്തെി യു.ജി.സി ചെയര്‍മാനെ കണ്ടുവെന്നല്ലാതെ അംഗീകാര വിഷയത്തില്‍ തീരുമാനം വൈകുകയാണ്.

അംഗീകാരം പുന$സ്ഥാപിക്കുന്നതിനു വേണ്ട മുഴുവന്‍ നടപടി ക്രമങ്ങളും സര്‍വകലാശാല ചെയ്തെങ്കിലും യു.ജി.സി അധികൃതര്‍ നിഷേധ നിലപാടാണ് കൈക്കൊള്ളുന്നത്. മലബാറിലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നതില്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് സാധിക്കാത്തതാണ് വിഷയം വഷളാക്കിയതെന്ന് പരാതിയുണ്ട്. കേരളത്തിലെ എം.പിമാരെ കണ്ട് വിഷയം ബോധ്യപ്പെടുത്താന്‍ നേരത്തേ ശ്രമം നടത്തിയെങ്കിലും എങ്ങുമത്തെിയില്ല.

കഴിഞ്ഞവര്‍ഷത്തെ പ്രവേശനടപടികളാണ് യു.ജി.സി വിലക്കിയത്. പുതിയ അധ്യയനവര്‍ഷം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും ഡിഗ്രി, പി.ജി രജിസ്ട്രേഷന്‍ തുടങ്ങാന്‍ സര്‍വകലാശാലക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് അംഗീകാരം റദ്ദാക്കിയത്. അതിനു മുമ്പേ വിദൂര പഠനത്തിന് ചേര്‍ന്നവരെ പ്രൈവറ്റ് രജിസ്ട്രേഷനിലേക്ക് മാറ്റുകയാണ് സര്‍വകലാശാല ചെയ്തത്. അംഗീകാരം ഉടന്‍ ശരിയാവുമെന്ന കണക്കുകൂട്ടലില്‍ ഈ വര്‍ഷത്തെ പ്രവേശനടപടികള്‍ ഒന്നും തുടങ്ങിയിട്ടില്ല.
വിഷയത്തില്‍ യു.ജി.സി സര്‍വകലാശാലയുടെ വാദം കേട്ടിരുന്നു. അടുത്ത യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് യു.ജി.സി അധികൃതര്‍ വി.സി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചത്. എന്നാല്‍, സര്‍വകലാശാലയിലെ വിദൂര പഠന ഓഫിസും സൗകര്യങ്ങളും സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടണമെന്ന നിലപാടിലാണ് ഇപ്പോള്‍ യു.ജി.സി അധികൃതര്‍. ഇതിനായി ഈ മാസം യു.ജി.സി അധികൃതര്‍ സര്‍വകലാശാലയില്‍ മിന്നല്‍സന്ദര്‍ശനം നടത്തുമെന്ന് വിവരമുണ്ട്. യു.ജി.സി അധികൃതരെ പ്രതീക്ഷിച്ച് വലിയ ഒരുക്കം നടത്തുകയാണ് സര്‍വകലാശാലയില്‍.അധികാര പരിധിക്കു പുറത്ത് കൗണ്‍സലിങ് കേന്ദ്രങ്ങള്‍ തുറന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിദൂര പഠന വിഭാഗത്തിന്‍െറ അംഗീകാരം പിന്‍വലിച്ചത്. യു.ജി.സി അധികൃതരുടെ സന്ദര്‍ശനം കഴിഞ്ഞ് അംഗീകാരം പുന$സ്ഥാപിച്ചാലും ഈ വര്‍ഷത്തെ പ്രവേശനടപടികള്‍ അനിശ്ചിതമായി നീണ്ടേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.