ബ്രഹ്മപുരം നിലയം വാതകാധിഷ്ഠിതമാക്കണമെന്ന ആവശ്യം വീണ്ടും തള്ളി

തിരുവനന്തപുരം:  ബ്രഹ്മപുരം താപനിലയത്തിലെ രണ്ട് ജനറേറ്ററുകള്‍ മാറ്റി വാതാകാധിഷ്ഠിതമാക്കാനുള്ള വൈദ്യുതി ബോര്‍ഡ് നിര്‍ദേശം റെഗുലേറ്ററി കമീഷന്‍ വീണ്ടും തള്ളി. നിലവിലെ ഡീസല്‍ ജനറേറ്ററുകള്‍ മാറ്റാന്‍ 171 കോടിയുടെ പദ്ധതിയാണ് തയാറാക്കിയത്.  ഇതു ലാഭകരമല്ളെന്ന് ചൂണ്ടിക്കാട്ടി നവീകരണത്തിന് കമീഷന്‍ അനുമതി നിഷേധിച്ചിരുന്നു. ഇതു പുന$പരിശോധിക്കണമെന്ന ആവശ്യമാണ് കമീഷന്‍ വീണ്ടും  നിരാകരിച്ചത്.

ഡീസല്‍ നിലയം വാതകാടിസ്ഥാനത്തിലാക്കിയാലും വൈദ്യുതിക്ക് വില  കൂടുതലായിരിക്കുമെന്ന് കമീഷന്‍ വിലയിരുത്തി. ഫിക്സഡ് ചാര്‍ജ് മാത്രം യൂനിറ്റിന് 2.90 രൂപയും വൈദ്യുതി വില 9.53 രൂപയുമടക്കം 12.43 രൂപയായിരിക്കും ഒരു യൂനിറ്റിന് വൈദ്യുതിക്ക് നല്‍കേണ്ടി വരുക. ഇപ്പോള്‍ വളരെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വിപണിയില്‍ ലഭ്യമാണ്.

കേന്ദ്ര പദ്ധതികളില്‍നിന്നുള്ളതിന് യൂനിറ്റിന് 3.50 രൂപയാണ്. ടാറ്റയില്‍നിന്ന് 3.70നും പവര്‍ എക്സ്ചേഞ്ചില്‍നിന്ന് യൂനിറ്റിന് 4.50 രൂപക്കും കിട്ടുന്നുണ്ട്. ശരാശരി 3.50 രൂപയില്‍ താഴെ വിലയ്ക്ക് വൈദ്യുതി ലഭ്യമാണ്. ദക്ഷിണ ഗ്രിഡില്‍ പീക്ക് സമയത്ത് പോലും യൂനിറ്റിന് അഞ്ചുരൂപയില്‍ തഴെയാണ് വിലയെന്നും കമീഷന്‍ പറയുന്നു.
 അതേസമയം, നിലയത്തിലെ വൈദ്യുതി വില സംബന്ധിച്ച കമീഷന്‍ നിലപാടിനോട് ബോര്‍ഡ് യോജിക്കുന്നില്ല. നവീകരണം നടത്തിയാല്‍ യൂനിറ്റിന് 4.95 രൂപ  മാത്രമേ വില വരൂ. കമീഷന്‍ ചൂണ്ടിക്കാണിച്ച 9. 53ന് പകരം വൈദ്യുതി വില  യൂനിറ്റിന് 3.60 രൂപയേ ആകൂ. ഫിക്സഡ് ചാര്‍ജ് യൂനിറ്റിന് 1.35 രൂപയും.

അടുത്ത ആറു വര്‍ഷം വൈദ്യുതി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറവ് പരിഹരിക്കാനാവുമെന്ന് കമീഷന്‍ നിരീക്ഷിച്ചു.  പ്രകൃതി വാതക നീക്കവുമായി ബന്ധപ്പെട്ട കരാറുകളും വിലയില്‍ പ്രതിഫലിക്കുമെന്നും കമീഷന്‍ പറയുന്നു. പെട്രോനെറ്റിന് വളരെ അടുത്താണ് ബ്രഹ്മപുരം നിലയമെന്നും ഗെയില്‍ പൈപ്പ് ലൈനിന് 700 മീറ്റര്‍ മാത്രമേ ദൂരമുള്ളൂവെന്നും ബോര്‍ഡ് അവകാശപ്പെട്ടു. വാതകം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് അധിക ബാധ്യത വരില്ല. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത വര്‍ധിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.