ഓണക്കാലത്തെ മണ്ണെണ്ണവിഹിതം സര്‍ക്കാര്‍ വെട്ടിക്കുറച്ചു

 
തിരുവനന്തപുരം: ഓണക്കാലത്ത് മലയാളികളുടെ വയറ്റത്തടിച്ച് സംസ്ഥാന സര്‍ക്കാര്‍. എ.പി.എല്‍, ബി.പി.എല്‍ കാര്‍ഡുടമകളുടെ മണ്ണെണ്ണവിഹിതം ഒരു ലിറ്ററില്‍ നിന്ന് അരലിറ്ററായി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മിക്ക റേഷന്‍കടകളിലും എ.പി.എല്‍ കാര്‍ഡുടമകള്‍ക്കുള്ള അരിയും ഗോതമ്പും സ്പെഷല്‍ പഞ്ചസാരയും എത്തിയിട്ടില്ല. സമയബന്ധിതമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതടക്കം സപൈ്ളകോയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളാണ് ഈ മാസത്തെ റേഷന്‍ വിതരണം അവതാളത്തിലാക്കിയത്.
ഓണക്കാലത്ത് കൂടുതല്‍ മണ്ണെണ്ണ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ വര്‍ഷംതോറും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. ഇതോടെ കാര്‍ഡുടമകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണ നല്‍കാനുള്ള സ്റ്റോക്ക് മാത്രമാണ് ഈമാസം എത്തിയത്. ഓരോ മൂന്നുമാസത്തേക്കാണ് കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ അനുവദിക്കുന്നത്. തുടര്‍ച്ചയായ രണ്ടുമാസം ഒരു ലിറ്റര്‍ വീതവും തൊട്ടടുത്ത മാസം അരലിറ്ററുമാണ് നല്‍കാറുള്ളത്. ഓണം സെപ്റ്റംബറില്‍ എത്തുമെന്ന് അറിയാമായിരുന്നിട്ടും അടുത്ത മൂന്ന് മാസത്തേക്കുള്ള അലോട്ട്മെന്‍റ് മുന്‍കൂറായി വാങ്ങാനുള്ള ഒരു നടപടിയും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായില്ല.
അവസാനം സംഭവം വിവാദമാകുമെന്ന് കണ്ട് ഭക്ഷ്യ സിവില്‍സപൈ്ളസ് വകുപ്പ് കേന്ദ്രത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അരലിറ്റര്‍ മണ്ണെണ്ണ വീതം നല്‍കാന്‍ സപൈ്ളകോ റേഷന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. എ.പി.എല്‍-ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ഈമാസം നല്‍കേണ്ടിയിരുന്ന സ്പെഷല്‍ പഞ്ചസാരയും ഇതുവരെ എത്തിയിട്ടില്ല. പൊതുവിപണിയില്‍ കിലോക്ക് 40 രൂപയുള്ള പഞ്ചസാരയാണ് റേഷന്‍കടകള്‍ വഴി 13.50 പൈസക്ക് വിതരണം ചെയ്യുന്നത്. പുറത്തുനിന്ന് ഫ്രീസെയിലായി വാങ്ങി വിലകുറച്ച് കൊടുക്കാനായിരുന്നു നേരത്തേ തീരുമാനം. എന്നാല്‍, സമയബന്ധിതമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ പഞ്ചസാരവിതരണവും തകിടംമറിഞ്ഞു.
ഓണക്കാലത്ത് എ.പി.എല്‍ കാര്‍ഡുടമകള്‍ക്കും സബ്സിഡി കാര്‍ഡുടമകള്‍ക്കും ലഭിക്കേണ്ട അരി ശനിയാഴ്ചയോടെയാണ് എല്ലാകടകളിലും എത്തിയത്. അന്ത്യോദയ അന്നയോജന (എ.എ.വൈ) വിഭാഗത്തില്‍പെട്ടവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന 35 കിലോ അരിയും ബി.പി.എല്ലുകാര്‍ക്ക് 25 കിലോ അരിയും എട്ട് കിലോ ഗോതമ്പും ഈമാസം ആദ്യം തന്നെ കടകളില്‍ എത്തിയിരുന്നു.
എന്നാല്‍, ബഹുഭൂരിപക്ഷം റേഷന്‍ വ്യാപാരികളും 20 കിലോയില്‍ കൂടുതല്‍ ഒരു കാര്‍ഡ് ഉടമക്കും നല്‍കിയിട്ടില്ല. അരി എത്തിയില്ളെന്നപേരില്‍ അരിയും ഗോതമ്പും കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുകയാണ്.
കണ്ണൂര്‍, കോഴിക്കോട് ഒഴികെ മറ്റ് ജില്ലകളില്‍ പരമാവധി 20 കിലോ അരിയും മൂന്നുകിലോ ഗോതമ്പുമാണ് ബി.പി.എല്ലുകാര്‍ക്ക് നല്‍കുന്നത്.
എ.പി.എല്ലുകാര്‍ക്ക് ലഭിക്കേണ്ട 10 കിലോ അരിയും രണ്ടുകിലോ ഗോതമ്പിനും പകരം പരമാവധി നാലുകിലോ അരി മാത്രമാണ് തിരുവനന്തപുരത്തെ ചില റേഷന്‍കടകളില്‍ നല്‍കുന്നത്. ഇത്തവണ ബി.പി.എല്‍, എ.എ.വൈ കാര്‍ഡുടമകള്‍ 400 ഗ്രാം എന്ന കണക്കില്‍ ലെവി പഞ്ചാസാര വിതരണം ചെയ്യേണ്ടതാണ്. എന്നാല്‍, ബഹുഭൂരിപക്ഷം റേഷന്‍കടക്കാരും ഒരു കിലോ പഞ്ചസാരയില്‍ കൂടുതല്‍ നല്‍കാറില്ല. 

 കര്‍ശന നടപടി -മന്ത്രി പി. തിലോത്തമന്‍
കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്  നിര്‍ദേശംനല്‍കിയതായി ഭക്ഷ്യ സിവില്‍ സപൈ്ളസ് മന്ത്രി പി. തിലോത്തമന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. രേഖാമൂലം പരാതിതന്നാല്‍  അന്വേഷിക്കും. സംസ്ഥാനത്ത്  വ്യാപക റെയ്ഡ് നടക്കുന്നുണ്ട്. ചില കേന്ദ്രങ്ങളില്‍ ഇനിയും അരിയും പഞ്ചസാരയും ഗോതമ്പും എത്തിക്കാനുണ്ട്. അതിനുള്ള നടപടികള്‍ വരുംദിവസങ്ങളിലുണ്ടാകും കേരളത്തില്‍ മണ്ണെണ്ണ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവായതുകൊണ്ടാണ്  വിഹിതം കുറച്ചതെന്നും മന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.