നിരപരാധിത്വം തെളിയിക്കാന്‍ മരുന്ന് കഴിച്ച് അബോധാവസ്ഥയിലായ ഡോക്ടര്‍ മരിച്ചു

മൂവാറ്റുപുഴ: വിഷം കലര്‍ന്ന മരുന്ന് രോഗിക്ക് നല്‍കിയെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ മരുന്ന് സ്വയം കുടിച്ച് ശരീരം തളര്‍ന്ന ആയുര്‍വേദ ഡോക്ടര്‍ ഒമ്പത് വര്‍ഷത്തോളം അബോധാവസ്ഥയില്‍ കഴിഞ്ഞശേഷം മരണത്തിന് കീഴടങ്ങി. മൂവാറ്റുപുഴ പായിപ്ര പണ്ടിരിയില്‍ പുത്തന്‍പുര അയ്യപ്പന്‍െറയും ലീലയുടെയും മകന്‍ ഡോ. പി.എ. ബൈജുവാണ് (45) തിങ്കളാഴ്ച പുലര്‍ച്ചെ 4.30ഓടെ മരിച്ചത്. ബൈജുവിന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകുന്നേരം ഏഴോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

2007 ജനുവരി 24നാണ് ഡോ. ബൈജുവിന്‍െറ ജിവിതം ഇരുട്ടിലായത്. ഇടുക്കി ബൈസണ്‍വാലി ആയുര്‍വേദ ആശുപത്രിയില്‍ ജോലി ചെയ്യവെ സന്ധിവാതത്തിന് ചികത്സതേടിയത്തെിയ ബൈസണ്‍വാലി കാര്യാംകുന്നേല്‍ ശാന്തക്ക് ബൈജു ‘രസനപഞ്ചകം’ എന്ന മരുന്ന് കുറിച്ചുകൊടുത്തു. രണ്ടുദിവസത്തിന് ശേഷം, മരുന്ന് കഴിച്ച് ശാന്ത കുഴഞ്ഞുവീണെന്ന് കുറ്റപ്പെടുത്തി ബന്ധുക്കള്‍ ഡോക്ടറെ സമീപിച്ചു. സത്യസന്ധനായ ഡോക്ടര്‍ വിശ്വാസ്യത തെളിയിക്കാന്‍ അവര്‍ കൊണ്ടുവന്ന മരുന്ന് വാങ്ങി കഴിച്ചു കാണിക്കുകയായിരുന്നു. എന്നാല്‍, മരുന്നു കഴിച്ച ഡോക്ടര്‍ ഉടന്‍ വിറയലോടെ കുഴഞ്ഞുവീണു. മരുന്ന് കുടിച്ച് തളര്‍ന്നുവീണ ബൈജുവിനെ വിവിധ ആശുപത്രികളില്‍ ചികത്സിച്ചെങ്കിലും ഫലമുണ്ടായില്ല.

ബൈജു പിന്നീട് സംസാരിച്ചിട്ടേയില്ല. ശരീരത്തിന്‍െറ ചലനശേഷി പൂര്‍ണമായി നഷ്ടപ്പെട്ടതിന് പുറമെ മരുന്നുകളോട് ശരീരം പ്രതികരിച്ചതുമില്ല. അതേസമയം, കുഴഞ്ഞുവീണ ശാന്ത കുറച്ചുദിവസത്തെ ചികത്സയിലൂടെ രക്ഷപ്പെട്ടു. ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷത്തിന്‍െറ സാന്നിധ്യമാണ് ബൈജുവിന്‍െറ അവസ്ഥക്ക് കാരണമെന്ന് പിന്നീട് തെളിഞ്ഞു. കഷായത്തില്‍ വിഷം കലര്‍ത്തിയതിന് ശാന്തയുടെ ഭര്‍ത്താവ് രാജപ്പന്‍ അറസ്റ്റിലുമായി. കുടുംബ കലഹത്തത്തെുടര്‍ന്ന് ഇയാള്‍ മരുന്നില്‍ വിഷം കലര്‍ത്തിയെന്നാണ് പൊലീസ് കണ്ടത്തെിയത്.

കൂലിപ്പണിക്കാരായിരുന്ന പണ്ടിരിയില്‍ പുത്തന്‍പുര അയ്യപ്പന്‍െറയും ലീലയുടെയും മൂത്ത മകനായിരുന്നു ബൈജു. മൂവാറ്റുപുഴ ശിവന്‍കുന്ന് ഹൈസ്കൂളിലും നിര്‍മല കോളജിലുമായി ഉയര്‍ന്ന മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കിയശേഷം തൃപ്പൂണിത്തുറ ആയുര്‍വേദ കോളജില്‍ ചേര്‍ന്നു. പെരിയാരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ജോലി. വൈകാതെ സര്‍ക്കാര്‍ ജോലി ലഭിച്ചു. ഇടുക്കി ബൈസണ്‍വാലി ആശുപത്രിയിലായിരുന്നു ആദ്യ നിയമനം. ജോലികിട്ടി ഒമ്പതുമാസം പിന്നിടുമ്പോഴായിരുന്നു ഡോ. ബൈജുവിനെ ദുര്‍വിധി തേടിയത്തെിയത്. വിവരമറിഞ്ഞ് രാജാക്കാട് പൊലീസ് സ്ഥലത്തത്തെി പരിശോധന നടത്തി.
ഡോ. ഷിന്‍സിയാണ് ഭാര്യ. മക്കള്‍: വിഷ്ണു, വൈഷ്ണവി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.