ശബരിമലയിലെ തൊഴില്‍ തര്‍ക്കം: കലക്ടറുടെ ചര്‍ച്ചയിലും പരിഹാരമില്ല

പത്തനംതിട്ട: ശബരിമലയിലെ തൊഴില്‍തര്‍ക്കത്തിനു കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും പരിഹാരമായില്ല. നേരത്തേ ജില്ലാ ലേബര്‍ ഓഫിസര്‍ വിളിച്ച യോഗ തീരുമാനമനുസരിച്ച് രണ്ടു തൊഴിലാളികള്‍ക്കും കൂടി 300 രൂപ നല്‍കാന്‍ കഴിയില്ളെന്ന് ട്രാക്ടര്‍ ഉടമകള്‍ അറിയിച്ചതോടെയാണു ചര്‍ച്ച അലസിയത്.  300 രൂപ കൂലി നല്‍കാന്‍ തയാറാകുന്ന ട്രാക്ടറുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുമെന്ന് കലക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു.

ലേബര്‍ ഓഫിസറുമായി നടന്ന ചര്‍ച്ചയില്‍ 300 രൂപ എന്ന തീരുമാനമെടുത്തത് തങ്ങളുടെ അംഗീകാരം ഇല്ലാതെയാണെന്ന് ട്രാക്ടര്‍ ഉടമകളുടെ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പമ്പയിലോ സന്നിധാനത്തോ പണിമുടക്കും ജോലി തടസ്സവും ഉണ്ടാക്കില്ളെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. ട്രാക്ടറൊന്നിന് പമ്പ-സന്നിധാനം യാത്രക്ക് 1200 രൂപയാണ് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച തുകയെന്ന് കലക്ടര്‍ പറഞ്ഞു. ഇതില്‍ 300 രൂപ രണ്ടു തൊഴിലാളികള്‍ക്കും കൂടി നല്‍കണം. 150 രൂപ വീതം കരാറുകാരന്‍െറ തൊഴിലാളിക്കും ട്രേഡ് യൂനിയന്‍ തൊഴിലാളിക്കും വീതിച്ചു നല്‍കണം എന്നാണ് ലേബര്‍ ഓഫിസറുമായി മുമ്പുണ്ടാക്കിയ ധാരണ. ഇത് ട്രാക്ടര്‍ ഉടമകളും കൂടി പങ്കെടുത്ത യോഗത്തില്‍ നിശ്ചയിച്ചതാണെന്നും  പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കലക്ടര്‍ അറിയിച്ചു.

എന്നാല്‍, ഭൂരിപക്ഷം ട്രാക്ടറുകള്‍ക്കും കൂലിയായി 900 രൂപയാണ് കിട്ടുന്നതെന്ന് ഉടമകള്‍ക്കുവേണ്ടി എത്തിയ അസോസിയേഷന്‍ പ്രസിഡന്‍റ് ശശികുമാര്‍ പറഞ്ഞു. ഇതില്‍ 300 രൂപ കൂലിയായി നല്‍കാന്‍ കഴിയില്ല. 250 രൂപയാണ് നല്‍കി വരുന്നത്.  ലേബര്‍ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ 300 രൂപ എന്ന ധാരണ വന്നത് എങ്ങനെയാണെന്നറിയില്ല. അന്നത്തെ യോഗത്തില്‍ ട്രാക്ടര്‍ ഉടമകള്‍ക്ക് വേണ്ടി പങ്കെടുത്തത് ഒൗദ്യോഗികമായി ചുമതലപ്പെടുത്തിയവരല്ല. ഹാജര്‍ പുസ്തകത്തില്‍ എന്ന പേരില്‍ അവരെക്കൊണ്ട് ഒപ്പിടീച്ച് തീരുമാനം അംഗീകരിച്ചു എന്ന് വരുത്തി തീര്‍ക്കുകയായിരുന്നെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. ചര്‍ച്ചയില്‍ രാജു എബ്രഹാം എം.എല്‍.എയും പങ്കെടുത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍െറ നിര്‍ദേശപ്രകാരമാണ് കലക്ടര്‍ യോഗം വിളിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.