തിരുവനന്തപുരം: കാവേരി നദീജലപ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് മലയാളികള്‍ക്കുണ്ടായ യാത്രാദുരിതം തുടരുന്നു. ഓണം അവധിക്ക് ബംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് ദുരിതയാത്ര നടത്തേണ്ടിവന്ന മലയാളിയുടെ മടക്കയാത്രയും ദുരിതത്തില്‍ തന്നെ. റോഡ് ഗതാഗതം താറുമാറായതോടെ റെയില്‍വേ ചൊവ്വാഴ്ച രണ്ട് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചിരുന്നു. ഇവ ബുധനാഴ്ച തന്നെ മടങ്ങി. ഇതോടെ മടക്കയാത്രക്കായുള്ള പരക്കംപാച്ചിലിലാണ് യാത്രക്കാര്‍. കന്യാകുമാരിയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ഐലന്‍റ് എക്സ്പ്രസിലും കൊച്ചുവേളി-ബാംഗ്ളൂര്‍ എക്സ്പ്രസിലും റിസര്‍വേഷന്‍ ലഭ്യമല്ല. ഈ വണ്ടികളില്‍ തിരക്ക് നിയന്ത്രണാതീതമാണ്. ജനറല്‍ കമ്പാര്‍ട്ട്മെന്‍റുകളില്‍ പോലും തിരക്ക് രൂക്ഷമായിട്ടും ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാനോ അധിക കോച്ച് അനുവദിക്കാനോ റെയില്‍വേ അധികൃതര്‍ തയാറായിട്ടില്ളെന്ന് യാത്രക്കാര്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വിസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. അതേസമയം, സ്വകാര്യ സര്‍വിസുകള്‍ യാത്രക്കാരുടെ ദുരിതം വിറ്റ് കൊള്ളലാഭം കൊയ്യുകയാണെന്ന ആക്ഷേപം ശക്തമാണ്. തിരുവനന്തപുരം-ബംഗളൂരു റൂട്ടില്‍ യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് സ്വകാര്യബസുകള്‍ കൂടുതല്‍ സര്‍വിസ് നടത്തുന്നുണ്ട്. 3,000 രൂപ വരെയാണ് ഇവര്‍ ഈടാക്കുന്നത്. വൈകി യാത്രതിരിച്ച് നേരത്തെ ബംഗളൂരുവില്‍ എത്തിച്ചേരുമെന്ന് അവകാശപ്പെടുന്ന മള്‍ട്ടി ആക്സില്‍ ബസുകള്‍ 3,500 മുതല്‍ 4,000 രൂപ വരെയാണ് ഈടാക്കുന്നത്. തലസ്ഥാനത്തുനിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കാരുടെ അവസ്ഥയും പരിതാപകരമാണ്. ഈ റൂട്ടിലും സ്വകാര്യ ബസുകള്‍ അമിതചാര്‍ജ് ഈടാക്കുന്നതായി യാത്രക്കാര്‍ പരിതപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.