സുന്നിവേദിയില്‍ കുമ്പസരിച്ച് എം.കെ. മുനീര്‍ Video

കോഴിക്കോട്: തീവ്ര ഹിന്ദുത്വ സംഘടനയായ ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് ഗണേശോത്സവം ഉദ്ഘാടനം ചെയ്ത നടപടിക്കെതിരെ മുസ്ലിം ലീഗിലും സമസ്തയിലും കത്തിനിന്ന പ്രതിഷേധത്തിനിടെ സുന്നിവേദിയില്‍ എം.കെ. മുനീര്‍ എം.എല്‍.എയുടെ കുമ്പസാരം. സമസ്തയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് സംഘടിപ്പിച്ച പാറന്നൂര്‍ ഉസ്താദ് പ്രതിഭാ സമര്‍പ്പണ വേദിയിലാണ് മുനീര്‍ കുറ്റസമ്മതവും ഏറ്റുപറച്ചിലും നടത്തിയത്. ചടങ്ങില്‍ ആശംസകനായിട്ടാണ് അദ്ദേഹം പങ്കെടുത്തത്.

സമൂഹത്തില്‍ നേര്‍വഴി തെളിക്കുന്ന പ്രസ്ഥാനമായ സമസ്തക്ക് തന്നെ ശാസിക്കാന്‍ അവകാശമുണ്ടെന്നും അത് അനുസരിക്കാന്‍ ഈയുള്ളവന്‍ ബാധ്യസ്ഥനാണെന്നും പറഞ്ഞാണ് മുനീര്‍ വിവാദവിഷയത്തിലേക്ക് വന്നത്. എല്ലാ ശാസനകളെയും ഉള്‍ക്കൊള്ളാന്‍ ഈ വിനീതന്‍ തയാറാണ്. നേതൃത്വത്തിന്‍െറ നിര്‍ദേശങ്ങളെല്ലാം ശിരസ്സാവഹിക്കാന്‍ ബാധ്യസ്ഥനുമാണ്. നമ്മുടെയെല്ലാം തെറ്റുകള്‍ പൊറുത്ത് മാപ്പാക്കിത്തരാന്‍ സര്‍വശക്തന്‍ തുണക്കട്ടെ. അങ്ങനെ പിഴവില്ലാതെ സൂക്ഷ്മതയോടെ ജീവിച്ച് പരലോകമോക്ഷം നേടാന്‍ പ്രാര്‍ഥിക്കണമെന്ന് അപേക്ഷിച്ചാണ് മുനീര്‍ അവസാനിപ്പിച്ചത്. എന്നും സമസ്തയുടെ വാക്കുകള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവാന്‍ താന്‍ തയാറാണെന്നും മുനീര്‍ പറഞ്ഞു.

ശിവസേനയുടെ  ഗണേശോത്സവവും വിഗ്രഹ പ്രതിഷ്ഠയും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത മുനീറിന്‍െറ നടപടി മുസ്ലിം സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സമസ്ത നേതാക്കള്‍ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. പരിപാടിയുടെ  ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും നടത്തിയ സമസ്ത ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുനീറിനെ പരോക്ഷമായി വിമര്‍ശിച്ചാണ് സംസാരിച്ചത്. ചിലയാളുകള്‍ പുരസ്കാരങ്ങളും പരിപാടികളും സമ്മര്‍ദം ചെലുത്തി ചോദിച്ചുവാങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വാഗതം പറഞ്ഞ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് ഒ.പി. അഷ്റഫിന്‍െറ സ്വരവും മുനീറിനെ വിമര്‍ശിക്കുന്നതായിരുന്നു. ശിവസേന, ആര്‍.എസ്.എസ്, എന്‍.ഡി.എഫ് തുടങ്ങിയ സംഘടനകളുമായി ഒരുതരത്തിലുള്ള സഹകരണവും അരുതെന്നതാണ് സമസ്തയുടെ നിലപാട്. എന്നാല്‍, ചില വ്യക്തികളും നേതാക്കളും അത് ലംഘിക്കുന്നുണ്ട്. ഇവര്‍ നേര്‍വഴിയില്‍ വരണമെന്നും അഷ്റഫ് പറഞ്ഞു.

മുനീറിനെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് എസ്.കെ.എസ്.എസ്.എഫില്‍ കടുത്ത ഭിന്നത ഉയര്‍ത്തിയിരുന്നു. നഗരത്തിലെ എം.എല്‍.എമാരായ മുനീറിനെയും പ്രദീപ്കുമാറിനെയും അതിഥികളായി നേരത്തേ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, മുനീര്‍ വിവാദത്തില്‍പെട്ടതോടെ അദ്ദേഹത്തെ പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. എന്നാല്‍, തന്നെ പങ്കെടുപ്പിക്കാനായി മുനീര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളില്‍ സമ്മര്‍ദം ചെലുത്തി. മുനീര്‍ തന്‍െറ നടപടിയില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തെ ഹൈദരലി തങ്ങള്‍ അറിയിക്കുകയായിരുന്നു.

ഇതിനിടെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വവും മുനീറിന്‍െറ നടപടിക്കെതിരെ പാര്‍ട്ടി പ്രസിഡന്‍റ് ഹൈദരലി തങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.  തീവ്ര ഹിന്ദുത്വ സംഘടനയായ ശിവസേനക്ക് മാന്യത നല്‍കാന്‍ മുനീര്‍ ശ്രമിച്ചുവെന്നതാണ് ജില്ലാ കമ്മിറ്റിയുടെ പരാതി.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.