മെഡിക്കല്‍, ഡെന്‍റല്‍ സ്പോട്ട് അലോട്ട്മെന്‍റ്: മുഴുവന്‍ കോളജുകളും ഇന്ന് പ്രവര്‍ത്തിക്കണം

തിരുവനന്തപുരം: സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളിലെ ഒഴിവുള്ള സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശപരീക്ഷാ കമീഷണറുടെ സ്പോട്ട് അലോട്ട്മെന്‍റ് പൂര്‍ത്തിയായി.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന അലോട്ട്മെന്‍റില്‍ എം.ബി.ബി.എസിന് ഒഴിവുള്ള 78 സീറ്റുകളും നികത്തിയതായി പ്രവേശ പരീക്ഷാ കമീഷണര്‍ ബി.എസ്. മാവോജി അറിയിച്ചു. ഇതില്‍ എട്ട് സീറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേതും 70 സീറ്റ് സ്വാശ്രയ കോളജുകളിലേതുമാണ്. സര്‍ക്കാര്‍ കോളജുകളിലെ എട്ട് സീറ്റില്‍ നാലെണ്ണം ജനറല്‍ മെറിറ്റിലേതും നാലെണ്ണം സംവരണ സീറ്റുകളുമാണ്. സ്വാശ്രയ കോളജുകളിലെ 70 സീറ്റില്‍ 40 എണ്ണം ജനറല്‍ മെറിറ്റിലും 30 എണ്ണം വിവിധ സംവരണ സീറ്റുകളുമാണ്.
ബി.ഡി.എസില്‍ ആകെ ഒഴിവുണ്ടായിരുന്നത് 219 സീറ്റാണ്. ഇതില്‍ 17 എണ്ണം സര്‍ക്കാര്‍ കോളജുകളിലും 202 എണ്ണം സ്വാശ്രയ കോളജുകളിലുമാണ്. ബി.ഡി.എസ് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്‍റ് രാത്രി വൈകിയും തുടരുകയാണ്. സര്‍ക്കാര്‍ ഡെന്‍റല്‍ കോളജുകളിലെ ഒഴിവുള്ള 17 സീറ്റില്‍ 11 എണ്ണം ജനറല്‍ മെറിറ്റിലും ആറെണ്ണം സംവരണ സീറ്റുകളുമാണ്. 202 സ്വാശ്രയ ഡെന്‍റല്‍ സീറ്റുകളില്‍ 96 എണ്ണം ജനറല്‍ മെറിറ്റിലേതും 106 എണ്ണം വിവിധ സംവരണ സീറ്റുകളുമാണ്.
അലോട്ട്മെന്‍റ് ലഭിച്ച വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചിനകം പുതിയ കോളജില്‍/ കോഴ്സില്‍ പ്രവേശംനേടണം. നിലവില്‍ പ്രവേശംനേടിയ വിദ്യാര്‍ഥികള്‍ കോളജുകളില്‍നിന്ന് ടി.സിയും അനുബന്ധ രേഖകളും വാങ്ങിയായിരിക്കണം പ്രവേശം നേടേണ്ടത്.
വിദ്യാര്‍ഥികള്‍ക്ക് ടി.സിയും രേഖകളും ലഭ്യമാക്കാനായി മുഴുവന്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, സ്വാശ്രയ മെഡിക്കല്‍-ഡെന്‍റല്‍ കോളജുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും പ്രവേശപരീക്ഷാ കമീഷണറും നിര്‍ദേശം നല്‍കി.
ടി.സിയും അനുബന്ധരേഖകളും ഫീസ് തിരികെ ലഭിക്കേണ്ടവര്‍ക്ക് അതും സമയബന്ധിതമായി ലഭ്യമാക്കണമെന്ന് പ്രവേശപരീക്ഷാ കമീഷണര്‍ നിര്‍ദേശിച്ചു. ശനിയാഴ്ച അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച വൈകീട്ട് തന്നെ ടി.സി ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം പുതിയ കോളജില്‍ പ്രവേശംനേടണമെന്ന നിര്‍ദേശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ‘മാധ്യമം‘ ശനിയാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഒരുദിവസം കൊണ്ട് നിലവിലെ കോളജില്‍നിന്ന് ടി.സി വാങ്ങി പുതിയ കോളജില്‍ പ്രവേശം നേടണമെന്ന നിര്‍ദേശം പ്രായോഗികമല്ളെന്ന് സ്പോട്ട് അലോട്ട്മെന്‍റിനത്തെിയവരും അധികൃതരെ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.