ശുചിത്വഭാരതത്തിനായി മൂന്നിന കര്‍മപദ്ധതികള്‍ നടപ്പാക്കും –വെങ്കയ്യ നായിഡു

കോഴിക്കോട്: സ്വച്ഛ്ഭാരത് പദ്ധതിയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി ദേശീയതലത്തില്‍ നടത്തുന്ന ‘സ്വച്ഛ്ഭാരത് വാര’ത്തിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ തുടക്കമായി. സ്വച്ഛ്ഭാരത് വാരത്തിന്‍െറ ദേശീയതല ഉദ്ഘാടനം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യ നായിഡു നിര്‍വഹിച്ചു. മൂന്നിന കര്‍മപദ്ധതിയിലൂടെ രാജ്യത്ത് സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 ബോധവത്കരണം, ശുചീകരണം, തുടര്‍നിര്‍വഹണം എന്നിവയിലൂടെയാണ് സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കുക. വ്യക്തി ശുചിത്വവും പരിസരശുചിത്വവും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. പ്രായവ്യത്യാസമില്ലാതെ ശുചിത്വ യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെയും പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെയും സ്വപ്നമായിരുന്നു സമ്പൂര്‍ണ ശുചിത്വ ഭാരതം. വീടുകളില്‍ ശൗചാലയങ്ങള്‍ വേണമെന്ന നിര്‍ബന്ധം ഇപ്പോള്‍ എല്ലാവരിലും വന്നുതുടങ്ങി. സ്ത്രീകള്‍ അതിനായി പോരാട്ടത്തിനിറങ്ങുന്നത് നല്ലസൂചനയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാരതീയ പാരമ്പര്യത്തിന്‍െറ അടിസ്ഥാനമാണ് ശുചിത്വമെന്നും ശുചീകരണയജ്ഞത്തില്‍ പങ്കാളികളാകേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. രോഗനിര്‍മാര്‍ജനത്തിനായി ഓപണ്‍ ഡെഫെക്കേഷന്‍ ഫ്രീ രാജ്യത്ത് യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമര്‍, റെയില്‍വേ സഹമന്ത്രിയായ രാജേന്‍ ഗോഹൈന്‍, കേന്ദ്രമന്ത്രി മനോജ് സിന്‍ഹ, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹരി, പാലക്കാട് ഡി.ആര്‍.എം നരേഷ് ലാല്‍വാനി, ശുചിത്വ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. വാസുകി, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ഉദ്ഘാടനത്തിനുശേഷം കേന്ദ്രമന്ത്രിമാര്‍ റെയില്‍വേ സ്റ്റേഷനിലെ സൗകര്യങ്ങള്‍ വിലയിരുത്തി. ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരുമായി സംസാരിച്ചു. പഴയ ആവി എന്‍ജിനും വി.ഐ.പി ലോഞ്ചും സന്ദര്‍ശിച്ചു. വാരാചരണത്തിന്‍െറ ഭാഗമായി മന്ത്രിമാര്‍ വൃക്ഷത്തൈകള്‍ നട്ടു.
സ്വച്ഛ്ഭാരത് പദ്ധതിയുടെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ കേന്ദ്ര ശുചിത്വ മന്ത്രാലയവും നഗരവികസന മന്ത്രാലയവും റെയില്‍വേ മന്ത്രാലയവും ചേര്‍ന്നാണ് ദീന്‍ദയാല്‍ ഉപാധ്യായ ജയന്തിദിനമായ സെപ്റ്റംബര്‍ 25 മുതല്‍ ഗാന്ധിജയന്തി ദിനം വരെ സ്വച്ഛ്ഭാരത് വാരം ആചരിക്കുന്നത്.
ഈ ദിവസങ്ങളില്‍ രാജ്യത്തുടനീളം ബോധവത്കരണ പരിപാടികള്‍ നടത്തും. ഇരിങ്ങല്‍ സര്‍ഗാലയയിലെ കലാകാരന്മാരുടെ ബോധവത്കരണ നാടകം റെയില്‍വേ സ്റ്റേഷനില്‍ നടന്നു. എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്, പി.ആര്‍.ടി.സി, ജില്ലാ ശുചിത്വ മിഷന്‍ എന്നിവര്‍ ശുചീകരണ യത്നത്തില്‍ പങ്കാളികളായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.