ബാബുവിനെതിരായ തെളിവുകള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് വിജിലന്‍സ് ഡയറക്ടര്‍

കോട്ടയം: ബാര്‍ കോഴ, അവിഹിത സ്വത്ത് സമ്പാദനക്കേസുകളില്‍ മുന്‍ മന്ത്രി കെ. ബാബുവിനെതിരെ വിജിലന്‍സ് നടത്തുന്ന അന്വേഷണ വിവരങ്ങളും ലഭിച്ച തെളിവുകളും കൃത്യസമയത്ത് കോടതിയില്‍ ഹാജരാക്കുമെന്ന് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരങ്ങളും തെളിവുകളും എന്തൊക്കെയാണെന്ന് മറ്റാരെയെങ്കിലും ബോധ്യപ്പെടുത്തേണ്ട ബാധ്യതയോ ഉത്തരവാദിത്തമോ വിജിലന്‍സിനില്ളെന്നും ജേക്കബ് തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.ബാബുവിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ളെന്നും സര്‍ക്കാര്‍ വിജിലന്‍സിനെ ഉപയോഗിച്ചു പകപോക്കല്‍ നടത്തുകയാണെന്നുമുള്ള കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാബുവിനെതിരായ അന്വേഷണം സുതാര്യമാണ്. ആരുടെയും ഇടപെടല്‍ ഇല്ല. വ്യക്തമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതും മുമ്പോട്ടു പോകുന്നതും.  ഇതുവരെ നടത്തിയ അന്വേഷണത്തില്‍ മതിയായ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. അവയുടെ വിവിധതലങ്ങളിലുള്ള പരിശോധനകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സ്വത്ത് വിവരം സംബന്ധിച്ചും വരുമാനസ്രോതസ്സുകളെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതി. അതിനുള്ള തയാറെടുപ്പിലാണ് വിജിലന്‍സ്. ബാബുവിനെതിരെ തെളിവുണ്ടോയെന്ന് അപ്പോള്‍ ബോധ്യമാകും. അത് മുന്‍കൂട്ടി പറയേണ്ട കാര്യമില്ല.നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ വിജിലന്‍സിനെതിരെ ഇനിയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നേക്കാം. ഇവക്കൊന്നും മറുപടി നല്‍കാനുള്ള ബാധ്യത തങ്ങള്‍ക്കില്ല. കോടതിയോടാണ് വിജിലന്‍സിന് ഉത്തരവാദിത്തം. അന്വേഷണം നടക്കുന്നതും കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ്. അത് ആവശ്യമായ സമയത്ത് കോടതിക്ക് നല്‍കും -അദ്ദേഹം പറഞ്ഞു.

മാണി അനുവദിച്ചില്ലെങ്കില്‍ എനിക്ക് വീട്ടില്‍ പോകേണ്ടേ –ജേക്കബ് തോമസ്
കോട്ടയം: കെ.എം. മാണിയുടെ അനുമതി ഇല്ലാതെ പാലാ വഴി ഈരാറ്റുപേട്ട തീക്കോയിലെ തന്‍െറ വീട്ടിലേക്ക് ഇനി എങ്ങനെ പോകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്. പാലായില്‍ പ്രവേശിക്കണമെങ്കിലും കെ.എം. മാണിയുടെ അനുമതി മുന്‍കൂര്‍ വാങ്ങേണ്ടിവരുമോയെന്ന് അദ്ദേഹം ചോദിച്ചു. മാണിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാലാ സെന്‍റ് തോമസ് കോളജില്‍ താന്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ട ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി അനുസ്മരണ സമ്മേളനവും അവാര്‍ഡ് വിതരണവും മാറ്റിവെച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജേക്കബ് തോമസ്. മാണിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ചടങ്ങ് മാറ്റുന്നതെന്ന് സംഘാടകര്‍ തന്നെ അറിയിച്ചിരുന്നു. ഇത്തരം നടപടികളോട് യോജിക്കാനാവില്ല. ഇങ്ങനെ പോയാല്‍ മാണിയുടെ അനുമതി ഇല്ലാതെ പാലാ വഴി യാത്ര ചെയ്യാനാവില്ലല്ളോയെന്നും അദ്ദേഹം പരിഹസിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.