കോഴിക്കോടും തൃശൂരും ഇനി വൈ-ഫൈ റെയില്‍വേ സ്റ്റേഷന്‍

കോഴിക്കോട്: ഇനി കോഴിക്കോട്, തൃശൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ആസ്വദിക്കാം. നിലവില്‍ വൈ-ഫൈ ഇന്‍റര്‍നെറ്റ് സൗകര്യമുള്ള എറണാകുളം ജങ്ഷന്‍ (സൗത്) റെയില്‍വേ സ്റ്റേഷനാണ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച മുതല്‍ വൈ-ഫൈ സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി തുടങ്ങിയിരുന്നു. സംസ്ഥാനത്തെ റെയില്‍വേയുടെ ആറു പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പം തിങ്കളാഴ്ചയാണ് കോഴിക്കാട്  വിഡിയോ കോണ്‍ഫറന്‍സ് വഴി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു തൃശൂര്‍ സ്റ്റേഷനിലെ വൈ-ഫൈ സംവിധാനം ഉദ്ഘാടനം ചെയ്തത്. കോഴിക്കോട്ടും ഞായറാഴ്ച മുതല്‍ വൈ-ഫൈ ലഭ്യമായെന്ന് മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.
 ഗൂഗ്ളുമായി സഹകരിച്ച് റെയില്‍ ടെല്‍ കോര്‍പറേഷനാണ് സന്ദര്‍ശകര്‍ക്കും റെയില്‍ ഉപഭോക്താക്കള്‍ക്കും ഉയര്‍ന്ന വേഗതയും ഉന്നത നിലവാരത്തിലുള്ള ഇന്‍റര്‍നെറ്റ് വൈ-ഫൈ സൗകര്യം നടപ്പാക്കിയത്. ഡിസംബറോടെ കൊല്ലം ജങ്ഷന്‍, തിരുവനന്തപുരം എന്നീ റെയില്‍വേ സ്റ്റേഷനുകളിലും വൈ-ഫൈ ഏര്‍പ്പെടുത്തും. പ്ളാറ്റ്ഫോമിലത്തെി ഫോണില്‍ വൈ-ഫൈ ഓണാക്കിയശേഷം ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്യണം. തുടര്‍ന്ന് ലഭിക്കുന്ന ഒ.ടി.പി.കോഡ് ടൈപ്പ് ചെയ്താല്‍ വൈ-ഫൈ ഉപയോഗിക്കാം.  സൗജന്യമായി ലഭ്യമാക്കുന്ന വൈ-ഫൈ വഴി ആദ്യം ഒരുമണിക്കൂറില്‍ മുഴുവന്‍ വേഗത്തിലും തുടര്‍ന്ന് നിയന്ത്രിത വേഗത്തിലുമായിരിക്കും ഇന്‍റര്‍നെറ്റ് ലഭ്യമാക്കുക. റെയില്‍ ടെല്ലിന്‍െറ ‘റെയില്‍ വയര്‍’ എന്ന ബ്രോഡ്ബാന്‍ഡാണ് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത്.
കേരളത്തിലെ തിരക്കേറിയ രണ്ടു സ്റ്റേഷനുകളാണ് തൃശൂരും കോഴിക്കോടും. പ്രതിദിനം ഏതാണ്ട് 20000ത്തിലധികം യാത്രക്കാര്‍ വന്നുപോകുന്നുണ്ടെന്നാണ് കണക്ക്. അതിനാല്‍ തന്നെ ഇടതടവില്ലാതെ സുഗമമായി വൈ-ഫൈ നെറ്റ്വര്‍ക്ക് ലഭ്യമാക്കാന്‍ 20ലധികം ആക്സ്സ് പോയന്‍റുകളും സ്ഥാപിച്ചിട്ടുണ്ട്. എ1, എ വിഭാഗത്തില്‍ ഉള്‍പെട്ടിരിക്കുന്ന സ്റ്റേഷനുകളിലാണ് വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ഇന്ത്യയില്‍ 30 സ്റ്റേഷനുകളില്‍ ഇപ്പോള്‍ വൈ-ഫൈ ലഭിക്കുന്നുണ്ട്. 20 സ്റ്റേഷനുകളില്‍കൂടി വൈകാതെ വൈ-ഫൈ സംവിധാനം നിലവില്‍വരും. പരീക്ഷണാടിസ്ഥാനത്തിലാണ് കോഴിക്കോട് വൈ-ഫൈ ലഭ്യമാക്കിയിരിക്കുന്നതെങ്കിലും സേവനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് സ്റ്റേഷനിലെ നാലു പ്ളാറ്റ്ഫോമുകളിലും സൗജന്യ ഇന്‍റര്‍നെറ്റ് സൗജന്യം ഇനി മുതല്‍ ലഭിക്കുമെന്ന് സ്റ്റേഷന്‍ മാനേജര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.