സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി; തെരുവിലെ ഭാഷയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് നിയമസഭയില്‍ ചൂടേറിയ രംഗങ്ങൾ അരങ്ങേറി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിഹാസത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെക്കുകയും പിന്നീട് സഭ ഇന്നത്തേക്ക് പിരിയുകയുമായിരുന്നു.

തന്നെ കരിങ്കൊടി കാട്ടിയത് യൂത്ത് കോണ്‍ഗ്രസുകാരല്ല ചാനലുകാര്‍ വാടകക്കെടുത്തവരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശം. ഗതാഗതം തടയുകയും വഴിയാത്രക്കാർക്കും പൊലീസിനുംനേരെ കയ്യേറ്റമുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് ലാത്തിചാർജ് നടത്തിയത് സമരക്കാരാണ് അക്രമം നടത്തിയത്. ചുവന്ന മഷി ഷർട്ടിൽ പുരട്ടി തന്നെ പൊലീസുകാർ ആക്രമിച്ചു എന്നു പറയുകയാണ് സമരക്കാർ. ചുവന്ന മഷി ഷർട്ടിൽ പുരട്ടി അക്രമിച്ചുവെന്നു വരുത്താനാണ് യൂത്ത് കോൺഗ്രസ് ശ്രമം. സർക്കാർ ചർച്ച തുടങ്ങിയതിനാൽ യൂത്ത് കോൺഗ്രസ് സമരം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയില്‍ വരുന്നത് കാമറയില്‍ കാണാനാണ്. തനിക്ക് പറയാനുള്ളത് ബഹളം വച്ചാലും പറയുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്വാശ്രയകരാറിൽനിന്ന് പിന്നോട്ടുപോകില്ല. ആവശ്യമെങ്കിൽ സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം ചെയ്യുന്ന യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ ലാത്തിചാർജ് ചെയ്തതിനെക്കുറിച്ച് ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രകോപിതരായ പ്രതിപക്ഷം  പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

തെരുവിലും പാര്‍ട്ടി കമ്മിറ്റിയിലും സംസാരിക്കുന്ന ഭാഷയാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഇത്രയും തരംതാഴാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും രമേശ് ചെന്നിത്തല സ്പീക്കറോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സഭാനടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെയുണ്ടായ പൊലീസ് അക്രമം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പിൽ എം.എൽ.എയാണ് അടിയന്തരപ്രമേയത്തിന്  അനുമതി തേടിയത്. പൊലീസ് അക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ ഇന്ന് രാവിലെ സഭയിലെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.