ഓയൂർ: ‘എന്റെ അനിയത്തിയെ പിടിച്ചോണ്ടുപോയേ’ -കുഞ്ഞു ജോനാഥന്റെ നിലവിളിക്കൊപ്പം നാടൊന്നാകെ ഉണർന്നു, പിന്നെ അക്ഷരാർഥത്തിൽ ഒരുപോള കണ്ണടച്ചില്ല. ഓയൂർ കാറ്റാടി ഓട്ടുമല റെജിഭവൻ എന്ന ആ വീടിന് ചുറ്റും നാട്ടുകാർ ഒഴുകിയെത്തി. ഒരു പോറൽപോലും ഏൽക്കാതെ അബിഗേൽ സാറ റെജി മടങ്ങിവരണേ എന്ന പ്രാർഥന മാത്രമായിരുന്നു അവിടെ നിറഞ്ഞത്.
തിങ്കളാഴ്ച വൈകീട്ട് നാലരക്ക് വീടിന് മുന്നിലെ റോഡരികിൽനിന്ന് കാറിൽ അജ്ഞാതർ കടത്തിക്കൊണ്ടുപോയ അബിഗേൽ എവിടെ എന്നറിയാതെ കണ്ണീർ വാർത്തത് അവളുടെ കുടുംബം മാത്രമായിരുന്നില്ല, കേരളം ഒന്നാകെയായിരുന്നു. പണം ആവശ്യപ്പെട്ട് രാത്രി എത്തിയ കാളുകൾ ഏവരിലും പ്രതീക്ഷ നിറച്ചു. എങ്കിലും മണിക്കൂറുകൾ പിന്നിടുംതോറും ആ പ്രതീക്ഷ വേവായി മാറി. കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞോ എന്ന് തിരക്കുന്ന മുഖങ്ങളായിരുന്നു എവിടെയും.
നേരം പുലർന്ന്, വീട്ടുമുറ്റത്തുനിന്ന് ആൾക്കൂട്ടം റോഡിന്റെ ഇരുവശത്തേക്കും പരന്നു. ഗേറ്റിന് മുന്നിൽ വാഹനങ്ങളുടെയോ ആൾക്കൂട്ടത്തിൽ അൽപം ഉച്ചത്തിലുള്ള ശബ്ദമോ വന്നാൽ പ്രതീക്ഷാപൂർവം എല്ലാവരുടെയും കണ്ണുകൾ അവിടേക്ക് പാഞ്ഞു. രാവിലെ 10ന് കുഞ്ഞിനെ എത്തിക്കുമെന്ന് ഫോൺ വിളിച്ചവർ പറഞ്ഞിരുന്നതിൽ പ്രതീക്ഷവെച്ചിരുന്നു ഏവരും. എന്നാൽ, നിരാശമാത്രമായി ആ പ്രഭാതം കടന്നുപോയി.
ആൾക്കൂട്ടം പൊതിഞ്ഞുനിൽക്കുമ്പോഴും വല്ലാത്തൊരു നിശ്ശബ്ദത ആ വീടിനെ പൊതിഞ്ഞുനിന്നു. മുറിയിൽ കിടപ്പായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും പല ദിക്കിൽനിന്നുമെത്തി. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും മതപുരോഹിതരും കുടുംബത്തെ ചേർത്തുനിർത്തി ആത്മവിശ്വാസം നൽകി. റോഡിൽ നിന്ന രണ്ടുപേർ കുട്ടിയെ കിട്ടാത്തതിന്റെ വിഷമം രോഷം നിറഞ്ഞ വാക്കുകളിൽ കാമറകൾക്ക് മുന്നിൽ പ്രകടിപ്പിച്ചു. അപ്പോഴും ഭരണസംവിധാനത്തിൽ പൂർണവിശ്വാസമർപ്പിച്ച് കുടുംബം സംയമനം പാലിച്ചു. ഉച്ചക്ക് 12 പിന്നിട്ടതോടെ വിശദ മൊഴിയെടുപ്പിന് പിതാവ് റെജിയെ വീടിന്റെ പിൻഭാഗം വഴി എസ്.പി ഓഫിസിലേക്ക് കൊണ്ടുപോയി. കോട്ടയത്ത് വണ്ടി കണ്ടെന്നും ജില്ലയുടെ ഒരു ഭാഗത്തുനിന്ന് രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്നും ഒക്കെയുള്ള വാർത്തകൾ ഇതിനിടയിൽ പരന്നു.
20 മണിക്കൂർ പിന്നിട്ടതോടെ ഇനിയുമെത്ര കാത്തിരിക്കണമെന്ന ആധിയായി മനസ്സുകളിൽ. ഉച്ചക്ക് 1.37ന് റോഡിൽ വൻ ബഹളവും മാധ്യമപ്രവർത്തകരുടെ ഓട്ടവും കണ്ടതോടെ എന്തോ സംഭവിച്ചെന്ന് നാട്ടുകാർ ഉറപ്പിച്ചു, കിട്ടി... കിട്ടി... എന്ന വാക്കുകൾ ആദ്യം അവിശ്വസനീയമായിരുന്നു. തലേന്ന് രാത്രി കുഞ്ഞിനെ കിട്ടിയെന്ന് ബ്രേക്കിങ് ന്യൂസുകൾ പ്രചരിച്ചതിന്റെ അവിശ്വാസം.
പിന്നാലെ വീടിനുള്ളിൽനിന്ന് ആശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും ശബ്ദമുയർന്നതോടെ കൂടിനിന്നവർക്കെല്ലാം വിശ്വാസമായി, അബിഗേൽ സുരക്ഷിതയായിരിക്കുന്നു. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റാണ് ആശ്വാസവാർത്ത കുടുംബത്തിനെയും കൂടിനിന്ന നാട്ടുകാരെയും അറിയിച്ചത്.
വീട്ടിൽ സ്ഥിരീകരിക്കുന്നതിന് കുറച്ചുമുമ്പ് തന്നെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഔദ്യോഗിക സ്ഥിരീകരണം വരാൻ അവർ കാത്തിരുന്നു. പിന്നെ ആനന്ദക്കണ്ണീരിന്റെ നിമിഷങ്ങളായിരുന്നു.
മൊബൈൽ സ്ക്രീനിൽ കൊല്ലത്തുനിന്നുള്ള ലൈവ് വാർത്തദൃശ്യത്തിൽ അവളുടെ മുഖം തെളിഞ്ഞതോടെ നാട്ടുകാരൻ പറഞ്ഞു, മതി മോളേ മതി... ഇത് കണ്ടാൽ മതി. ഒടുവിൽ പുഞ്ചിരിക്കുന്ന ജോനാഥനെ ചേർത്തുനിർത്തി ഒപ്പംനിന്നവരോടായി ആ അമ്മ പറഞ്ഞു, പ്രാർഥിച്ചവർക്കെല്ലാം നന്ദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.