തൃശൂർ: കേരള കാർഷിക സർവകലാശാല അനധ്യാപക വിഭാഗത്തിൽ 213 തസ്തികകൾ വെട്ടിക്കുറച്ചു. മാർച്ച് 25ന് സംസ്ഥാന ധനവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരമാണ് നടപടി. തസ്തിക കുറക്കൽ സംബന്ധിച്ച് ശനിയാഴ്ചയാണ് സർവകലാശാല ഉത്തരവിറക്കിയത്. കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ അധിക ചുമതലയിൽ നിയമിതനായതിനു പിന്നാലെ ബി. അശോക് ആരംഭിച്ച തസ്തിക കുറക്കൽ നടപടിയാണ് ഇതോടെ ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നത്. ഓൺലൈൻ യോഗത്തിൽ തസ്തിക കുറക്കലിനെക്കുറിച്ച് വി.സി പറഞ്ഞ കാര്യങ്ങൾ പൊതുമണ്ഡലത്തിൽ ചർച്ചയായത് സർവകലാശാലയിൽ അന്ന് വിവാദമായിരുന്നു.
‘തസ്തിക പുനഃക്രമീകരണം’ എന്ന പേരിലാണ് ഇപ്പോഴത്തെ വെട്ടിക്കുറക്കൽ. അനധ്യാപക തസ്തിക പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് നിർദേശം നൽകാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്മേൽ സംസ്ഥാന ധനകാര്യ (രഹസ്യ) വിഭാഗം പുറപ്പെടുവിച്ച ഉത്തരവുപ്രകാരമാണ് നടപടിയെന്ന് സർവകലാശാലയുടെ ഉത്തരവിൽ പറയുന്നുണ്ട്. ഇതുപ്രകാരം ഏറ്റവും നഷ്ടം ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിനാണ്. ഇ-ഓഫിസ് നടപ്പാക്കിയ സാഹചര്യത്തിൽ പല തസ്തികകളും അനാവശ്യമാണ് എന്നാണ് കണ്ടെത്തൽ.
സർക്കാർ പറയുന്നത്
സംസ്ഥാന ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ജയതിലക് കഴിഞ്ഞ മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവാണ് കാർഷിക സർവകലാശാലയിൽ 585 തസ്തികയിൽ 213 എണ്ണം കുറക്കാൻ വഴിയൊരുക്കിയത്. ‘ഇ-ഓഫിസ് സംവിധാനം ഏർപ്പെടുത്തിയ ഓഫിസുകളിൽ ടൈപിസ്റ്റ്, ഓഫിസ് അറ്റൻഡന്റ് തസ്തികകളിൽ ജീവനക്കാരുടെ സേവന ആവശ്യകത നന്നേ കുറഞ്ഞ സാഹചര്യത്തിൽ അനിവാര്യമായ തസ്തികകളുടെ എണ്ണം വകുപ്പ് മേധാവികൾ കണക്കാക്കണം’ എന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്.
‘അധികമായി കണ്ടെത്തുക തസ്തികകൾക്കു പകരം ആവശ്യമെങ്കിൽ സർക്കാറിന് യാതൊരു അധിക സാമ്പത്തികബാധ്യതയും വരാത്ത രീതിയിൽ സമകാലിക പ്രസക്തിയുള്ള പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള സാധ്യത ഭരണവകുപ്പ് പരിശോധിച്ച് നിർദേശം സമർപ്പിക്കണം’ എന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.