പാലക്കാട്: ആദിവാസി മേഖലകളിൽ വെളിച്ചമെത്തിക്കാൻ അനർട്ട് നടപ്പാക്കിയ അട്ടപ്പാടി മേലെ തുടുക്കി പദ്ധതിയുടെ ടെൻഡർ നടപടികളിൽ സംസ്ഥാനത്തിന് നഷ്ടമായത് 1.56 കോടി രൂപയെന്ന് അക്കൗണ്ടന്റ് ജനറൽ (എ.ജി) ഓഫിസിൽ നിന്നുള്ള പരിശോധന റിപ്പോർട്ട്. പദ്ധതിയിലെ സോളാർ പവർ പ്ലാന്റിന് മാത്രമായി നടത്തിയ ടെൻഡറിൽ കുറഞ്ഞ തുകയായ 1.92 കോടി രൂപ രേഖപ്പെടുത്തിയ കമ്പനിക്ക് വർക്ക് ഓർഡർ നൽകാതെ ടെൻഡറുകൾ രണ്ട് തവണ റദ്ദാക്കി ഒടുവിൽ 3.48 കോടി രൂപക്കാണ് ടെൻഡർ നൽകിയത്. നടപടികളിലുടനീളം അവ്യക്തതകളും ചട്ടവിരുദ്ധ നടപടികളും ഓഡിറ്റ് പരിശോധന സംഘം കണ്ടെത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2023 ഫെബ്രുവരി എട്ടിനുതന്നെ സ്പെസിഫിക്കേഷൻ മാറ്റി രണ്ടാമതും ടെൻഡർ ക്ഷണിച്ചു. സാങ്കേതിക ടെൻഡർ-പ്രൈസ് ടെൻഡർ അനുപാതം 60:40 എന്നത് 75:25 എന്നാക്കിയാണ് മാറ്റിയത്. ഇതിനുള്ള വിശദീകരണം ബോധിപ്പിച്ചിട്ടില്ല. പിന്നീട് ഇതും റദ്ദാക്കിയാണ് മൂന്നാം ടെൻഡറിൽ തെലങ്കാന കേന്ദ്രീകരിച്ച വിൻഡ് സ്ട്രീം എന്ന കമ്പനിക്ക് കരാർ നൽകിയത്. വിൻഡ് ജനറേറ്റർ പദ്ധതി നടപ്പാക്കുമ്പോൾ കാറ്റിന്റെ ലഭ്യത സംബന്ധിച്ച പഠനം നടത്തണമെന്ന നിബന്ധന പാലിച്ചില്ല. സ്ഥാപിച്ച വിൻഡ് ജനറേറ്ററിൽനിന്ന് വളരെ കുറഞ്ഞ അളവിലാണ് വൈദ്യുതി ലഭിക്കുന്നത്. വിൻഡ് ജനറേറ്ററിന്റെ ടെസ്റ്റ് സർട്ടിഫിക്കറ്റ്, സ്പെസിഫിക്കേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ വർക്ക് ഓർഡറിൽ രേഖപ്പെടുത്തിയിട്ടില്ല.
2023 മേയ് 26ന് വർക്ക് ഓർഡർ ലഭിച്ച കമ്പനി പദ്ധതിയിൽ സ്ഥാപിച്ച ഇൻവെർട്ടറിന് ടെൻഡറിൽ നിർദേശിച്ചിരുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് (ബി.ഐ.എസ്) സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വിൻഡ് ജനറേറ്ററാണ് കമ്പനി സ്ഥാപിച്ചതെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തിയതായും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ഈ കമ്പനി 2023 ജൂൺ 16ന് മാത്രമാണ് ബി.ഐ.എസിനുള്ള അപേക്ഷ നൽകിയത്. ടെൻഡർ നടപടിക്രമങ്ങളിൽ പക്ഷപാതപരമായി മാർക്കിടൽ നടന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ നിന്നുള്ള പരിശോധന റിപ്പോർട്ടിൽ അനർട്ട് ഓഫിസിന്റെ വിശദീകരണങ്ങൾ ഉൾക്കൊള്ളിച്ചാണ് അന്തിമ അക്കൗണ്ടന്റ് ജനറൽ ഓഡിറ്റ് റിപ്പോർട്ട് തയാറാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.