കൊല്ലം നഗരസഭയിൽ ഉപയോഗമില്ലാതെ 21.64 ലക്ഷം രൂപയുടെ മെഷീനുകൾ

കോഴിക്കോട് : കൊല്ലം നഗരസഭയിൽ 21.64 ലക്ഷം രൂപയുടെ മെഷീനുകൾ ഉപയോഗമില്ലാത്ത അവസ്ഥയിലെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2020-21 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന പദ്ധതിയാണ് ഡയപ്പറും, നാപകിനും സംസ്കരിക്കുന്നതിനുള്ള ഉപകരണം വാങ്ങൽ. ടെണ്ടർ നടപടിക്രമങ്ങൾക്ക് ശേഷം ഫ്ലോററ്റ് എന്ന സ്ഥാപനത്തിൽ നിന്നും 2,72,000 രൂപക്ക് ഉപകരണം വാങ്ങാൻ തീരുമാനിച്ചു.

ഡയപ്പർ നാപ്കിൻ മുതലയാവ കത്തിക്കുമ്പോഴുണ്ടാകുന്ന മലിനീകരണം ഇല്ലാതാക്കുന്നതിന് വേണ്ടി 1,50,000 രൂപ വിലവരുന്ന പുക വലിച്ചെടുത്ത് ശുദ്ധീകരിക്കുന്ന ഉപകരണം തനത് ഫണ്ടിൽ നിന്നും വാങ്ങുന്നതിനും തീരുമാനിച്ചു. 2022 മാർച്ച് മാസത്തിൽ സാധനങ്ങൾ സപ്ലൈ ചെയ്തതായും 4,20,000 സ്ഥാപനത്തിന് നൽകിയതായും ഫയലിൽ രേഖപ്പെടുത്തി.

ഉപകരണങ്ങൾ വാങ്ങുന്നതിന് മുമ്പ് അത് എവിടെ സ്ഥാപിക്കണമെന്നോ, പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണോ എന്ന് നഗരസഭ ആലോചിച്ചില്ല. അത് ഉറപ്പാക്കാതെയായിരുന്നു നടപടി ക്രമങ്ങൾ ആരംഭിച്ചത്. അതിനാൽ തങ്കശ്ശേരിയിൽ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റിന്റെ അടുത്ത് ഒരു കെട്ടിടം പണിയുന്നതിനുള നടപടി ക്രമങ്ങൾ ആരംഭിച്ചത് 2022 നവംബർ മാസത്തിലാണ്.

ഉപകരണങ്ങൾ വാങ്ങി 10 മാസം കഴിഞ്ഞിട്ടും അവ പ്രവർത്തിപ്പിച്ച് നോക്കാൻ സാധിച്ചിട്ടില്ല. അതിന്റെ 10 മാസത്തെ വാറണ്ടി ഇതിനോടകം നഷ്ടപ്പെട്ടിരിക്കുകയാണ്. കെട്ടിടം പണി പൂർത്തിയാക്കിയതിന് ശേഷം മാത്രമേ വൈദ്യുതി സജ്ജീകരണങ്ങളുടെ ആവശ്യകതയെ കുറിച്ച് പരിഗണിക്കുകയുളളു. ഈ കാരണത്താൽ ഡയപ്പറും, നാപ്കിനും സംസ്ക്കരിക്കുന്ന യന്ത്രം അതിന്റെ വാറണ്ടി കാലയളവിൽ പ്രവർത്തന ക്ഷമമാക്കുവാൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

പ്ലാസ്റ്റിക് വസ്തുക്കൾ കഴുകിയുണക്കുന്ന മെഷീൻ

2020-21 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാസ്റ്റിക് വസ്തുക്കൾ കഴുകിയുണക്കുന്നതിനുള്ള മെഷീൻ വാങ്ങാൻ നഗരസഭ തീരുമാനിച്ചു. ഇതിന്റെ ടെണ്ടർ നടപടിയിൽ പങ്കെടുത്ത മൂന്ന് സ്വാപനങ്ങളാണ്.

ഹൊറൈസൺ - 2,86,818 രൂപ, പ്രകൃതി -2,95,000, ഫ്ലോററ്റ് ടെക്നോളജീസ് - 3,50,000 രൂപ എന്നിങ്ങനെയാണ് ക്വാട്ടേഷൻ നൽകിയത്. ഈ മൂന്ന് സ്ഥാപനങ്ങളിൽ നിന്നും ആരോഗ്യസ്ഥിരം സമിതിയുടെ നിർദേശ പ്രകാരം പ്രകൃതി എന്ന സ്ഥാപനത്തിന്റെ യന്ത്രം 2,80,000 രൂപക്ക് വാങ്ങി. തൃക്കടവൂർ സോണലിൽ സ്ഥാപിക്കാൻ തീരുമാനിച്ചു.

ഓർഗാനിക് വേസ്റ്റ് ഷെഡിങ് യന്ത്രത്തിന്റെ കാര്യത്തിലെന്ന പോലെ പ്ലാസ്റ്റിക് വസ്തുക്കൾ കഴുകി വൃത്തിയാക്കുന്ന യന്ത്രത്തിന്റെ കാര്യത്തിലും ഹോറൈസൺ എന്ന കമ്പനിയായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ നടത്തിയ വിഡിയോ വിവരണം കണ്ടതിൽ നിന്നും യന്ത്രത്തിന്റെ പ്രവർത്തനം മെച്ചമല്ലെന്ന് വിലയിരുത്തി ആരോഗ്യസ്ഥിരം സമിതി ഹൊറൈസൺ- നെ ഒഴിവാക്കിയെന്നാണ് രേഖകൾ.

ഏതെങ്കിലും സ്ഥാപനത്തെ അവർ അവതരിപ്പിക്കുന്ന യന്ത്രത്തിന്റെ പ്രവർത്തനം തൃപ്തികര മല്ലെങ്കിൽ വിദഗ്ധരുടെ ഈ വിഷയത്തിലുള്ള പരിശോധന റിപ്പോർട്ട് ഉൾപ്പെടുത്തി ഇത്തരം നടപടി കൈക്കൊള്ളുവാൻ പാടുള്ളൂ. ഹോറൈസൺ പിന്നീട് നൽകിയ പരാതി പോലും മുഖവിലക്കെടുക്കാതെ തളളിക്കളഞ്ഞത് നഗരസഭയുടെ ഭാഗത്ത് നിന്നും പ്രകൃതി എന്ന സ്ഥാപനത തെരെഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമം നടന്നുവെന്നാണ് റിപ്പോർട്ടിലെ നിരീക്ഷണം.

ഇത്തരത്തിൽ ഹോറൈസൺ എന്ന സ്ഥാപനത്തെ ഒഴിവാക്കിയ രണ്ട് ടെണ്ടറുകളിലും ഗുണ ഭോക്താവായത് പ്രകൃതി എന്ന സ്ഥാപനമാണ്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ഓഡിറ്റ് ആവശ്യപ്പെട്ടു.

2,80,000 രൂപക്ക് വാങ്ങിയ മെഷീൻ അഞ്ചാലുംമൂട് എന്ന സ്ഥലത്താണ് വെച്ചിരിക്കുന്നത്. എന്നാൽ ഓഡിറ്റ് നടത്തിയ ഭൗതിക പരിശോധനയിൽ ഈ യന്ത്രമുപയോഗിക്കുന്നതായി തെളിവില്ല. പൊതുജനങ്ങളുടെ എതിർപ്പ് മൂലം തൃക്കടവൂർ സോണലിൽ സ്ഥാപിക്കാനുദ്ദേശിച്ച യന്ത്രം അഞ്ചാലുംമൂട് ബ്ലോക്ക് ഓഫീസിൽ ഉപയോഗിക്കാതെ കിടക്കുകയാണ്. യഥാർത്ഥ ഉപയോഗം മനസിലാക്കാതെയും അതിനുളള സാഹചര്യം ഒരുക്കാതെയും 2,80,000 രൂപ ചെലവാക്കിയത് പാഴായിയെന്നാണ് റിപ്പോർട്ട്.

പ്ലാസ്റ്റിക് ബെയിലിങ് മെഷീൻ

2020-21 ലെ വാർഷിക പദ്ധതിയിൽ പ്ലാസ്റ്റിക് ബെയിലിങ് മെഷീൻ വാങ്ങുന്നതിന് വേണ്ടി പദ്ധതി തയാറാക്കി. 11 ലക്ഷം രൂപ വകയിരുത്തി. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസിൽ നിന്നും 10,99,798 രൂപക്ക് രണ്ട് ബെയ്ലിംഗ് മെഷീൻ വാങ്ങി.

ഇരവിപുരം, കുരീപ്പുഴ എന്നീ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ബെയിലിങ് നടത്തുന്നതിന് വേണ്ടി നൽകുകയും ചെയ്തു. എന്നാൽ നാളിതുവരെ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്താൻ കഴിയത്തതിനാൽ ഉപയേ ഗ്രിക്കാതെ കിടക്കുകയാണ്.

ഓഡിറ്റ് പരിശോധനയിൽ 21,64,798 രൂപ ചെലവാക്കി വാങ്ങിയ മെഷീനുകൾ അവയുടെ വാറണ്ടി കാലാവധി തീരുന്നതിന് മുമ്പ് സ്ഥാപിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ സാധിച്ചിട്ടില്ല. ഇത് നഗരസഭയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. 

Tags:    
News Summary - 21.64 lakh worth of idle machines in Kollam Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.