രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമടക്കം 23 പേർ അറസ്റ്റിൽ

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ 23 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. ജില്ലാ ​പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 23 പേരാണ് പിടിയിലായത്. കൂടുതൽ പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടാവുമെന്നാണ് സൂചന. പാർട്ടിതലത്തിലും പ്രവർത്തകർക്കെതിരെ ​നടപടിയുണ്ടായേക്കും. നേരത്തെ ഓഫീസ് ആക്രമണത്തിന് പിന്നാലെ കൽപ്പറ്റ ഡി.വൈ.എസ്.പിയെ സസ്‍പെൻഡ് ചെയ്തിരുന്നു. മനോജ് എബ്രഹാമിനെ അന്വേഷണച്ചുമതല ഏൽപ്പിക്കുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റയിലെ ഓഫിസിന് നേരെ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും ഇതിനെ തള്ളിപ്പറയുന്നുവെന്നും എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. ബഫർ സോൺ വിധിയുമായി ബന്ധപ്പെട്ട് സമരം സംഘടിപ്പിക്കാൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കും. ഒറ്റപ്പെട്ട ഈ സംഭവം ഉയർത്തിപ്പിടിച്ച് എസ്.എഫ്.ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാർത്ഥികളും തിരിച്ചറിയണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - 23 sfi worker arrested in Rahul office attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.