തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ എക്സൈസ് സേന നടപ്പിലാക്കിയ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിലൂടെ സംസ്ഥാനത്ത് 2.37 കോടിയുടെ ലഹരി വസ്തുക്കൾ പിടിച്ചു. മയക്കുമരുന്ന് കേസുകളിൽ രണ്ട് ആഴ്ചയ്ക്കിടെ പിടിയിലായത് 873 പേർ. ആകെ 874 കേസുകളെടുത്തു, 901 പേരെ പ്രതിചേർത്തു. മാർച്ച് അഞ്ച് മുതൽ 19 വരെയുള്ള ദിവസത്തെ കണക്കുകളാണിത്.
എക്സൈസ് മാത്രം നടത്തിയത് 6506 റെയ്ഡുകളാണ്, മറ്റ് സേനകളുമായി ചേർന്ന് 177 പരിശോധനകളും നടത്തി. 60,240 വാഹനങ്ങൾ പരിശോധിച്ചു. മയക്കുമരുന്ന് കടത്തുകയായിരുന്ന 46 വാഹനങ്ങൾ പിടിച്ചു. ഒളിവിലിരുന്ന 49 പ്രതികളെയും പിടികൂടിയിട്ടുണ്ട്.
123.88 ഗ്രാം എംഡിഎംഎ, 40.5 ഗ്രാം മെത്താഫിറ്റമിൻ, 12.82 ഗ്രാം നെട്രോസെഫാം ഗുളികകൾ, 14.5 ഗ്രാം ബ്രൌൺ ഷുഗർ, 60.8 ഗ്രാം ഹെറോയിൻ, 31.7 ഗ്രാം ഹാഷിഷ് ഓയിൽ, 179.35 കിലോ കഞ്ചാവ്, 148 കിലോ കഞ്ചാവ് കലർത്തിയ ചോക്കളേറ്റ് എന്നിവ പിടികൂടി. സ്കൂൾ പരിസരത്ത് 1763, ബസ് സ്റ്റാൻഡ് പരിസരത്ത് 542, റെയിൽവേ സ്റ്റേഷൻ പരിസരത്ത് 179, ലേബർ ക്യാമ്പുകളിൽ 328 പരിശോധനകളുമാണ് എക്സൈസ് നടത്തിയത്.
മയക്കുമരുന്ന് വ്യാപനത്തിനെതിരെ പഴുതടച്ച പ്രതിരോധം സാധ്യമാക്കിയ എക്സൈസ് സേനയെ തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അഭിനന്ദിച്ചു. മയക്കുമരുന്നിന്റെ വഴി തേടി സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളിലുൾപ്പെടെ പേയി പ്രതികളെ പിടികൂടാൻ എക്സൈസിന് കഴിഞ്ഞു. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം വരുന്ന ആഴ്ച കൂടുതൽ ശക്തമാക്കും. അതിർത്തിയിൽ കർശന ജാഗ്രത തുടരാനും മന്ത്രി നിർദേശം നൽകി.
പരിശോധനകളുടെ ഭാഗമായി 800 അബ്കാരി കേസുകളും പിടികൂടാൻ എക്സൈസിന് കഴിഞ്ഞു. ആകെ 765 പ്രതികൾ, ഇവരിൽ 734 പേരെ പിടികൂടിയിട്ടുണ്ട്. 22 വാഹനങ്ങളും പിടിച്ചു. 3688 പുകയില കേസുകളിലായി 3635 പേരെ പ്രതിചേർക്കുകയും 465.1 കിലോ പുകയില ഉത്പന്നങ്ങൾ പിടിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.