അതുല്യയും അഖിലയും
പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരക്കെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കാനിരിക്കെ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾ. അച്ഛനും അച്ഛമ്മയും കൂടി മരണപ്പെട്ടതോടെ തങ്ങൾ തീർത്തും അനാഥരായെന്ന് ഇവർ പറഞ്ഞു. ജോലി അടക്കമുള്ള വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ചെന്താമര പുറത്തിറങ്ങിയാൽ വീണ്ടും ആക്രമിക്കുമെന്ന് പേടിയുണ്ടെന്നും പെൺകുട്ടികൾ പറഞ്ഞു.
'ചെന്താമരക്ക് വധശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹം. തെറ്റ് ചെയ്തവരെയാണ് കൂടുതൽ സംരക്ഷിക്കുന്നതായി കാണുന്നത്, അയാൾ പുറത്തിറങ്ങിയാൽ എന്താ ചെയ്യുകയെന്ന് അറിയില്ല. പുറത്തിറങ്ങിയാൽ ഇനിയും ആരെയെങ്കിലും കൊല്ലും, ജാമ്യം ലഭിക്കുമോയെന്ന പേടിയുണ്ട്. അയാൾ ഇറങ്ങിയാൽ ഞങ്ങളിൽ ആരുടെയെങ്കിലും അല്ലെങ്കിൽ നാട്ടുകാരുടെ ജീവൻ പോകും. ഇന്ന് അച്ഛനും അമ്മയും അച്ഛമ്മയുമില്ല. ഞങ്ങൾക്ക് ആരുമില്ല. സർക്കാർ ഞങ്ങളെ ഏറ്റെടുക്കണം' -മക്കൾ പറഞ്ഞു.
ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം.
ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു സുധാകരനേയും ലക്ഷ്മിയേയും ചെന്താമര കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.