ചെറുവത്തൂർ: പിലിക്കോട് പഞ്ചായത്തിലെ ഓലാട്ട് കോളനിയിൽനിന്ന് 25 സി.പി.എമ്മുകാർ ബി.ജെ.പി.യിൽ ചേർന്നു. കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്തത്, കോളനിയിൽ നടന്ന കൊലപാതകത്തിൽ കുറ്റവാളികളെ സംരക്ഷിക്കാൻ നടത്തിയ നീക്കം, കുറ്റാരോപിതനായ അധ്യാപകനെ സംരക്ഷിക്കുന്ന നടപടി തുടങ്ങി നിരവധി പ്രശ്നങ്ങളിൽ സി.പി.എം നേതൃത്വം എടുത്ത നിലപാടിൽ പ്രതിഷേധിച്ചാണ് ഇവർ ബി.ജെ.പി.യിൽ ചേർന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. കാലിക്കടവ് കരക്കക്കാവ് കല്യാണമണ്ഡപത്തിൽ ചേർന്ന സ്വീകരണ യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പുതുതായി ചേർന്നവരെ സ്വീകരിച്ചു.
കേന്ദ്ര സർക്കാർ നൽകുന്ന സഹായം കൊണ്ടാണ് കേരളത്തിൽ പിണറായി വിജയൻ ഭരണം നടത്തുന്നതെന്നും ദുരഭിമാനം കൊണ്ടാണ് പിണറായി മോദിയെ പരസ്യമായി അംഗീകരിക്കാത്തതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഭക്ഷ്യധാന്യം, വികസന പ്രവർത്തനങ്ങൾ, വാക്സിനേഷൻ എന്നിവക്കെല്ലാം കേന്ദ്ര സർക്കാർ കൈയയച്ച് സഹായം നൽകുന്നുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാൻ ജി.എസ്.ടിയുടെ പരിധിയിൽ വരുത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനം പരിഗണിക്കുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.