കരുവന്നൂർ സഹകരണ ബാങ്കിന് 250 കോടിയുടെ പാക്കേജ് പരിഗണനയിൽ

കോഴിക്കോട് : 219.33 കോടി രൂപയുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സർവീസ് സഹകരണ ബാങ്കിനെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ 250 കോടിയുടെ പാക്കേജ് സർക്കാർ പരിഗണനയിൽ. ബാങ്കിലെ ചില ഭരണ സമിതി അംഗങ്ങളും ബാങ്ക് ജീവനക്കാരും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.

സഹകരണവകുപ്പ്, ക്രൈം ബ്രാഞ്ച് എന്നിവർ നടത്തിയിട്ടുള്ള അന്വേഷണത്തിൽ ക്രമക്കേട് നടത്തിയയെന്ന് കണ്ടെത്തിയവരുടെ സ്വത്തുകൾ( 1944ലെ ക്രിമിനൽ നിയമ ഭേദഗതി ഓർഡിനൻസ് പ്രകാരം) കണ്ടുകെട്ടണമെന്ന് നിർദേശം നൽകിയെന്ന് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ മറുപടി നൽകി.

കുടിശികയായ വായ്പകളിൽ സ്പെഷ്യൽ ആഫീസറുടെ സൗജന്യ സേവനം ഉപയോഗപ്പെടുത്തി നടപടികളിലൂടെ വായ്പ തുക പിരിച്ചെടുത്ത് നിക്ഷേപ തുക തിരികെ നൽകും.

ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. ബാങ്കിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറിലും ഹാർഡ് വെയറിലും അടിസ്ഥാനപരമായി പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല.

ബാങ്കിലെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സഹകരണ വകുപ്പിന്റെ വിവധ ഓഫിസുകൾക്കും ഉദ്യോഗസ്ഥർക്കും തട്ടിപ്പ് യഥാസമയം കണ്ടുപിടിക്കുന്നതിലും ക്രമക്കേടിൽ സമയബന്ധിതമായി തുടർ നടപടി സ്വീകരിക്കുന്നതിലും വീഴ്ച സംഭവിച്ചു.

ബാങ്കിലെ സെക്രട്ടറി, ബ്രാഞ്ച് മാനേജർ, സീനിയർ അക്കൗണ്ടന്റ് തുടങ്ങി അഞ്ച് ജീവനക്കാരും ഭരണ സമിതിയും മറ്റു ചിലരും സംഘടിതമായാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപകർക്ക് നിക്ഷേപത്തുക തിരിച്ചു നൽകാൻ കഴിയാത്ത ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ബാങ്കിൽ നിലനിൽക്കുന്നു.

ബാങ്കിന്റെ സാമ്പത്തിക സ്ഥിതി പരിഹരിക്കുന്നതിന് കിട്ടേണ്ട തുകകൾ പിരിച്ചെടുക്കുന്നതിനും സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനുള്ള പുനരുധാരണ പദ്ധതി തയാറാക്കണമെന്ന് റിപ്പോർട്ടിൽ ശിപാർശ നൽകി.

സഹകരണ സംഘങ്ങളുടെയും വകുപ്പിന്റെയും പ്രവർത്തനങ്ങളിൽ കാലോചിതമായ പരിഷ്കരണങ്ങൾ സഹകരണ നിയമ ഭോദഗതിയും സഹകരണ വകുപ്പ് പുനസംഘടനയും അടിയന്തിരമായി നടപ്പാക്കണം.

സസ്പെൻഷനിലായ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ബാങ്കിന്റെ ആഡിറ്റുമായും ഇൻസ്പെഷനുമായും ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നാണ് ഉന്നത തലസമിതിയുടെ റിപ്പോർട്ടിലെ കണ്ടെത്തൽ.

ബാങ്കിന്റെ നിയന്ത്രണ ചുമതല വഹിച്ചിരുന്ന യൂനിറ്റ് ഇൻസ്പെക്ടർമാർ, കൺകറന്റ് ആഡിറ്റർമാർ, മുകുന്തപുരം അസിസ്റ്റന്റ് രജിസ്ട്രാർ(ജനറൽ- ആഡിറ്റ്)മാർ, തൃശൂർ ജോയിന്റ് രജിസ്ട്രാർ (ജനറൽ- ആഡിറ്റ്)മാർ എന്നിവർക്ക് കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചുവെന്നും ഉന്നതല സമിതി റിപ്പോർട്ടു ചെയ്തു.

എന്നാൽ, അഡീഷനൽ രജിസ്ട്രാർ നടത്തിയ ഔപചാരിക അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച പൂർണമായും വ്യക്തമായത്. അത് പ്രകാരം സസ്പെൻഷനിലായ 16 വകുപ്പ് ഉദ്യോഗസ്ഥരിൽ എട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വിഴ്ച സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. വീഴ്ചവരുത്തിയവർക്കെതിരെ അച്ചടക്ക നടപടി തുടരുകയാണെന്നും മന്ത്രി മറുപടി നൽകി.  

News Summary - 250 crore package for Karuvannur Cooperative Bank under consideration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.