ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിൽ നീക്കിയിരിപ്പ് 26. 75 കോടിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിൽ നീക്കിയിരിപ്പ് 26. 75 കോടി രൂപയുണ്ടെന്ന് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തി. ബോർഡിന്റെ കീഴിൽ 40 നിക്ഷേപങ്ങളായാണ് ഇത്രയും തുക ഉള്ളത്. ബോർഡിന്റെ ചെലവ് കഴിച്ചുള്ള തുക ട്രഷറിയിൽ നിക്ഷേപിക്കണമെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ റിപ്പോർട്ടിലെ ശിപാർശ.

ഈ തുകയിൽനിന്ന് വിരമിക്കുന്ന ജീവക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനും അത്യാവശ്യ ചെലവുകൾക്കും വേണ്ട തുക എത്രയെന്ന് ബോർഡ് അധികൃതർ കണക്കാക്കിയിട്ടില്ല. ഭരണവകുപ്പ് ഇക്കാര്യം പരിശോധിച്ച് തുക കണക്കാക്കണം. അതിന് ശേഷം ബാക്കി തുക ട്രഷറിയിൽ മൃഗസംരക്ഷണ വകുപ്പിന്റെ റവന്യൂ ശീർഷകത്തിൽ അടക്കാൻ നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. അവശ്യം നിലനിർത്തേണ്ട സ്ഥിര നിക്ഷേപം ബാങ്കിൽനിന്ന് മാറ്റി ട്രഷറിയിൽ നിക്ഷേപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. വലിയ തുക നീക്കിയിരിപ്പുള്ളതിനാൽ ബോർഡിന് നൽകുന്ന ബജറ്റ് വിഹിതം ഗ്രാന്റ്- ഇൻ- എയ്ഡ് പുനപരിശോധിക്കണം. അതിൽ ആവശ്യമായ കുറവ് വരുത്തണമെന്നും ശിപാർശ ചെയ്തു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട വകുപ്പുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നീക്കിയിരിപ്പുള്ള തുകകൾ സംബന്ധിച്ച് പരിശോധന നടത്തി സർക്കാറിൽ തിരിച്ചടക്കാവുന്ന തുകകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് ധനകാര്യ വിഭാഗം മൃഗസംരക്ഷണ വകുപ്പിലെ വിവിധ ഓഫീസുകളിൽ പരിശോധന നടത്തിയത്. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കും സംയോജിതമായി നടപ്പാക്കുന്ന പദ്ധതികൾക്കുമായി ആരംഭിച്ച ബാങ്ക് അക്കൗണ്ടുകളിലെ നീക്കിയിരിപ്പ് സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലും വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും പ്രോജക്റ്റ് കാര്യാലയങ്ങളിലും ജില്ലാ തല ഓഫിസുകളിലും പരിശോധന നടത്തി.

1976ൽ ഇൻഡോ-സിസ് പ്രോജക്റ്റ് കേരളയും ഡയറി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ബുർ സ്റ്റേഷനും സംയോജിപ്പിച്ചാണ് കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് സ്ഥാപിതമായത്. സംസ്ഥാനത്തിന്റെ പ്രജനന നയത്തിന് അനുസൃതമായി കന്നുകാലികളുടെ പ്രജനനത്തിന് ആവശ്യമായ ഇൻപുട്ടുകൾ നൽകൽ, സാമ്പത്തിക, പാൽ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്തുണ നൽകൽ എന്നിവ ബോർഡിന്റെ പരിപാടിയായിരുന്നു.

അതോടൊപ്പം കാലിത്തീറ്റ ഉത്പാദനം, പ്രോത്സാഹനം, മൃഗസംരക്ഷണം, കാലിത്തീറ്റ ഉത്പാദനം എന്നിവയിൽ പരിശീലന കോഴ്സുകൾ നൽകലും ബോർഡ് ഏറ്റെടുത്തു. തെരഞ്ഞെടുത്ത ബ്രീഡിങ് സ്റ്റോക്കിന്റെ ഉൽപാദനത്തിലൂടെയും വിതരണത്തിലൂടെയും മലബാറി ആടുകളെ വികസിപ്പിക്കാനും പദ്ധതിയിട്ടു. നല്ല ഗുണനിലവാരമുള്ള പശുക്കുട്ടികളെ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും ലക്ഷ്യമിട്ടിരുന്നു. വിവധ പദ്ധതികളുടെ നടത്തിപ്പിനായി അനുവദിച്ച തുകയാണ് പരിശോധനയിൽ 26 കോടി നീക്കിയിരിപ്പായി കണ്ടെത്തിയത്. 

Tags:    
News Summary - 26. 75 crores is reported to be set aside in the Livestock Development Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.