ഇടുക്കി: രണ്ടാം ക്ലാസ് വിദ്യാർഥിയെക്കൊണ്ട് അധ്യാപിക സഹപാഠിയുടെ ഛര്‍ദിമാലിന്യം വാരിപ്പിച്ചതായി രക്ഷിതാക്കളുടെ പരാതി. ഉടുമ്പന്‍ചോലക്കടുത്ത് സ്ലീബാമല സെന്‍റ് ബെനഡിക്ട് എയ്ഡഡ് സ്‌കൂളിലാണ് സംഭവം. പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടിയുടെ രക്ഷിതാക്കളാണ് ഉടുമ്പൻചോല പൊലീസിൽ പരാതി നൽകിയത്.
നവംബർ 13നാണ് സംഭവം. രണ്ടാം ക്ലാസുകാരന്‍റെ അമ്മയുടെ പരാതിയിൽ പറയുന്നത്: ക്ലാസിലെ ഒരു കുട്ടി പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ക്ലാസില്‍ ഛദിച്ചെന്നും അധ്യാപിക മരിയ ജോസഫ് കുട്ടികളോട് മണല്‍വാരി മൂടാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് തന്‍റെ കുട്ടിയോട് മാത്രമായി അത് ചെയ്യാന്‍ പറഞ്ഞു.
തന്‍റെ മകന് ഇത് വിഷമമുണ്ടാക്കി. ടീച്ചറെ, ഞാന്‍ ഇവിടെ ഇരുന്ന് എഴുതിക്കോളാമെന്ന് പറഞ്ഞെങ്കിലും അധ്യാപിക ദേഷ്യപ്പെടുകയും കൂട്ടിക്കൊണ്ടുവന്ന് നിര്‍ബന്ധപൂർവം കോരിക്കളയിപ്പിക്കുകയുമായിരുന്നു. സഹപാഠിയായ കുട്ടി സഹായിക്കാന്‍ തുനിഞ്ഞപ്പോള്‍ അധ്യാപിക തടയുകയും ചെയ്തു.
അത്രയും കുട്ടികളുള്ള ക്ലാസിൽ തന്‍റെ മകനോടുമാത്രം ഇത് ചെയ്യാൻ പറഞ്ഞത് ഞങ്ങൾക്ക് വിഷമമുണ്ടാക്കി. കുട്ടിക്കുണ്ടായ ഭയം സഹിക്കാൻ കഴിയുന്നതല്ലെന്നും പരാതിയിൽ മാതാവ് പറയുന്നു. കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിച്ചിരുന്നില്ല. എന്നാല്‍, അടുത്തദിവസം സഹപാഠിയില്‍നിന്ന് വിവരമറിഞ്ഞ മാതാപിതാക്കള്‍ ഇക്കാര്യം പ്രധാനാധ്യാപികയെ അറിയിച്ചു.
എന്നാല്‍, അവര്‍ അധ്യാപികക്ക് താക്കീത് നല്‍കുന്നതില്‍ മാത്രം നടപടി ഒതുക്കി എന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകിയത്. വിഷയത്തിൽ കലക്ടർക്കും പരാതി ലഭിച്ചെന്നും പ്രധാനാധ്യാപികയോട് വിശദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.