കൽപറ്റ: തൃക്കൈപ്പറ്റ വില്ലേജിലെ മണിക്കുന്നു മലയിൽ പഴയ സർവേ നമ്പർ 216ൽപെട്ട 120 ഹെക്ടറോളം കൃഷിഭൂമി വനഭൂമിയാക്കാൻ നീക്കം. ഈ കൃഷി ഭൂമി 1971ലെ കേരള സ്വകാര്യ വന (നിക്ഷിപ്തമാക്കലും പതിച്ചുനൽകലും) നിയമപ്രകാരം വനമായി ഏറ്റെടുക്കേണ്ട ഭൂമിയാണെന്നാണ് വനംവകുപ്പിലെ ഉന്ന ഉദ്യോഗസ്ഥരുടെ വാദം.
വനംവകുപ്പ് ഫോറസ്റ്റ് കൺസർവേറ്റർ കഴിഞ്ഞ ഫെബ്രുവരി 16നാണ് ഇതുമായി ബന്ധപ്പെട്ട് ശിപാർശ നൽകിയത്.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയും അനുകൂല റിപ്പോർട്ട് നൽകിയെന്നുമാണ് സൂചന.
200ഓളം കുടുംബങ്ങൾ ജന്മം മുഖേന ലഭിച്ചു കരം അടച്ചുവരുന്ന മണിക്കുന്നു മലയിലെ മൂന്നൂറു ഏക്കർ കൃഷി ഭൂമിയാണ് വനഭൂമിയാക്കാൻ നീക്കം. ഈ കുടുംബങ്ങളുടെ ഉപജീവന മാർഗം ഇവിടത്തെ കൃഷിയാണ്. മുമ്പ് കല്ലങ്കോടൻ കുഞ്ഞമ്മദ് ഹാജി, കുഞ്ഞികുട്ടിയാലി എന്നിവരുടെ അധീനതയിൽ ഉണ്ടായിരുന്ന ഭൂമി, വിവിധ ആളുകൾ വാങ്ങി കൈമാറി വന്നതാണ്.
എന്നാൽ, മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയിലെ വീട്ടിമരക്കൊള്ളയിൽനിന്ന് ശ്രദ്ധതിരിച്ചുവിടുന്നതിെൻറ ഭാഗമായാണ് കൃഷി ഭൂമി ഏറ്റെടുക്കാനുള്ള നീക്കമെന്നും ആരോപണമുണ്ട്. നേരത്തേ, മരംമുറി അന്വേഷിക്കാൻ ജില്ലയിലെത്തിയ ഫോറസ്റ്റ് കൺസർവേറ്റർ നൽകിയ റിപ്പോർട്ടിലാണ് മണിക്കുന്നുമലയിലെ കൃഷി ഭൂമി ഏറ്റെടുത്ത് വനഭൂമിയാക്കണമെന്ന ശിപാർശയുള്ളത്.
മണിക്കുന്നു മലയിലെ ഇടിഞ്ഞകൊല്ലിയിൽ വനത്തിൽനിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപകമായി മരം മുറിച്ചുകടത്തിയെന്ന് അന്ന് നൽകിയ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
മുട്ടിലിലെ മരം മുറി അന്വേഷിക്കാതെ, വീട്ടി മരക്കൊള്ളക്കാർ മെനഞ്ഞെടുത്ത അടിസ്ഥാനരഹിതമായ പരാതി പ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് ഇത്തരത്തിലൊരു റിപ്പോർട്ട് തയാറാക്കിയതെന്ന് വനംവകുപ്പിലെ ജീവനക്കാർ തന്നെ ആക്ഷേപം ഉന്നയിച്ചതാണ്.
ജന്മം ഭൂമിയിൽനിന്ന് നിയമപ്രകാരമാണ് ഭൂവുടമ വരിക്കച്ചാക്കൽ ഏലിക്കുട്ടി വീട്ടി മരങ്ങൾ മുറിച്ചതെന്ന് വ്യക്തമായിരിക്കെയാണ്, ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ട് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.