കോഴിക്കോട്: സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചതോടെ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ പാവപ്പെട്ടവർക്കായി സ്ഥാപിച്ച കുടിവെള്ള പൊതുടാപ്പുകൾ പൂട്ടേണ്ട അവസ്ഥ. ടാപ്പ് ഒന്നിന് പ്രതിവർഷം 5788 രൂപയാണ് പഞ്ചായത്തുകൾ വാട്ടർ അതോറിറ്റിക്ക് അടച്ചിരുന്നത്. വർധിപ്പിച്ച നിരക്കുപ്രകാരം ഇത് 14559.12 രൂപയായി ഉയർന്നു.
കോഴിക്കോട് കോർപറേഷൻ പരിധിയിൽ 7,000 രൂപയായിരുന്നു ഒരു ടാപ്പിന് പ്രതിവർഷ ചാർജ്. പുതിയ നിരക്ക് പ്രകാരം 22000 രൂപയാണ് അടയ്ക്കേണ്ടത്. പൊതുടാപ്പുകളുടെ താരിഫ് മൂന്നിരട്ടി വരെ വർധിച്ചത് തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തികാവസ്ഥയെ കൂടുതൽ മോശമാക്കുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾതന്നെ വാട്ടർ ചാർജ് ഇനത്തിൽ കോടികളുടെ കുടിശ്ശികയുണ്ട്.
പാവപ്പെട്ടവർ തിങ്ങിത്താമസിക്കുന്ന കോളനികളിലും തീരദേശങ്ങളിലും ഉയർന്നപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഇത്തരം പൊതു ടാപ്പുകളാണ് കുടിവെള്ളത്തിന് ആശ്രയം. ഇവ ഇല്ലാതായാൽ പാവപ്പെട്ടവരുടെ കുടിവെള്ളം മുട്ടും. നിലവിൽ പഞ്ചായത്തുകൾ അവയുടെ മുഴുവൻ ഫണ്ടും കുടിവെള്ളക്കരമായി ജലഅതോറിറ്റിക്ക് നൽകേണ്ട സാഹചര്യമാണുള്ളത്.
കോഴിക്കോട് കോർപറേഷൻ നിലവിൽ 31 കോടി രൂപയാണ് ജല അതോറിറ്റിക്ക് അടക്കാനുള്ളത്. ആയിരത്തോളം പൊതു ടാപ്പുകളാണ് കോർപറേഷൻ പരിധിയിലുള്ളത്. പുതിയ നിരക്കുപ്രകാരം പ്രതിവർഷം 2.2 കോടിയോളം രൂപ അടക്കേണ്ടിവരും.
കുടിശ്ശിക അടച്ചുതീർത്തില്ലെങ്കിൽ ടാപ്പുകൾ റദ്ദാക്കുമെന്ന് കാണിച്ച് കോഴിക്കോട് കോർപറേഷന് വാട്ടർ അതോറിറ്റി നോട്ടീസ് നൽകിയിരിക്കുകയാണ്. കടലോര മേഖലകളിലുൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിവെള്ളത്തിന് പൊതു ടാപ്പുകൾ ആശ്രയിക്കുന്നത്. സ്വന്തമായി കിണറില്ലാത്തതും ഉള്ളവർക്ക് ഉപ്പുജല പ്രശ്നവും കടലോര മേഖലയിലെ പ്രതിസന്ധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.