തിരുവനന്തപുരം: ലാഭം വർധിപ്പിക്കലിന്റെ പേരിലെ തസ്തിക വെട്ടിക്കുറക്കലുകളും സുരക്ഷാ സംവിധാനങ്ങളിലെ ചവിട്ടിപ്പിടിത്തങ്ങളും റെയിൽവേക്ക് നേരെ ഉയർത്തുന്നത് ചൂടേറിയ ചോദ്യങ്ങൾ.
ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം 17 റെയിൽവേ സോണുകളിലുമായി 3.12 ലക്ഷം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ലാഭമുണ്ടാക്കാൻ ജീവനക്കാരെ വെട്ടിക്കുറക്കുമ്പോൾ അനുഭവിക്കുന്നത് യാത്രക്കാരാണ്. വടക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ, 38754 എണ്ണം. പശ്ചിമ മേഖലയയിൽ 30,476 ഉം കിഴക്കൻ മേഖലയിൽ 30,141 ഉം മധ്യ റെയിൽവേയിൽ 28,650 ഉം സീറ്റുകളിൽ ആളില്ല. ഇതിൽ നല്ലൊരു ശതമാനവും സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട ജീവനക്കാരാണ്. എൻജിനീയർമാർ, ടെക്നീഷ്യൻമാർ, സ്റ്റേഷൻ മാസ്റ്റർ, ലോക്കോ പൈലറ്റുമാർ, ഇൻസ്പെക്ടർമാർ, പരിശോധകർ, സിഗ്നലിങ് സ്റ്റാഫുകൾ എന്നിങ്ങനെയുളള നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നവയിൽ ഉൾപ്പെടുന്നു.
ലക്ഷക്കണക്കിന് യാത്രക്കാർ ദിനം പ്രതി ആശ്രയിക്കുന്ന പൊതുയാത്രാ സംവിധാനമെന്ന നിലയിൽ സുരക്ഷാമുൻഗണന അനിവാര്യമാണെന്നിരിക്കെയാണ് വരുമാന വർധനയുടെ പേരിലെ ഈ ചവിട്ടിപ്പിടിത്തം.
കഴിഞ്ഞ ആറുവർഷത്തിനിടെ റെയിൽവേ നിർത്തലാക്കിയതാകട്ടെ, 72,383 തസ്തികകളാണ്. ചെലവ് ചുരുക്കലിന്റെയും പുതിയ സാങ്കേതികവിദ്യയുടെ ഭാഗമായി വന്ന തൊഴിൽ സാഹചര്യങ്ങളുമുന്നയിച്ചായിരുന്നു ഈ കടുംവെട്ട്. 2016 മുതൽ 2021 വരെ കാലയളവിൽ 81,000 തസ്തികകൾ അവസാനിപ്പിക്കാനായിരുന്നു സോണുകളോടുള്ള റെയിൽവേ ബോർഡിന്റെ നിർദേശം. ഇതിൽ ദക്ഷിണ റെയിൽവേയിലെ 7524 തസ്തികകളും ഉൾപ്പെടും. ജീവനക്കാരുടെ ക്ഷാമം റെയിൽവേയുടെ ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിക്കുന്നതിനിടെ തസ്തിക വെട്ടിക്കുറക്കണമെന്ന് ആവശ്യപ്പെട്ട് സോണുകൾക്കും ഡിവിഷനുകൾക്കും നിരന്തരം സർക്കുലറുകളെത്തുകയാണ്.
കേരളമുൾപ്പെടുന്ന ദക്ഷിണ റെയിൽവേയിലെ സ്ഥിതിഗതികളും വ്യത്യസ്തമല്ല. തിരുവനന്തപുരത്തും പാലക്കാടുമടക്കം 155 ഓളം സുപ്രധാന തസ്തികകൾ കുറക്കാനായിരുന്നു ഒടുവിലെ സർക്കുലർ. നിലവിൽ തിരുവനന്തപുരം ഡിവിഷനിൽ മാത്രം ആയിരത്തിലേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണിത്.
മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2022-23 സാമ്പത്തിക വർഷം 42,370 കോടിയുടെ അധികവരുമാനം റെയിൽവേ നേടിയെന്നാണ് കണക്ക്. കഴിഞ്ഞവർഷം യാത്രക്കാരിൽനിന്ന് മാത്രമുള്ള വരുമാനം 48,913 കോടിയാണ്. റിസർവ് ചെയ്ത് യാത്രചെയ്യുന്നവർ ഈ കാലയളവിൽ 56 ശതമാനം വർധിച്ചു. റിസർവേഷനില്ലാത്തവരിൽനിന്ന് 10,430 കോടിയും. ഇതിനുപുറമേ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് നൽകി പ്രതിദിനം ഏഴുകോടിയും വരുമാനമുണ്ടാക്കുന്നു. എന്നാൽ പണം നൽകുന്നവർക്ക് മതിയായ സുരക്ഷ നൽകുന്നില്ലെന്നാണ് വസ്തുത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.