മുസ് ലീം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്റെ 36 ാമത് സ്ഥാപക സമ്മേളനം 20ന്

തിരുവനന്തപുരം: മുസ് ലീം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്റെ 36 ാമത് സ്ഥാപകദിന സമ്മേളനത്തിന് തിരുവനന്തപുരം വേദിയാകുമെന്ന് സംസ്ഥാന പ്രസിഡന്റ് പ്രഫ.ഡോ.പി.നസീറും ജനറല്‍ സെക്രട്ടറി എന്‍.കെ. അലിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'ജാതി സെന്‍സസ് നടത്തുക പ്രാതിനിധ്യം ഉറപ്പാക്കുക' എന്ന മുദ്രാവാക്യത്തിലൂന്നി നടത്തുന്ന സമ്മേളനം ഈ മാസം 20 ന് വി.ജെ.ടി ഹാളിലാണ് നടത്തുന്നത്.

മീഡിയ കോണ്‍ക്ലേവും മെക്ക ഹൗസിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ചു നടക്കും. സമ്മേളനം ഡോ. ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ മെക്ക സംസ്ഥാന പ്രസിഡന്റും ന്യൂനപക്ഷ ക്ഷേമ വികസന വകുപ്പ് മുന്‍ ഡയറക്ടറുമായ പ്രഫ.ഡോ.പി. നസീര്‍ അധ്യക്ഷത വഹിക്കും. മെക്ക ഹൗസിന്റെ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീര്‍ നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

മെക്ക ജനറല്‍ സെക്രട്ടറി പ്രഫ.ഡോ.ഇ. അബ്ദുല്‍ റഷീദ് പ്രമേയ അവതരണം നടത്തും. മുന്‍ എം.പി. സോമ പ്രസാദ്, കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, മുന്‍ എം.എ.ല്‍എ വി. ദിനകരന്‍, സി.പി. ജോണ്‍, സംവരണ സമുദായ മുന്നണി സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍, നാഷണല്‍ ബാക്കവാര്‍ഡ് ക്ലാസസ് ഫെഡറേഷന്‍ പ്രതിനിധി സുവര്‍ണകുമാര്‍, മെക്ക മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ എം.എ. സമദ്, ഡോ.പി.ടി.സെയ്ദുമുഹമ്മദ് എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

പ്രാതിനിധ്യ സമ്മേളനം ലക്ഷദീപ് എം.പി മുഹമ്മദ് ഹംദുള്ള സയീദ് ഉദ്ഘാടനം ചെയ്യും. പ്രഫ.ഡോ. മോഹന്‍ ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ.ടി. ശ്യാം കുമാര്‍, വി.ആര്‍. ജോഷി എന്നിവര്‍ പ്രഭാഷണം നടത്തും.

'പ്രാതിനിധ്യം: മാധ്യമങ്ങളുടെ ഒളിച്ചു കടത്തല്‍' എന്ന വിഷയത്തിലൂന്നിയ മീഡിയ കോണ്‍ക്ലേവില്‍ സണ്ണി എം. കപിക്കാട് അധ്യക്ഷ വഹിക്കും. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് മോഹനന്‍, വി.എം.ഇബ്രാഹിം എന്നിവരാണ് പങ്കെടുക്കുന്നത്. സമാപന സമ്മേളനം എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള മെക്ക പ്രതിനിധികളാണ് സമ്മേളനത്തിലെത്തുന്നത്.

സര്‍ക്കാരിന്റെ അധികാരത്തിലും നയരൂപീകരണത്തിലും എല്ലാ പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങളുടെയും പ്രാതിനിധ്യവും തുല്യതയും ലക്ഷ്യമിടുന്ന മെക്ക, മുസ്ലിം വിഭാഗത്തില്‍ നിന്നുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും കൂട്ടായ്മയായയാണ്. പാര്‍ട്ടി ഭേദമന്യേ സംഘടനയില്‍ അംഗങ്ങളുണ്ട്. പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ അധികാരങ്ങളേയും അഭിസംബോധന ചെയ്തു പ്രസ്തുത വിഷയത്തിലേക്ക് സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും പൊതുജനവിഭാഗത്തിന്റെയും ശ്രദ്ധ ക്ഷണിക്കുന്ന പ്രവര്‍ത്തനങ്ങളുമായാണ് മെക്ക മുന്നോട്ടു പോകുന്നത്.

സംവരണം, ജാതി സെന്‍സസ് എന്നിവയെ കുറിച്ചുളള വസ്തുതകള്‍ കാലാനുസൃതമായി സമൂഹത്തിനും ജനങ്ങളിലേക്കും എത്തിക്കുവാന്‍ സംഘടന നടത്തുന്ന നീക്കങ്ങള്‍ പ്രശംസനീയമാണ്. അതുകൊണ്ടു തന്നെ മെക്ക നടത്തുന്ന ഈ സമ്മേളനം അധികാരത്തട്ടിലും സംവരണ തുല്യതയിലും ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി നിരന്തരം നടത്തുന്ന നീക്കങ്ങളിലെ ഒരു നിര്‍ണായക കാല്‍വയ്പ്പാണെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - 36th Constituent Conference of Muslim Employees Cultural Association on 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.