ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഗുരുതരമായ കേസുകള്‍ പൂഴ്ത്തിവെച്ചതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന അതീവ ഗുരുതരമായ പ്രശ്‌നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കിട്ടിയിട്ടും നാലര വര്‍ഷം പൂഴ്ത്തിവെച്ച് നടപടിയെടുക്കാതിരുന്നതെന്തുകൊണ്ടെന്ന് ഇടതു സര്‍ക്കാര്‍ മറുപടി പറയണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്.റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാര്‍ കാണിച്ചത്. അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിദഗ്ധ റിപ്പോര്‍ട്ട് പുറത്തുവിടുകയോ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയോ ചെയ്യാതെ പൂഴ്ത്തിവെച്ചത് സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഐ. ഇര്‍ഷാന പ്രസ്താവനയിൽ അറിയിച്ചു.

സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാരിന് അര്‍ഹതയില്ല. ചലച്ചിത്ര മേഖലയില്‍ സ്ത്രീ സമൂഹം പിച്ചി ചീന്തപ്പെടുന്നതിന്റെ നേര്‍ ചിത്രമാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പരിഷ്‌കൃത സമൂഹം ഒന്നാകെ ലജ്ജിച്ചു തല താഴ്ത്തുകയാണ്. വെള്ളിത്തിരയില്‍ പ്രേക്ഷക സമൂഹത്തെ പൊട്ടിച്ചിരിപ്പിക്കുന്ന നടിമാര്‍ തിരശ്ശീലക്ക് പിന്നില്‍ കരഞ്ഞു തീര്‍ക്കുന്നതിന്റെ ദൃക്‌സാക്ഷി വിവരണമായി മാറിയിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ലിംഗ നീതിയെ കുറിച്ച് അധരവ്യായാമം നടത്തുന്നവര്‍ ചലച്ചിത്ര മേഖലയിലെ ലിംഗ വിവേചനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് നാലര വര്‍ഷം പൂഴ്ത്തിവെച്ചത്.

ചൂഷണത്തിന് നിന്നു കൊടുക്കുന്നവര്‍ക്ക് മാത്രം അവസരം നല്‍കുന്ന തൊഴില്‍ മേഖലയായി സിനിമ മേഖല മാറിയിരിക്കുന്നു. റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ആസൂത്രിതമായ നീക്കം നടത്തിവരെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും എം.ഐ. ഇര്‍ഷാന ആവശ്യപ്പെട്ടു.

Tags:    
News Summary - Hema Committee Report: Women India Movement wants government to answer for hoarding serious cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.