തിരുവനന്തപുരം: കാലങ്ങളായി സിനിമ മേഖലയിൽ നിലനിൽക്കുന്നുവെന്ന് പരക്കെ ആരോപണങ്ങൾ ഉയരുന്ന കാര്യങ്ങളാണ് ഇപ്പോൾ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വഴി പുറത്തു വരുന്നത്. ഇതര തൊഴിൽ മേഖലയുമായി താരതമ്യപ്പെടുത്തുമ്പോൾ നടന്മാരും നടിമാരും വീട്ടിൽനിന്ന് ദിവസങ്ങളും ചിലപ്പോൾ മാസങ്ങളും വിട്ടുനിന്നാണ് ഷൂട്ടിങ് പൂർത്തിയാക്കുന്നത്. ചിലപ്പോഴൊക്കെ വിദേശത്തും ചിത്രീകരണം ഉണ്ടാവാറുണ്ട്.
സിനിമ മേഖലയിലെ ലൈംഗിക ചൂഷണം, കള്ളപ്പണം, മയക്കുമരുന്ന്, ക്വട്ടേഷൻ സാന്നിധ്യം എന്നിവ സംബന്ധിച്ച് ഇടക്കിടെ പരാതി ഉയർന്നു വരാറുണ്ട്. എന്നാൽ ഒന്നും എവിടെയും എത്താറില്ല എന്നതാണ് വാസ്തവം.
ഇക്കാര്യത്തിൽ ഒരു നടപടിയുമെടുക്കാതെ സാംസ്കാരിക വകുപ്പ് ഒഴിഞ്ഞുമാറുന്ന സ്ഥിതിയാണ് മിക്കവാറും നടക്കാറുള്ളത്. ‘സാംസ്കാരിക വകുപ്പിന്റെ കീഴിലാണ് സിനിമ മേഖല. താര സംഘടനയാകട്ടെ തങ്ങളുടെ അംഗങ്ങൾക്കു നേരെയുള്ള ആരോപണങ്ങൾക്ക് പുല്ലുവില കൽപിക്കാറില്ല.
ഇനി അൽപം പ്രസിദ്ധിയുള്ള നടനാണെങ്കിൽ പ്രത്യേകിച്ചും. നേരത്തേ, ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലും തികച്ചും കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാടാണ് ‘അമ്മ’ സ്വീകരിച്ചത്.
മാധ്യമങ്ങളുടെ വ്യാപക ഇടപെടലും നടൻ പൃഥ്വിരാജിനെ പേലെയുള്ള യുവതാരങ്ങളുടെ ഇടപെടലുമാണ് കുറച്ചെങ്കിലും നടപടി സ്വീകരിക്കാൻ ‘അമ്മ’യെ പ്രേരിപ്പിച്ചത്. ഗ്ലാമർ പരിവേഷമുള്ള ഈ തൊഴിൽ മേഖല കലയെയും സാഹിത്യത്തേയും ഒക്കെ കൈയൊഴിഞ്ഞിട്ട് കാലമേറെയായി. മയക്കുമരുന്ന് വിതരണത്തിനും മറ്റും നിയമവിരുദ്ധ പ്രവർത്തനത്തിനും എല്ലാ സിനിമ യൂനിറ്റുകളിലും പ്രത്യേകം ഏജന്റുമാരുണ്ട് എന്നതാണ് വാസ്തവം. അവരുടെയൊക്കെ തണൽ ഇൻഡസ്ട്രിയിലെ പ്രമുഖരുമാണ്.
സർക്കാറും സാംസ്കാരിക വകുപ്പും അടിയന്തര ശ്രദ്ധ ഇനിയെങ്കിലും ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.