തിരുവനന്തപുരം: വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ കേരള സർവകലാശാലയുടെ യശസ് നശിപ്പിക്കാൻ ഇടപെടുന്നുവെന്ന് എസ്.എഫ്.ഐ. രാജ്യത്തെ ഏറ്റവും മികച്ച പത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് കേരള സർവകലാശാല. സർവകലാശാലയിലെ വിദ്യാർഥികളും, അധ്യാപകരും, ജീവനക്കാരും, സെനറ്റ് - സിൻഡിക്കേറ്റ് മെമ്പർമാരും ഒരുമിച്ച് ഒരേ മനസോടെ പ്രവർത്തിച്ചതിൻറെ ഭാഗമായാണ് നാക് അക്ക്രഡിറ്റേഷനിൽ ഉയർന്ന പോയിൻറ് കേരള സർവകലാശാലക്ക് ലഭിച്ചത്. ഈ നേട്ടത്തെയെല്ലാം തകർക്കുന്ന സമീപനമാണ് വൈസ് ചാൻസലർ കസേരയിലിരിക്കുന്ന ഡോ. മോഹനൻ കുന്നുമ്മൽ സ്വീകരിക്കുന്നത്.
വിദ്യാർഥികളുടെ വിവിധ ബിരുദ സർട്ടിഫിക്കറ്റുകളുടെ വിതരണം വൈസ് ചാൻസലർക്ക് ഒപ്പിടാൻ സൗകര്യപ്പെടാത്തത് കൊണ്ട് മാത്രം സതംഭിച്ചിരിക്കുകയാണ്. സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾ പലത് പിന്നിട്ടിട്ടും സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കാതെ ഏകാധിപത്യ സ്വഭാവമാണ് വൈസ് ചാൻസലർ കാണിക്കുന്നത്. സിൻഡിക്കേറ്റ് യോഗം ചേരാത്തതിനാൽ പി.എച്ച്.ഡി അവാർഡ് ചെയ്യൽ അടക്കമുള്ള മുഴുവൻ അക്കാദമിക് പ്രവർത്തനങ്ങളും സർവകലാശാലയിൽ തടസപ്പെട്ടിരിക്കുകയാണ്.
ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻറെ നിർദേശ പ്രകാരം വൈസ് ചാൻസലർ സർവകലാശാലയുടെ യശസ് തകർക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സമീപനം ഡോ. മോഹനൻ കുന്നുമ്മൽ ഉടൻ തിരുത്തണമെന്നും, സിൻഡിക്കേറ്റ് യോഗം ഉടൻ വിളിച്ച് ചേർത്ത് അക്കാദമിക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത വിദ്യാർഥി പ്രക്ഷോഭങ്ങൾ അദ്ദേഹം നേരിടേണ്ടി വരുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.