തിരുവനന്തപുരം: പുറത്തുകാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ലെന്നും കാണുന്നതൊന്നും വിശ്വസിക്കാനാകില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും അതിന് തയാറാകുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന കോഡ് പേരിലാണ് സിനിമ സൈറ്റുകളിൽ വിളിക്കുന്നതെന്നും മലയാള സിനിമയിൽ വനിതകൾ നേരിടുന്ന ചൂഷണങ്ങളും അതിക്രമങ്ങളും സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. നഗ്നതാപ്രദര്‍ശനത്തിനും നിർബന്ധിക്കുന്നതായി വനിതാ സിനിമാ പ്രവർത്തകർ മൊഴിനൽകിയതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണമെന്നും സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണമെന്നും ഹേമ കമ്മിറ്റി ശുപാർശ ചെയ്തു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്. വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം.
സിനിമ മേഖലയിൽ വ്യാപക ചൂഷണമാണുള്ളത്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും വരെ നിർബന്ധിക്കുന്നു. വിട്ടുവീഴ്ച ചെയ്യാന്‍ സമ്മര്‍ദ്ദമുണ്ട്. ജീവഭയം കൊണ്ടാണ് പൊലീസിനെ സമീപിക്കാത്തതെന്നും മൊഴി നൽകിയവർ വ്യക്തമാക്കി.
സിനിമയിലെ ഉന്നതരാണ് അതിക്രമം കാട്ടുന്നത്. ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദ്ദമാണ്. വിസമ്മതിച്ചാല്‍ ഭീഷണിപ്പെടുത്തും. മാഫിയാ സംഘമാണ് മലയാള സിനിമ നിയന്ത്രിക്കുന്നത്.
പ്രധാനനടന്‍മാരും ചൂഷണം ചെയ്യുന്നവരിൽ ഉൾപ്പെടും. എതിര്‍ക്കുന്നവർ സൈബര്‍ ആക്രമണമുള്‍പ്പെടെയുള്ള ഭീഷണികൾക്ക് ഇരയാകാറുണ്ട്. ഇംഗിതങ്ങൾക്ക് വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തും. വഴങ്ങാത്തവര്‍ക്ക് ശിക്ഷയായി രംഗങ്ങള്‍ ആവര്‍ത്തിച്ചെടുക്കുമെന്നും ആലിംഗന രംഗം 17 വട്ടം വരെ എടുപ്പിച്ചുവെന്നും കമീഷൻ മുമ്പാകെ നടികൾ മൊഴി നൽകി.
രാത്രികാലങ്ങളില്‍ വന്ന് മുറികളില്‍ മുട്ടിവിളിക്കുകയും പ്രൊഡക്ഷന്‍ കണ്ടട്രോളര്‍ വരെ ചൂഷകരാകുകയും ചെയ്യുന്നു. ജൂനിയർ ആർട്ടിസ്റ്റുകളെയാണ് ക്രൂരമായ ചൂഷണത്തിന് ഇരയാക്കുന്നത്. ഇവരെ ആവശ്യക്കാർക്ക് കൈമാറ്റം ചെയ്യുന്ന സമാന്തര സംവിധാനം വരെ പ്രവർത്തിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റി 2019 ഡിസംബർ 31ന് സർക്കാറിനു റിപ്പോർട്ട് കൈമാറിയിരുന്നു. ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്.
ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്ന, ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ പൂർണമായി ഒഴിവാക്കി. 49–ാം പേജിലെ 96–ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കും. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ പുറത്തുവിട്ടിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.