പാലക്കാട്: ഫെബ്രുവരി അവസാനിക്കും മുമ്പ് തന്നെ കനത്ത ചൂടിൽ ജില്ല വെന്തുരുകുന്നു. കഴിഞ്ഞ ദിവസം മലമ്പുഴയിൽ 38.5 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് ചൂട് കൂടുന്ന പ്രവണതയാണുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് പാലക്കാട്ട് ശരാശരി 35 ഡിഗ്രിക്ക് മുകളിലാണ് ചൂട്. മണ്ണാർക്കാട്ടും പട്ടാമ്പിയിലും കഴിഞ്ഞ ദിവസം 35 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തി. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് ജില്ലയിൽ പൊതുവെ ചൂട് കൂടുതൽ അനുഭവപ്പെടാറുള്ളത്. എന്നാൽ, ഈ വർഷം നേരത്തേതന്നെ ചൂട് ഉയർന്നത് ജനജീവിതത്തെ ബാധിച്ചുതുടങ്ങി. രാത്രിയിൽ കുറഞ്ഞ താപനിലയിലും വർധനയുണ്ട്. എന്നാൽ അതിരാവിലെ തണുപ്പ് 16 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയാണ്. അട്ടപ്പാടി, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിൽ ഇതിലും താഴ്ന്ന തണുപ്പ് രേഖപ്പെടുത്തി.
സംസ്ഥാനത്ത് സ്ഥിരം ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന ജില്ല കൂടിയായ പാലക്കാട്ട് മുമ്പ് സൂര്യാഘാതത്താലുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. പശു അടക്കമുള്ള വളർത്തുമൃഗങ്ങൾ നേരിട്ട് ചൂടേൽക്കുന്നത് ഒഴിവാക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ തൊഴിൽസമയം ക്രമീകരണം ഏർപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നു. പകൽ 11 മുതൽ മൂന്നുവരെയാണ് ചൂട് കൂടുതലുള്ളത്.
നേരിട്ട് വെയിലേൽക്കുന്ന ജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പുലർത്തണം. ശരീരത്തിലെ ചൂട് ക്രമാതീതമായി ഉയരുക, ശരീരം ചുവക്കുക, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ് എന്നിവയും ബോധക്ഷയവുമാണ് ലക്ഷണങ്ങൾ. ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കണം. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലികൾ ചെയ്യുന്നവർ പകൽ 12 മുതൽ മൂന്നുവരെ വിശ്രമവേളയാക്കണം. ധാരാളം വെള്ളം കുടിക്കുക, കുട്ടികളെ വെയിലത്ത് കളിക്കാൻ വിടാതിരിക്കുക, വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക, കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണം. നിലവിൽ സൂര്യാതപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ചൂട് കൂടിയതോടെ ശീതളപാനീയ വിൽപന കുത്തനെ ഉയർന്നു. യാത്രക്കാരെ ലക്ഷ്യംവെച്ച് പ്രധാന പാതയുടെ വശങ്ങളിലും നഗരത്തിലും ശീതളപാനീയങ്ങളും പഴവർഗങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചു. യാത്രക്കിടയിൽ ചൂട് ശമിപ്പിക്കാൻ ഇത്തരം സ്ഥാപനങ്ങൾ തേടിയെത്തുന്നവരുടെ എണ്ണം കൂടിയതായി കച്ചവടക്കാരും സമ്മതിക്കുന്നു. മായം തീരെ കലരാത്ത ജില്ലയുടെ തനത് വിഭവമായ പനനൊങ്ക് തേടിയെത്തുന്നവർ നിരവധിയാണ്. തണ്ണിമത്തൻ, ഓറഞ്ച് എന്നിവക്കും ആവശ്യക്കാർ ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.