പ്രവാസി ക്ഷേമത്തിന് സംസ്ഥാന ബജറ്റിൽ ഒന്നുമില്ല; രണ്ട് പദ്ധതികളുടെ വിഹിതം കുറച്ചു, രണ്ടെണ്ണത്തിൽ വർധനവില്ല

തിരുവനന്തപുരം: നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാറിന്‍റെ നാലാം ബജറ്റിൽ പ്രവാസി ക്ഷേമത്തിനായി ഒന്നുമില്ല. പ്രവാസികൾക്കുള്ള രണ്ട് പദ്ധതികളുടെ ബജറ്റ് വിഹിതം മുൻ വർഷത്തെ അപേക്ഷിച്ച് വർധനവില്ല. എന്നാൽ, രണ്ട് പദ്ധതികളുടെ വിഹിതത്തിൽ സംസ്ഥാന സർക്കാർ കുറവും വരുത്തി.

പ്രവാസികളുടെ സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ച എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെയും 'സാന്ത്വന' പദ്ധതിയുടെയും വിഹിതത്തിലാണ് ഇത്തവണ വർധനയില്ലാത്തത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ, പുനസംയോജന ഏകോപന പദ്ധതിയുടെയും 'കേരള ദി നോൺ റെസിഡന്‍റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ്' വഴിയുള്ള ക്ഷേമപദ്ധതികളുടെയും ബജറ്റ് വിഹിതത്തിൽ സർക്കാർ ഇത്തവണ കുറവും വരുത്തി.

ആഗോള മാന്ദ്യത്തിന്‍റെയും ഗൾഫ് രാജ്യങ്ങളിലെ ദേശീയവൽകരണത്തിന്‍റെയും ഫലമായി കേരളത്തിലേക്ക് തിരികെ എത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച എൻ.ഡി.പി.ആർ.ഇ.എം പദ്ധതിക്കായി 25 കോടി രൂപ മാത്രമാണ് ഇത്തവണ മാറ്റിവെച്ചത്. ഇത് കഴിഞ്ഞ വർഷത്തെ ബജറ്റിലെ അതേ തുക മാത്രമാണ്. കഴിഞ്ഞ വർഷം 25 കോടിയായിരുന്നു വകയിരുത്തിയത്.

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിക്കായി ഇത്തവണ 44 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇത് കഴിഞ്ഞ വർഷത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. കഴിഞ്ഞ തവണ 50 കോടി വകയിരുത്തിയപ്പോൾ ഇത്തവണ ബജറ്റ് വിഹിതത്തിൽ ആറ് കോടി കുറവ് വരുത്തി.

കുറഞ്ഞത് രണ്ട് വർഷക്കാലം വിദേശത്ത് ജോലി ചെയ്ത് മടങ്ങിവന്ന മലയാളികൾക്ക് 50,000 രൂപ വരെ ചികിത്സ സഹായം, ഒരു ലക്ഷം രൂപ വരെ വിവാഹ ധനസഹായം, വൈകല്യമുള്ളവർക്ക് സഹായ ഉപകരണങ്ങൾ വാങ്ങുന്നതിന് 10,000 രൂപ വരെ ധനസഹായം എന്നിങ്ങനെ ഒറ്റത്തവണ ധനസഹായം ലഭ്യമാക്കാനുള്ള 'സാന്ത്വന' പദ്ധതിക്ക് വേണ്ടി 33 കോടി രൂപ സർക്കാർ മാറ്റിവെച്ചു. കഴിഞ്ഞ വർഷത്തിലെ ബജറ്റിലും 33 കോടി രൂപയായിരുന്നു വകയിരുത്തിയത്.

'കേരള ദി നോൺ റെസിഡന്‍റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ്' വഴിയുള്ള ക്ഷേമപദ്ധതികൾക്കായി 13 കോടി രൂപയും ധനമന്ത്രി ഇത്തവണ ബജറ്റിൽ വകയിരുത്തിയത്. എന്നാൽ, കഴിഞ്ഞ തവണത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. കഴിഞ്ഞ തവണ ഇത് 15 കോടി രൂപയായിരുന്നു. ഇത്തവണ രണ്ട് കോടി രൂപയുടെ കുറവാണ് സർക്കാർ വരുത്തിയത്.

2024-25 സാമ്പത്തിക വർഷം നോർക്കയുടെ വിവിധ പ്രവർത്തനങ്ങൾക്ക് 143.81 കോടി രൂപ ബജറ്റിൽ സർക്കാർ വകയിരുത്തിയിട്ടുണ്ട്.

Tags:    
News Summary - 44 crores for expatriate resettlement, 33 crore for 'Santhwana' scheme; 143.81 crore to NORKA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.