പത്തനംതിട്ട: എസ്.എന്‍.ഡി.പി ശാഖയുടെ പോഷക സംഘടനയില്‍നിന്ന് കെ.എസ്.ആര്.ടി.സി ജീവനക്കാരന് 44 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ആര്. അജിത് കുമാര്‍ പ്രസിഡന്റായ 86ആം നമ്പര്‍ ടൗണ്‍ ശാഖാ യോഗത്തിന്റെ അഴൂര്‍-കൊടുന്തറ പ്രാദേശിക സമിതിയിലാണ് ക്രമക്കേട് നടന്നത്.കെ.എസ്.ആര്.ടി.സി പത്തനംതിട്ട ഡിപ്പോയിലെ കണ്ടക്ടര്‍ അഴൂര്‍ ഗുരുദീപ്തിയില് എം.ടി. രാജാ ഭാസിനെതിരെയാണ്(53) സി.ജെ.എം കോടതി നിര്‍ദേശപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
രാജാഭാസ് നടത്തിയ ക്രമക്കേടുകള്‍ കണ്ടെത്തിയ ശാഖായോഗത്തിന്റെ നിലവിലെ സെക്രട്ടറി അഴൂര്‍ വടക്കേ വീട്ടില്‍ രാജപ്പന് വൈദ്യര്(66) നല്കിയ ഹരജിയിലാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. ഓഡിറ്റ് ചെയ്ത കണക്കുകള്‍ വെട്ടിത്തിരുത്തിയും വ്യാജരേഖ ചമച്ചും മരിച്ചുപോയ ആളുടെ ഓഹരി തട്ടിയെടുത്തുമായിരുന്നു തട്ടിപ്പ്. ശാഖാ കമ്മിറ്റിയുടെ പൊതുയോഗ തീരുമാനപ്രകാരം ആദ്യം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ല.
പരാതിയുമായി ചെന്നവര്ക്കെതിരേ കേസ് എടുക്കുമെന്ന ഭീഷണിവരെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതായി പറയുന്നു. ഇതേ തുടര്‍ന്നാണ് സെക്രട്ടറി രാജപ്പന് വൈദ്യര് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശപ്രകാരം കേസെടുത്തുവെങ്കിലും അന്വേഷണം താമസിപ്പിക്കുകയാണ്. അജിത് കുമാര്‍ പ്രസിഡന്റും രാജഭാസ് സെക്രട്ടറിയുമായി ഇരുന്ന കാലയളവിലാണ് തട്ടിപ്പ് അരങ്ങേറിയതെന്നാണ് ആരോപണം. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തിയും മരിച്ചുപോയ ആളുടെ പണം തിരികെ നല്‍കിയതായി രേഖയുണ്ടാക്കിയുമാണ് തട്ടിപ്പ് നടത്തിയത്.
ഇതേക്കുറിച്ച് പ്രസിഡന്റായ തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന നിലപാടാണ് അജിത്കുമാറിന്. 86ആം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന് കീഴില്‍ ഗുരുദേവക്ഷേത്രം നിര്‍മിക്കുന്നതിനുവേണ്ടിയാണ് 1996ല്‍ അഴൂര്‍-കൊടുന്തറ പ്രാദേശിക സമിതി രൂപവത്കരിച്ചത്. ആരോപണങ്ങളെ തുടർന്ന് 2018 മുതലുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ അഡ്വ. വി.ആര്. ഹരിയെ നിയോഗിച്ചു.
ഈ ഓഡിറ്റിങ്ങിലാണ് തട്ടിപ്പിന്റെ നാള്‍വഴികള്‍ തെളിഞ്ഞത്. സമിതിയുടെ 20.77 ലക്ഷം രൂപ രാജാഭാസ് കബളിപ്പിച്ച് കൈക്കലാക്കിയെന്ന് ഓഡിറ്റിങ്ങില്‍ കണ്ടെത്തി. കൂടാതെ 18.25 ലക്ഷം രൂപ സമിതിയില്‍നിന്ന് വായ്പയായി എടുത്തിട്ടുണ്ട്.
മരിച്ചു പോയ സമിതി അംഗം ജിജു കുമാറിന്റെ ഓഹരിയായ 5.50 ലക്ഷം കുടുംബാംഗങ്ങള്‍ക്ക് തിരികെ നല്‍കിയതായി കാണിച്ച് രാജാഭാസ് കൈക്കലാക്കിയതായും ആരോപണമുണ്ട്. ആകെ 44,52,844 രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളതെന്ന് ഓഡിറ്റിങ്ങില്‍ കണ്ടെത്തി. ഈ വിവരം ചൂണ്ടിക്കാട്ടി കെ.എസ്.ആര്.ടി.സി അധികൃതര്‍ക്കും ശാഖാ കമ്മറ്റി പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.