465 മെഗാവാട്ട് വൈദ്യുതി വാങ്ങൽ: റെഗുലേറ്ററി കമീഷൻ തീരുമാനം ഉടൻ

തിരുവനന്തപുരം: ബദൽ സംവിധാനം ഉണ്ടാക്കുംവരെ 465 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുമതി തേടി കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ റെഗുലേറ്ററി കമീഷൻ തെളിവെടുപ്പ് നടത്തി. വൈകാതെ വിഷയത്തിൽ തീരുമാനമെടുത്തേക്കും. സർക്കാറിനെയും കമീഷൻ കക്ഷിചേർത്തിരുന്നു.

കെ.എസ്.ഇ.ബി ഉണ്ടാക്കിയ ദീർഘകാല കരാറുകൾ ആഴ്ചകൾക്ക് മുമ്പാണ് റെഗുലേറ്ററി കമീഷൻ റദ്ദാക്കിയത്. വിധിക്കെതിരെ കെ.എസ്.ഇ.ബി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ, വിധി സ്റ്റേ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് വൈദ്യുതി വാങ്ങൽ തുടരുന്നതിന് കമീഷന്‍റെ അനുമതി തേടാൻ സർക്കാർ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകിയത്. ബദൽ സംവിധാനം ഉറപ്പാക്കുംവരെ വൈദ്യുതി വാങ്ങാൻ അനുമതി വേണമെന്നാണ് ആവശ്യം. നേരത്തേ ബോർഡിന്‍റെ വിശദീകരണം കേട്ടശേഷമാണ് വ്യവസ്ഥകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കമീഷൻ കരാർ റദ്ദാക്കിയത്.പീക്ക് സമയത്ത് സംസ്ഥാനം രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിടുകയാണെന്ന് ബോർഡ് കമീഷനെ അറിയിച്ചു. 400 മുതൽ 600 വരെ മെഗാവാട്ട് ഇപ്പോൾതന്നെ വാങ്ങുന്നുണ്ട്. 465 മെഗാവാട്ട് വാങ്ങുന്നത് അവസാനിപ്പിച്ചാൽ വൈദ്യുതിയുടെ കുറവ് 1100 മെഗാവാട്ടായി ഉയരും. ഈ വർഷവും വരും വർഷങ്ങളിലും വൈദ്യുതി ക്ഷാമം തുടരും. ഇത്രയും വലിയ അളവ് വൈദ്യുതിക്ക് ബദൽ എളുപ്പവുമല്ല.

2022 ജൂൺ 25ന് 500 മെഗാവാട്ടിന് ടെൻഡർ വിളിച്ചെങ്കിലും 250 മെഗാവാട്ട് മാത്രമാണ് ലഭിച്ചത്. റീടെൻഡറിന് ആറുമാസമെടുക്കും. വിപണി സ്വഭാവം നോക്കുമ്പോൾ നിലവിലെ കരാർ നിരക്കിൽ വൈദ്യുതി കിട്ടാൻ സാധ്യത കുറവാണ്. ഇപ്പോൾ യൂനിറ്റിന് 10 രൂപവരെയാണ് വില. ഈ വിലക്ക് വൈദ്യുതി വാങ്ങിയാൽ പിന്നീട് ജനങ്ങൾക്ക് അധിക ബാധ്യത വരും. കഴിഞ്ഞ മേയ് 21മുതൽ 31 വരെ 200 മെഗാവാട്ടിന് ടെൻഡർ വിളിച്ചപ്പോൾ യൂനിറ്റിന് 9.26 രൂപക്കാണ് ലഭിച്ചതെന്നും ബോർഡ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - 465 MW power purchase: Regulatory Commission decision soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.