4.73 കോടിയുടെ ഡിജിറ്റൽ ലൈബ്രറികൾ പാതിവഴിയിൽ; കരാർ കാലാവധി കഴിഞ്ഞിട്ട്​ ഒന്നരവർഷം

കൊച്ചി: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന ആദിവാസി വിദ്യാർഥികൾക്ക് മികച്ചതും ഗുണമേന്മയുള്ളതുമായി വിദ്യാഭ്യാസം സൗജന്യമായി നൽകുന്നതിന്​ മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ച പദ്ധതികളിലൊന്നായ ഡിജിറ്റൽ ലൈബ്രറി പാതിവഴിയിൽ. പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥയാണ് പദ്ധതി പൂർത്തീകരിണത്തിന് തടസമായത്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് നിർദേശം നൽകുന്നതിലും വിലയിരുത്തൽ നടത്തുന്നതിലും വകുപ്പിന് വീഴ്ചപറ്റിയെന്നാണ് എ.ജി റിപ്പോർട്ട്.

പട്ടികവർഗ വകുപ്പിന് കീഴിലുള്ള ഏഴ് മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലാണ് (എം.ആർ.എസ്) ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കാൻ തീരുമാനിച്ചത്. അംഗീകൃത ഏജൻസിയായ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനാണ് (കെ‌.എസ്.ഐ.ഇ- ലിമിറ്റഡ്) കരാർ ഏറ്റെടുത്തത്. അതുപ്രകാരം ഏറ്റുമാനൂർ, കണിയാമ്പറ്റ, നിലമ്പൂർ, കാസർകോട്​, ചാലക്കുടി, കുളത്തൂപുഴ, മുന്നാർ എന്നിവിടങ്ങളിലെ എം.ആർ.എസുകളിൽ ഡിജിറ്റൽ ലൈബ്രറിയിലും സിസിടിവി ക്യാമറയും സ്ഥാപിക്കാമെന്നായിരുന്നു കരാർ. പദ്ധതിക്ക് 4.73 കോടി രൂപയുടെ എസ്റ്റിമേറ്റ് കണക്കാക്കി. കെ‌.എസ്‌.ഐ.ഇയും പട്ടികവർഗ ഡയറക്ടറും തമ്മിൽ 2020 ജനുവരി 24ന് കരാർ ഒപ്പുവെച്ചു. വർക്ക് ഓർഡർ ലഭിച്ച് 90 ദിവസത്തിനുള്ളിൽ പദ്ധതി നടപ്പാക്കുമെന്നായിരുന്നു കരാറിലെ മൂന്നാമത്തെ വ്യവസ്ഥ.


കരാറിലെ നിബന്ധനകൾ‌ പ്രകാരം 2020 ഏപ്രിൽ 24ന് മുമ്പായി നിർമാണം പൂർ‌ത്തിയാക്കേണ്ടതായിരുന്നു. എ.ജി ഉദ്യോഗസ്ഥർ 2019 ജനുവരി അഞ്ച് മുതൽ 2021 ഫെബ്രുവരി 28വരെ പരിശോധന നടത്തുമ്പോഴും ഒരു സ്കൂളുകളിലും‌ം പ്രവൃത്തി തൃപ്തികരമായി പൂർ‌ത്തിയാക്കിയിട്ടില്ല. വർക്ക് ഓർഡറിൻെറ 10-ാം വ്യവസ്ഥ പ്രകാരം അംഗീകൃത ഏജൻസിയിൽ നിന്ന് കൃത്യമായി സാക്ഷ്യപ്പെടുത്തിയ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചശേഷം മാത്രമേ പ്രവൃത്തികൾക്കുള്ള അവസാന പേയ്‌മെൻറ് നൽകൂ. കരാറിൻെറ ആറാം വ്യവസ്ഥ പ്രകാരം പദ്ധതി പൂർത്തിയായ ഉടൻ കെ.‌എസ്‌.ഐ.ഇ എല്ലാ വിശദാംശങ്ങളും അടങ്ങിയ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകണം.

എന്നാൽ, പൂർ‌ത്തിയാക്കിയ‌ സർ‌ട്ടിഫിക്കറ്റും യൂട്ടിലൈസേഷൻ‌ സർ‌ട്ടിഫിക്കറ്റും കെ‌.എസ്‌.ഐ.ഇയിൽ‌ നിന്നും പട്ടികവർഗ വകുപ്പിന് ലഭിച്ചിട്ടില്ല. മാത്രമല്ല പദ്ധതി പൂർ‌ത്തിയാക്കാൻ‌ ലക്ഷ്യമിട്ട തീയതി മുതൽ‌ ഒരു വർഷം പിന്നിട്ടിട്ടും പട്ടികവർഗ വകുപ്പ് പണി പൂർത്തിയാക്കണമെന്ന് നിർബന്ധിച്ചിട്ടില്ല. കരാർ നിബന്ധനകൾ ലംഘിച്ചിട്ടും നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതിലും നിർമാണ ഏജനസിക്കെതിരെ നിയമ നടപടിയും സ്വീകരിക്കാൻ പട്ടികവർഗ വകുപ്പിന് നീക്കമില്ല.

പരിശോധനയിൽ ഗുണനിലവാരമില്ലാത്ത ജോലികളാണ് പല സ്കൂളിലും നടത്തിയിരിക്കുന്നത്. കുളത്തൂപുഴ എം.ആർ.എസിൽ നിന്ന് ഏജൻസിയുടെ മോശപ്പെട്ട പ്രവർത്തനത്തെക്കുറിച്ച് പരാതി ലഭിച്ചു. ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട് ഏജൻസി ഷെൽഫ് സ്ഥാപിച്ചിരുന്നു. അത് ചിതൽതിന്ന് നശിച്ചിരിക്കുന്നു. ഗുണനിലവാരമില്ലാത്ത സാധനങ്ങളാണ് ഏജൻസി സ്കൂളിൽ സ്ഥാപിച്ചതെന്ന് വ്യക്തം. ഈ സ്കൂളിൽനിന്ന് ലഭിച്ച പരാതിയിൽ നിന്ന് ഏജൻസി നടത്തിയ പ്രവർത്തനങ്ങളുടെ അപര്യാപ്തത അക്കമിട്ട് വ്യക്തമാക്കുന്നു.

ഏജൻസി നടത്തിയ നിർമാണ പ്രവർത്തങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ പട്ടികവർഗ വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചു. കുളത്തൂപുഴ എം‌.ആർ‌.എസിൽ നിന്ന് ഉന്നയിച്ച പരാതിക്ക് പരിഹാരം ഉണ്ടാക്കാനും അത് പരിഹരിക്കാനും വകുപ്പ് നടപടി ്സ്വീകരിച്ചിട്ടില്ല.

വർക്ക് ഓർഡറിൽ വ്യക്തമാക്കിയത് സിസിടിവി ക്യാമറ ഇൻസ്റ്റാൾ ചെയ്യുമെന്നാണ്. എല്ലാ ഡിജിറ്റൽ ലൈബ്രറിയിലും ഒരു സിസിടിവി സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാമെന്ന്​ 2019 ഡിസംബർ 21 ലെ കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ല. നിബന്ധനകളുടെ ലംഘനം നടത്തിയിട്ടും പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ട്.

Tags:    
News Summary - 4.73 crore MRS digital libraries halfway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.