കോഴിക്കോട് : വ്യാജ ബില്ലുകളും രസീതകളും നൽകി മാന്തവാടിയിൽ പ്രളയ ഫണ്ട് തട്ടിയെടുത്തുവെന്ന് റിപ്പോർട്ട്. 2019 ലെ പ്രളയ കാലത്ത് ചെലവഴിച്ചുവെന്ന് അവകാശപ്പെട്ട് പനമരം വില്ലേജ് ഓഫീസർ സമർപ്പിച്ച ബില്ലുകൾ, രസീതുകൾ, എന്നിവ പരിശോധിച്ചതിൽ അധികം തുക രേഖപ്പെടുത്തിയെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി. ഈ വ്യാജ ബില്ലുകൾ 2020 ജനുവരി മാസത്തിൽ തഹസിൽദാർ പാസാക്കി നൽകി. പലതിലും വ്യജ ഒപ്പുകളും കണ്ടെത്തി.
നാല് ചെമ്പുകൾ വാടകക്ക് നൽകിയത് ബ്രദേഴ്സ് ലൈറ്റ് ആൻഡ് സൗണ്ട്സ് മാനേജർ അലിയാണ്. അതിന് വാടകയായി 4,400 രൂപയാണ് നൽകിയത്. 48,000 രൂപ കൈപ്പറ്റിയതായുള്ള ബില്ല് വില്ലേജ് ഓഫീസർ തയാറാക്കി. ബില്ലിലേത് തന്റെ ഒപ്പല്ലെന്നും അലി എഴുതി അറിയിച്ചു. നാല് ചെമ്പിന്റെ വാടക 48,000 രൂപയെന്നത് തികച്ചും അവിശ്വസനീയമാണെന്ന് റിപ്പോർട്ടിൽ വിലയിരുത്തി.
നാദം ലൈറ്റ്സ് ആൻഡ് സൗണ്ട്സ് സ്ഥാപന ഉടമ അഷറഫിന് ലഭിച്ചത് 30,000 രൂപയാണ്. അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റേതായി 1,14,000 രൂപയുടെയും 66,040 രൂപയുടെയും രണ്ട് ബില്ലുകൾ പരിശോധനയിൽ കണ്ടെത്തി. ഈ ബില്ലുകൾ തന്റെ സ്ഥാപനത്തിൽ നിന്നും നൽകിയിട്ടില്ലെന്ന് അദ്ദേഹം എഴുതി നൽകി. ഈ സ്ഥാപനത്തിന് ആകെ 1,80,040 രൂപ നൽകിയിട്ടുണ്ടെന്നും ഈ തുക സ്ഥാപന മാനേജർ കൈപ്പറ്റിയെന്നും വില്ലേജ് ഓഫീസർ വിശദീകരണം നൽകി. വ്യാജ ബില്ലാണ് നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പനമരം സ്കൂളിൽ നടത്തിയ ക്യാമ്പിൽ പാചകം ചെയ്ത വകയിൽ 3,000 രൂപ പ്രതിഫലം ലഭിച്ചുവെന്നും 9,900 രൂപ ലഭിച്ചതായി രസീത് ഒപ്പിട്ട് നൽകിയിട്ടില്ലെന്നും വി.ബി ഷൈമ അന്വേഷണ സംഘത്തിന് മൊഴി നൽകി. ദിവസം 900 രൂപ നിരക്കിൽ 11 ദിവസത്തേക്ക് 9,900 രൂപ ഷൈമക്ക് നൽകിയിയെന്നാണ് വില്ലേജ് ഓഫീസറുടെ വിശദീകരണം. സരോജിനിക്ക് 1,000 രൂപയാണ് ലഭിച്ചത്. ബില്ലിൽ അത് 6,600 രൂപയായി ഉയർന്നു. സുമക്ക് ലഭിച്ച് 3000 രൂപയാണ്. ബില്ലിൽ 6,600 ആയി. നീർവാരം സ്കൂളിലെ ശിവദാസൻ പുതുക്കോട്ടും സരള സുരേന്ദ്രനും വില്ലേജ് ഓഫിസർക്കെതിരെ മൊഴി നൽകി. എട്ടു കേസുകളിലാണ് ധനകാര്യ പരിശോധനാ വിഭാഗം ക്രമക്കേട് കണ്ടെത്തിയത്.
താലൂക്ക് ഓഫീസിലെ ഫയലിൽ തുക കൈപ്പറ്റിയ ബില്ലിലെ ആറ് വ്യക്തികളുടെ ഒപ്പുകൾ വ്യാജമാണ്. രസീതുകൾ വ്യാജമായി സൃഷ്ടിച്ചതിന് ഇത് മതിയായ തെളിവാണ്. താലൂക്ക് ഓഫീസിലെ ഫയലിൽ നിന്ന് ലഭിച്ച രസീതുകളിൽ രേഖപ്പെടുത്തിയ പ്രകാരമുള്ള തുകകൾ കൈപ്പറ്റിയിട്ടില്ലായെന്നും രസീത് ഒപ്പിട്ടു നല്കിയിട്ടില്ലായെന്നും ജില്ലാ ധനകാര്യ പരിശോധനാ സ്ക്വാഡിനെ അറിയിച്ച ശേഷം തുക കൈപ്പറ്റിയതായി വില്ലേജ് ഓഫീസർക്ക് മൊഴി ഒപ്പിട്ടു നല്കിയ സുമ മാത്തൂർ പൊയിൽ കോളനി, ഷൈമ മാത്തൂർ പൊയിൽ കോളനി, ശിവദാസൻ, സരള സുരേന്ദ്രൻ എന്നിവരെ സ്ക്വാഡ് വീണ്ടും സന്ദർശിച്ചു.
ശിവദാസൻ, സരള എന്നിവരെ മുൻ വില്ലേജ് ഓഫീസർ പനമരം വില്ലേജ് ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ശിവദാസന് 7700 രൂപ നൽകുകയും ഇദ്ദേഹം ഈ തുക സരളക്ക് കൈമാറുകയും ചെയ്തുവെന്നും മൊഴി ലഭിച്ചു. ഷൈമ, സുമ എന്നിവർക്ക് മുൻ വില്ലേജ് ഓഫീസർ 3000 രൂപ വീതം നൽകിയ ശേഷം വെള്ളപേപ്പറിൽ ഒപ്പ് വാങ്ങിയെന്നും ഇവർ സ്ക്വാഡിനെ അറിയിച്ചു.
പരിശോധനയിൽ ബില്ലുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പനമരം മുൻ വില്ലേജ് ഓഫീസർ ബില്ലിൽ രേഖപ്പെടുത്തിയ തുക നൽകി ഒത്തുതീർപ്പാക്കി. ധനകാര്യ പരിശോധനാ സ്ക്വാഡ് വില്ലേജ് ഓഫീസറുടെ വിശദീകരണം ആവശ്യപ്പെട്ടതിനു ശേഷമാണ് തുക നൽകിയത്. വ്യാജ ബില്ലുകൾ സൃഷ്ടിക്കുകയും സ്ക്വാഡിന് വിശദീകരണം നൽകുന്നതിനായി ബില്ലിൽ രേഖപ്പെടുത്തിയ തുകകൾ നൽകി മൊഴികൾ സംഘടിപ്പിക്കുകയും ചെയ്ത നടപടി വളരെ ഗുരുതരമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മുൻ വില്ലേജ് ഓഫിസർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.