തെരുവുനായ്ക്കളെ പിടിച്ച് എ.ബി.സി കേന്ദ്രങ്ങളിൽ എത്തിക്കുന്നവർക്ക് 500 രൂപ പ്രതിഫലം

തിരുവനന്തപുരം: തെരുവുനായ്ക്കളെ പിടിച്ച് വാക്സിനേഷനും വന്ദ്യംകരണത്തിനുമായി എ.ബി.സി കേന്ദ്രങ്ങളിൽ എത്തിക്കുന്നവർക്ക് പ്രതിഫലം 500 രൂപ. തെരുവുനായ്ക്കളെ പിടക്കുന്നതിനുള്ള പദ്ധതി വേഗത്തിലാക്കുന്നതിനായുള്ള നടപടികൾ വിശദീകരിച്ച് തദേശസ്വയംഭരണ വകുപ്പ് പുതുക്കിയ ഉത്തരവിറക്കി.

മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും എം.ബി. രാജേഷും പങ്കെടുത്ത യോഗത്തിലാണ് തെരുവുനായ നിയന്ത്രണത്തിനായി അധിക മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ തീരുമാനമെടുത്തത്. നായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പുകൾക്കാവശ്യമായ വാക്സിൻ സംഭരണം, വിതരണം, ക്യാമ്പുകൾ സംഘടിപ്പിക്കൽ, മോണിറ്ററിങ് സമിതി രൂപവത്കരിക്കൽ, ഡോഗ് ക്യാച്ചേഴ്സ്, മൃഗപരിപാലകർ എന്നിവരെ ജില്ലാടിസ്ഥാനത്തിൽ നിയമിക്കൽ തുടങ്ങിയവയുടെ ഏകോപനവും നടത്തിപ്പും മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ ചുമതലയാണ്.

കുടുംബശ്രീയും സന്നദ്ധ സംഘടനകളും വഴി ലഭ്യമാക്കുന്ന ഡോഗ് ക്യാച്ചേഴ്സിനാവശ്യമായ പരിശീലനം നൽകി നിയമിക്കൽ തുടങ്ങിയവയുടെ ഏകോപനവും നടത്തിപ്പും മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ ചുമതലയാണ്. പുതുതായി ആരംഭിക്കുന്ന എ.ബി.സി കേന്ദ്രത്തിനാവശ്യമായ സ്ഥലം കലക്ടറുടെ നേതൃത്വത്തിൽ ജില്ലതല ഉദ്യോഗസ്ഥരുടെയും കൂടി സഹായത്തോടെ കണ്ടെത്തി തദ്ദേശ സ്ഥാപന സെക്രട്ടറി ഏകോപിപ്പിക്കണം.

മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലും സാങ്കേതിക നിർദേശങ്ങളും അനുസരിച്ചായിരിക്കും എ.ബി.സി സെന്ററുകളുടെ നിർമാണ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുക. അനിമൽ ഷെൽട്ടറുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ ജനകീയ സമിതിയുടെ മേൽനോട്ടത്തിൽ ഏറ്റെടുക്കും.

നിലവിൽ വളർത്തുമൃഗങ്ങളുടെ ലൈസൻസ് ഫീസായി പത്ത് രൂപയാണ് 1998 ലെ പന്നികൾക്കും പട്ടികൾക്കും ലൈസൻസ് നൽകൽ ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നത്. ഇത് ഒക്ടോബർ 15 മുതൽ 50 രൂപയായി വർധിപ്പിച്ചു. വളർത്തു മൃഗങ്ങൾക്കും തെരുവുനായ്ക്കൾക്കും സാർവത്രിക വാക്സിനേഷൻ നടപ്പാക്കുന്നതിനായി വിരമിച്ച ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ സേവനം ദിവസവേതനാടിസ്ഥാനത്തിൽ ലഭ്യമാക്കും.

ഓരോ പഞ്ചായത്ത് പരിധിയിലും ലഭ്യമായ ഇത്തരം ഉദ്യോഗസ്ഥരുടെ വിവരങ്ങൾ മൃഗസംരക്ഷണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറും. മൃഗാശുപത്രികളിൽ വച്ച് നടത്തുന്ന വളർത്തുനായ്ക്കളിലെ വാക്സിനേഷൻ ഫീസ് 15 രൂപയും വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഫീസ് 15 രൂപയും ചേർത്ത് 30 രൂപ ഈടാക്കും. ഇതിൽ വാക്സിൻ ചാർജ് ഈടാക്കുന്നില്ല.

വാക്സിനെടുത്ത നായക്കളുടെ ഉടമസ്ഥർ നിർബന്ധമായും ലൈസൻസ് എടുത്തിരിക്കണം. ഇതിനായി ഓഫിസുകൾ കയറിയിറങ്ങേണ്ടതില്ല. citizen.lsgkerala.gov.in എന്ന വെബ് സൈറ്റ് വഴിയും വിവരങ്ങൾ നൽകി ഫീസടച്ചാൽ ലൈസൻസ് തപാലിലും ലഭിക്കും. പേവിഷ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവരും നിർബന്ധമായും ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പ്രതിരോധ കുത്തിവെയ്പ് സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. 

Tags:    
News Summary - 500 rupees reward to persons who catch dogs and bring them to ABC centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.