ചാവക്കാട്: മന്ദലാംകുന്നിൽനിന്ന് മോഷ്ടിച്ച വില കൂടിയ ആടിനെ വീട്ടുകാർ മല്ലാട് കശാപ്പ് ശാലയിൽ കണ്ടെത്തി. പ്രതിയെ കണ്ടെത്താൻ വടക്കേക്കാട് പൊലീസ് നെട്ടോട്ടത്തിൽ.
മന്ദലാംകുന്ന് സെൻററിന് പടിഞ്ഞാറ് പരേതനായ കറുത്താക്ക മുഹമ്മദ് കുട്ടിയുടെ ഭാര്യ റുമൈല വീടിനോട് ചേർന്ന് വളർത്തുന്ന കൂട്ടിൽനിന്ന് ഹൈദരബാദ് ബീറ്റലിൽ പെട്ട ആടുകളിലൊന്നാണ് മോഷണം പോയത്. ശനിയാഴ്ച പുലർച്ചയാണ് ആടിനെ മോഷ്ടിച്ചത്.
നേരം പുലർന്നപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. ഒരു വയസ്സിലേറെ പ്രായമുള്ള ആടിന് 50,000 രൂപ വിലവരും. കഴിഞ്ഞ ദിവസം ആടിനെ വിലക്ക് വാങ്ങാൻ ഒരാൾ വന്നിട്ടുണ്ടായിരുന്നു. വില കുറച്ചു പറഞ്ഞതിനാൽ കൊടുത്തില്ല.
കൂട്ടിൽ ഉപ്പ് വിതറിയിട്ടുണ്ട്. ആടിൻെറ വായിൽ ഉപ്പ് തള്ളിക്കയറ്റിയാണ് കൊണ്ടുപോയതെന്ന് സംശയിക്കുന്നു. ഉപ്പ് കയറ്റിയാൽ ആട് കരഞ്ഞ് ബഹളമുണ്ടാക്കില്ലത്രെ.
പൊതുപ്രവർത്തകൻ അണ്ടത്തോട് പാപ്പാളി കാട്ടുശേരി താഹിറിൻെറയും ഇറച്ചി വ്യാപാരികളുടെയും ഇടപെടലാണ് ആടിനെ കണ്ടെത്താനിടയാക്കിയത്. കാണാതായ ആടിൻെറ പടം വാങ്ങിയ താഹിർ അണ്ടത്തോട് ഇറച്ചി വ്യാപാരിയായ ശിഹാബിന് അയച്ചുകൊടുത്ത് വിവരം പങ്കുവെച്ചു.
ശിഹാബ് സംസ്ഥാന വ്യാപകമായുള്ള ഇറച്ചി വ്യാപാരികളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഇക്കാര്യം പങ്കുവെച്ചു. മണിക്കൂറിനുള്ളിൽ തന്നെ കാണാതായ ആട് ഗുരുവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പേരകം മല്ലാടുള്ള കശാപ്പ് ശാലയിലുണ്ടെന്ന വിവരം ലഭിച്ചു. അയ്യായിരം രൂപക്ക് വിൽക്കാനാണത്രെ മോഷ്ടാവ് ആടുമായെത്തിയത്.
കശാപ്പ് ശാലയിലുണ്ടെന്ന വിവരമറിഞ്ഞതോടെ റുമൈലയുടെ മകൾ വാഹനവുമായി പോയി ആടിനെ വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാൽ, പൊലീസ് കേസുമായി മുന്നോട്ട് പോകരുതെന്നും അങ്ങനെയുണ്ടായാൽ പ്രശ്നമുണ്ടാകുമെന്നും ആടിനെ വിട്ടുകൊടുക്കുമ്പോൾ ഒരാൾ ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപമുണ്ട്. പ്രതിയെ ഉടനെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.