കണ്ണൂർ: ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം. മത്സ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെയും വിശ്രമത്തിന്റെയും നാളുകൾ. മത്സ്യസമ്പത്ത് നിലനിര്‍ത്താനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കാനുമാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.
വ്യാഴാഴ്ച അര്‍ധരാത്രി 12 മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയാണ് നിരോധനം. ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ആയിക്കര കടപ്പുറത്തടക്കം മത്സ്യബന്ധനം അവസാനിപ്പിച്ച ബോട്ടുകൾ ഹാർബറിൽ കരടക്കടുപ്പിച്ച് തുടങ്ങി. 52 ദിവസമാണ് നിരോധന കാലയളവ്. യന്ത്രവത്കൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണ് നിരോധനം. പരാമ്പരാഗത മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ, ജില്ലയിൽ കൂടുതലും യന്ത്രവത്കൃത രീതിയിലുള്ള മത്സ്യബന്ധനമാണ്. അതിനാൽ, ട്രോളിങ് നിരോധനം മത്സ്യത്തൊഴിലാളികൾക്ക് വറുതിയുടെ നാളുകളാണ് സമ്മാനിക്കുക. ലഭ്യതക്കുറവുമൂലം മത്സ്യങ്ങളുടെ വിലയും ഇരട്ടിയാകും.
ഉൾഗ്രാമങ്ങളിൽ മീൻ വിൽപന നടത്തുന്ന തൊഴിലാളികൾക്കും ഇനി ഇല്ലായ്മയുടെ നാളുകളായിരിക്കും. ട്രോളിങ് നിരോധനത്തിന്റെ സാഹചര്യത്തില്‍ ജില്ലയിലെ ഇതര സംസ്ഥാന ബോട്ടുകള്‍ തീരംവിടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നിരോധനം ഫലപ്രദമായി നടപ്പാക്കാൻ രണ്ട് ബോട്ടുകള്‍ വാടകക്കെടുത്തു. രക്ഷാപ്രവര്‍ത്തനത്തിനായി നാല് ലൈഫ് ഗാര്‍ഡുമാരെ തിരഞ്ഞെടുക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ തുടങ്ങിയതായും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
നിരോധന കാലയളവില്‍ കടലില്‍ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ബയോമെട്രിക് ഐ.ഡി കാര്‍ഡ്/ആധാര്‍ കാര്‍ഡ്/ ലൈഫ് ജാക്കറ്റ് എന്നിവ കരുതണം. ഹാര്‍ബറുകളിലെയും മറ്റും ഡീസല്‍ബങ്കുകള്‍ അടച്ചുപൂട്ടും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസലിനായി തിരഞ്ഞെടുത്ത മത്സ്യഫെഡ് ബങ്കുകള്‍ അനുവദിക്കും. ഒരു ഇന്‍ബോര്‍ഡ് വള്ളത്തിന് ഒരു കാരിയര്‍ മാത്രം അനുവദിക്കും. ലൈറ്റ് ഫിഷിങ്ങും ജുവനൈല്‍ ഫിഷിങ്ങും നിരോധിക്കും. മീന്‍പിടിത്തക്കാര്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഗൗരവമായെടുക്കണം.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള ചുമതല മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ് ഫിഷറീസ് വകുപ്പുകള്‍ക്കായിരിക്കും. അടിയന്തര സാഹചര്യത്തില്‍ നേവി ഹെലികോപ്ടര്‍ സേവനം ലഭ്യമാക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.