തിരുവനന്തപുരം: സ്കോൾ കേരളയിൽ പാർട്ടിക്കാർക്കും ബന്ധുക്കൾക്കും സ്ഥിരം നിയമനം നൽകാൻ ജോലി ചെയ്യാതെ പന്തലുകെട്ടി സമരം ചെയ്ത കാലവും സർവിസ് കാലയളവായി പരിഗണിക്കുന്നു. പത്തുവർഷം ജോലി ചെയ്തവർ എന്ന പരിഗണനയിലാണ് 55 പേരെ സ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നത്.
ഇവരിൽ പകുതിയോളം പേർ കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കരാർ കാലാവധി പൂർത്തിയായതിനെതുടർന്ന് സർവിസിൽനിന്ന് പുറത്തായിരുന്നു. കരാർ പുതുക്കിനൽകണമെന്നാവശ്യപ്പെട്ട് ഇവർ മാസങ്ങളോളം പൂജപ്പുരയിലെ സ്കോൾ കേരള ഒാഫിസിന് മുന്നിൽ സമരം നടത്തി. കരാർ പുതുക്കിനൽകുന്നതിന് പകരം, മുമ്പ് ഒാപൺ സ്കൂളിൽ ജോലി ചെയ്യുകയും എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായപ്പോൾ പിരിച്ചുവിടുകയും ചെയ്തവർ ഉൾപ്പെടെയുള്ള മുൻ പരിചയമുള്ള മുഴുവൻ പേരെയും ഇൻറർവ്യൂവിനായി ക്ഷണിച്ചിരുന്നു.
എന്നാൽ, കരാർ കാലാവധി അവസാനിച്ചവരിൽ ഒരു വിഭാഗം സി.പി.എം സഹായത്തോടെ ഇൻറർവ്യൂവിൽ പെങ്കടുക്കാതെ സമരം ആരംഭിക്കുകയായിരുന്നു. കരാർ കാലാവധി അവസാനിച്ചവരിൽ പലർക്കും ഇൻറർവ്യൂ വഴി നിയമനം ലഭിച്ചപ്പോഴും 29 പേർ പേർ സമരം തുടർന്നു. ഇവരെ പിന്നീട് നിലവിലുള്ള സർക്കാർ വന്നശേഷം കരാറടിസ്ഥാനത്തിൽ പുനഃപ്രവേശിപ്പിച്ചു. എന്നാൽ, ഇവർക്ക് സ്ഥിരപ്പെടുത്തലിന് ആവശ്യമായ പത്തുവർഷം തികയാതെ വന്നതോടെയാണ് ഒാഫിസിന് മുന്നിൽ പന്തലുകെട്ടി സമരം ചെയ്തകാലം കൂടി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനായ സ്കോൾ കേരള ജനറൽ കൗൺസിൽ സർവിസ് കാലമായി അംഗീകരിച്ചുനൽകിയത്.
2013 നവംബർ 28 മുതൽ 2016 ആഗസ്റ്റ് വരെ ഇവർ സ്കോൾ കേരളയിൽ ഇല്ലായിരുന്നു. രണ്ടരവർഷത്തിലേറെ സർവിസിൽ ഇല്ലാത്തകാലം മന്ത്രി പെങ്കടുത്ത യോഗം സർവിസായി പരിഗണിച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതുവഴിയാണ് 55 പേരെ സ്ഥിരപ്പെടുത്താനുള്ള സാഹചര്യം വിദ്യാഭ്യാസവകുപ്പ് ഒരുക്കിയത്. അതേസമയം, സ്കോൾ കേരളക്ക് മുമ്പ് നിലവിലുണ്ടായിരുന്ന ഒാപൺ സ്കൂളിൽ നാലകത്ത് സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോൾ നിയമിക്കപ്പെട്ടവരിൽ ശേഷിക്കുന്ന 28 പേർ ഏതുസമയവും പിരിച്ചുവിടാൻ പാകത്തിൽ ദിവസവേതനക്കാരായാണ് തുടരുന്നത്.
ഇവരെ ദിവസവേതനക്കാരും എൽ.ഡി.എഫ് സർക്കാർ കാലത്ത് നിയമിക്കപ്പെട്ടവർ കരാറടിസ്ഥാനത്തിലുമാണ് ജോലി ചെയ്തുവരുന്നത്. ഇതിൽ എൽ.ഡി.എഫ് നിയമിച്ച 55 പേരെയാണ് സ്ഥിരപ്പെടുത്തുന്നത്. സ്ഥിരപ്പെടുത്തുന്നവരിൽ 18 പേർ പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികളുടെ ഭാര്യമാരോ സഹോദരിമാരോ ആണ്. പാർട്ടി പത്രത്തിലെ ജീവനക്കാരുടെ ബന്ധുക്കളും സ്ഥിരപ്പെടുത്തൽ പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.