തൊടുപുഴ: കോവിഡിെൻറ മറവിൽ സംസ്ഥാനത്തേക്ക് നിലവാരമില്ലാത്ത പൾസ് ഒാക്സിമീറ്ററുകളുടെ ഒഴുക്ക് തുടരുന്നു. നാലു ദിവസത്തിനിടെ 56 ലക്ഷത്തിന്റെ മീറ്ററുകളാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടികൂടി തിരിച്ചയച്ചത്. ചൈനീസ് നിർമിത മീറ്ററുകൾ മുംബൈയിൽനിന്ന് കേരളത്തിൽ എത്തിച്ച് 1500 രൂപ മുതൽക്കാണ് വിറ്റഴിക്കുന്നത്.
കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനനുസരിച്ച് പൾസ് ഒാക്സിമീറ്ററിന് ആവശ്യക്കാർ കൂടിയതാണ് നിലവാരമില്ലാത്ത ഉൽപന്നങ്ങളുടെ കടന്നുകയറ്റത്തിന് വഴിവെച്ചത്. ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ അനധികൃതമായി എത്തിച്ച 56.38 ലക്ഷത്തിന്റെ നിലവാരമില്ലാത്ത പൾസ് ഒാക്സിമീറ്റർ കണ്ടെത്തി വിൽപന തടഞ്ഞു. മലപ്പുറം ജില്ലയിൽ 23 ലക്ഷവും കോഴിക്കോട് 20 ലക്ഷവും വിലവരുന്ന ഉപകരണങ്ങൾ കണ്ടെത്തി. തിരുവനന്തപുരം ഒരു ലക്ഷം, എറണാകുളം 7.19 ലക്ഷം, കോട്ടയം 1.08 ലക്ഷം, കൊല്ലം 1.09 ലക്ഷം, ഇടുക്കി 90,000, തൃശൂർ 2.11ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
2017ലെ മെഡിക്കൽ ഉപകരണ ചട്ടങ്ങൾ പാലിക്കാത്തവയാണ് തിരിച്ചയക്കുന്നതെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ കെ.ജെ. ജോൺ 'മാധ്യമ'ത്തോട് പറഞ്ഞു. നിർമാണ കമ്പനിയുടെ പേരോ വിലാസമോ ബാച്ച് നമ്പറോ നിർമാണ തീയതിയോ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരും കൃത്യമായ ഇടവേളകളിൽ ഒാക്സിജൻ അളവ് പരിശോധിക്കണമെന്ന നിർദേശം വന്നതോടെയാണ് പൾസ് ഒാക്സിമീറ്റർ വിൽപന കുതിച്ചുയർന്നത്. ഇതോടെ ഉപകരണത്തിന് ദൗർലഭ്യം നേരിടുകയും വില കുതിക്കുകയും ചെയ്തു.
അംഗീകൃത കമ്പനികളുടെ അതേ വിലയ്ക്കാണ് ഇവ വിൽക്കുന്നത്. പരിശോധന ആരംഭിക്കും മുമ്പ് നിലവാരമില്ലാത്ത നിരവധി മീറ്ററുകൾ ഉപഭോക്താക്കളിലെത്തിയതായാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.