56 വർഷം മുമ്പ് വിമാനാപകടത്തിൽ കാണാതായ മലയാളി സൈനികന്‍റെ മൃതദേഹം കിട്ടി

പത്തനംതിട്ട: വിമാനാപകടത്തിൽ കാണാതായ ഇലന്തൂർ സ്വദേശിയായ സൈനികന്‍റെ ഭൗതികശരീരം 56 വർഷത്തിനുശേഷം കണ്ടെത്തി. ഇലന്തൂർ ഒടാലിൽ ഒ.എം. തോമസിന്‍റെ മകൻ തോമസ് ചെറിയാന്‍റെ മൃതദേഹമാണ് കഴിഞ്ഞദിവസം ലേ ലഡാക് മഞ്ഞുമലകളിൽനിന്ന് കണ്ടെത്തിയത്.

1968ലാണ് തോമസ് ചെറിയാനെ കാണാതായത്. അന്ന് 22 വയസ്സായിരുന്നു. പത്തനംതിട്ട കാതോലിക്കറ്റ് സ്കൂളിൽനിന്ന് എസ്.എസ്.എൽ.സിയും കോളജിൽനിന്ന് പ്രീ-യൂനിവേഴ്സിറ്റിയും പൂർത്തിയാക്കിയ തോമസ് സൈന്യത്തിൽ ചേരുകയായിരുന്നു. ലഡാക്കിൽനിന്ന് ലേ ലഡാക്കിലേക്ക് പോകവെയാണ് വിമാനം തകർന്ന് കാണാതായത്. അപകടത്തിൽ നിരവധിപേരെ കാണാതായിരുന്നു.

തോമസിന്‍റെ ഭൗതികശരീരം കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥർ ഇലന്തൂരിലെ വീട്ടിൽ അറിയിച്ചു. അവിവാഹിതനായിരുന്നു തോമസ്. മാതാവ്: ഏലിയാമ്മ. തോമസ് തോമസ്, തോമസ് വർഗീസ്, മേരി വർഗീസ്, പരേതനായ തോമസ് മാത്യു എന്നിവർ സഹോദരങ്ങളാണ്. ഭൗതികശരീരം ഇലന്തൂരിൽ എത്തിച്ച് സെന്‍റ് പീറ്റേഴ്സ് ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

Tags:    
News Summary - 56 years after IAF plane crash over Rohtang Pass, mortal remains recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.