ഗുണ്ട വേട്ട: 1006 പേര്‍ അറസ്റ്റില്‍; 58 പേര്‍ ഗുണ്ട പട്ടികയില്‍

കോട്ടയം: സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെടുത്താനുള്ള നടപടികളുടെ മുന്നോടിയായി 19 പൊലീസ് ജില്ലകളില്‍നിന്നായി ഗുണ്ട വിരുദ്ധ സ്ക്വാഡ് ഒരാഴ്ചക്കിടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 1006 പേരെ അറസ്റ്റ് ചെയ്തു. ഏഴുപേര്‍ക്കെതിരെ കാപ്പ ചുമത്തി. മൊത്തം 58 പേരെ ഗുണ്ട പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ റേഞ്ച് ഐ.ജിമാരുടെ ശിപാര്‍ശയോടെ ജില്ല പൊലീസ് മേധാവികള്‍ ജില്ല മജിസ്ട്രേറ്റുമാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. വരും ദിവസങ്ങളിലും ഗുണ്ട വിരുദ്ധ സ്ക്വാഡിന്‍െറ പ്രവര്‍ത്തനം ഊര്‍ജിതമായി മുന്നോട്ട് കൊണ്ടുപോകാനും പട്ടികയിലുള്ളതും പുതിയതുമായ കേസില്‍ ഉള്‍പ്പെടുന്നവരെക്കൂടി അറസ്റ്റ് ചെയ്യാനും പൊലീസ് രഹസ്യാന്വേഷണ വിഭാഗം മേധാവി റേഞ്ച് ഐ.ജിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

ഈമാസം 21ന് 2010 ഗുണ്ടകളെ പിടികൂടണമെന്നാവശ്യപ്പെട്ട് അവരുടെ പട്ടിക സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം റേഞ്ച് ഐ.ജിമാര്‍ക്കും എസ്.പിമാര്‍ക്കും ജില്ല കലക്ടര്‍മാര്‍ക്കും കൈമാറിയിരുന്നു. ഇതില്‍നിന്നാണ് ഒരാഴ്ചകൊണ്ട് 1006 പേരെ അറസ്റ്റ് ചെയ്തതെന്ന് ഇന്‍റലിജന്‍സ് ഡി.ജി.പി അറിയിച്ചു. സി.ആര്‍.പി.സി 107-110-151-133 പ്രകാരമാണ് കൂടുതല്‍ പേരുടെയും അറസ്റ്റ്. ഗുണ്ടപട്ടികയില്‍ സംസ്ഥാനത്ത് മുന്നിലുള്ള ആലപ്പുഴയില്‍നിന്നുതന്നെയാണ് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത് 336, തൊട്ടടുത്ത് തൃശൂര്‍ റൂറലും 268, എറണാകുളം റൂറലില്‍നിന്ന് 362 പേരെയും അറസ്റ്റ് ചെയ്തു. അനധികൃതമായി തോക്ക് സൂക്ഷിച്ച ഒരാളും ഗുണ്ടവേട്ടക്കിടെ പിടിയിലായി.

മറ്റ് ജില്ലകളില്‍നിന്ന് 50ല്‍താഴെ വീതം പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ള പൊലീസ് ജില്ലകളില്‍ വരുംദിവസങ്ങളില്‍ നടപടി ശക്തമാക്കും. 15 ദിവസത്തിനകം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ നിര്‍ദേശം. അതുപ്രകാരം ജില്ല പൊലീസ് മേധാവികള്‍ നടപടി ശക്തമാക്കി. കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദനം, കഞ്ചാവ്-വ്യാജമദ്യം-മയക്കുമരുന്ന് ഇടപാടുകാര്‍, ബ്ളാക്മെയിലിങ്, ബലാല്‍സംഗം, സ്ത്രീപീഡനം, ബ്ളേഡുകാര്‍ എന്നിങ്ങനെയുള്ളവരാണ് ഇപ്പോള്‍ പിടിക്കപ്പെട്ടിട്ടുള്ളവര്‍.

ഇതില്‍നിന്ന് ഗുണ്ടപട്ടികയില്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടികയും തയാറാക്കി വരുകയാണ്. അതിനിടെ പുതിയതായി കേസില്‍ ഉള്‍പ്പെട്ടവരെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും ഉണ്ട്. ഇപ്രകാരം നൂറിലധികം പേരും ഇതില്‍ ഉള്‍പ്പെടും. സ്ഥിരം കുറ്റവാളികളെയും ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയവരെയും പ്രത്യേകം നിരീക്ഷിക്കാനുള്ള സംവിധാനവും പൊലീസ് ആവിഷ്കരിച്ചിട്ടുണ്ട്.

Tags:    
News Summary - 58 goons are in list; 1006s are in arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.