കൊച്ചി: കേരള ട്രേഡ് സെന്റർ കെട്ടിട അഴിമതിയുമായി ബന്ധപ്പെട്ട് കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മുൻ ചെയർമാൻ കെ.എൻ. മർസൂക് അടക്കമുള്ളവർക്കെതിരായ കേസിൽ 6.03 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരമാണ് നടപടി.
ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പേരിലുള്ള എറണാകുളത്തെ കേരള ട്രേഡ് സെന്റർ കെട്ടിടത്തിന്റെ ഭൂമി, ഫ്ലാറ്റുകൾ, വാണിജ്യകെട്ടിടങ്ങളുടെ ബാങ്ക് അക്കൗണ്ട് രേഖകളാണ് കണ്ടുകെട്ടിയത്. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിച്ചത്.
ട്രേഡ് സെന്റർ കെട്ടിടത്തിൽ നിർമിച്ച ഫ്ലാറ്റുകൾ വിൽക്കാൻ മർസൂക് പദവി ദുരുപയോഗിച്ചെന്നാണ് ഇ.ഡി വിലയിരുത്തൽ. വാങ്ങാനെത്തിയവരിൽനിന്ന് അനധികൃതമായി പണം കൈപ്പറ്റിയെന്നും ഇതിലൂടെ കള്ളപ്പണ ഇടപാട് നടന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തിൽ വൻതോതിൽ പണം കൈപ്പറ്റിയിട്ടുണ്ടെന്നും അത് ടി.വി ചാനൽ ആരംഭിക്കാൻ വകമാറ്റിയെന്നും ഇ.ഡി ആരോപിക്കുന്നു. ചാനൽ പിന്നീട് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഇടപെട്ട് അവസാനിപ്പിച്ചു. കോടികളാണ് ട്രേഡ് സെന്റർ അക്കൗണ്ടിൽനിന്ന് വകമാറ്റിയതെന്ന് ഇ.ഡി വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.