കൊച്ചി: വെറും 25 ആഴ്ചത്തെ ഗർഭകാലത്തിനു ശേഷം ഏപ്രിൽ 16ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പിറന്നു വീഴുമ്പോൾ ആ കുഞ് ഞിനുണ്ടായിരുന്ന ഭാരം 600 ഗ്രാം ആയിരുന്നു; ഉള്ളം കൈയ്യിലൊതുങ്ങുന്നത്ര മാത്രം. മാസം തികയാതെ, പൂർണ വളർച്ചയെത്താതെ ജ നിച്ചതിന്‍റേതായ നിരവധി സങ്കീർണതകളിലൂടെ കടന്നുപോയ, ജീവൻ തിരിച്ചു കിട്ടുമോയെന്നു പോലും ആശങ്കപ്പെട്ട കുഞ്ഞുപൈ തൽ മൂന്നു മാസം പിന്നിടുമ്പോൾ ഇരട്ടി ഭാരം നേടി പ്രതീക്ഷയുടെ പുനർജന്മം നേടുകയാണ്. ജനറൽ ആശുപത്രിയിൽ പീഡിയാട്രിഷ ്യൻ ഡോ. എം.എസ് നൗഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ചികിത്സയിലൂടെയാണ് ഉദയംപേരൂരിലെ ദമ്പതികളുടെ പെൺകുഞ്ഞ് സുഖം പ്രാപിക്കുന്നത്.
മെഡിക്കൽ ട്രസ്റ്റിലെ നിയോനാറ്റോളജിസ്റ്റ് ഡോ. ജോണി വി. ഫ്രാൻസിസിന്‍റെ കീഴിലുള്ള ചികിത്സക്കു ശേഷം മെയ് ഒമ്പതിന് ജനറൽ ആശുപത്രിയിലേക്കെത്തുമ്പോൾ കുഞ്ഞിനു ഭാരം 460 ഗ്രാം മാത്രം. തലച്ചോറുൾപ്പടെ പൂർണ വളർച്ചയെത്താത്ത അവയവങ്ങൾ, അണുബാധക്കുള്ള ഉയർന്ന സാധ്യത, മുലപ്പാൽ നൽകാനാവാത്തതിന്‍റെ ബുദ്ധിമുട്ട്, ഇടക്കിടെയുണ്ടാകുന്ന ശ്വാസതടസം തുടങ്ങി വെല്ലുവിളികൾ നിരവധിയാണെങ്കിലും പേടിക്കേണ്ട, നമുക്ക് നോക്കാമെന്ന ഡോ. നൗഷാദിന്‍റെ വാക്കുകളാണ് നഴ്സുമാർക്കും ഊർജം പകർന്നത്.
ശരീരതാപം നിയന്ത്രിക്കുന്നതിനായി എൻ.ഐ.സി.യുവിലെ വാമറിലായിരുന്നു കുഞ്ഞിന്‍റെ പരിചരണം. ഏതു നേരവും കാവലായി നഴ്സുമാരുണ്ടാവും. അണുബാധയേൽക്കാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയും നൽകി. ഐ.വി ദ്രാവകവും അമ്മയിൽ നിന്ന് ശേഖരിച്ചുവെച്ച മുലപ്പാലുമാണ് നൽകി കൊണ്ടിരിക്കുന്നത്. ശ്വാസതടസം വരാതിരിക്കാനുള്ള മരുന്നുകളും നൽകുന്നു. നാലാഴ്ച കഴിഞ്ഞപ്പോൾ ഭാരം 750 ഗ്രാമായി. ഇതോടെ ഡോക്ടറുടെയും മറ്റും ആത്മവിശ്വാസം ഇരട്ടിയായി. പിന്നീട് കുഞ്ഞിനെ അമ്മയുടെ നെഞ്ചോടു ചേർക്കുന്ന കംഗാരൂ മദർ കെയറും തുടങ്ങി.
കണ്ണു പരിശോധനയിൽ കണ്ടെത്തിയ കാഴ്ച മങ്ങുന്ന റെറ്റിനോപതി ഓഫ് പ്രിമെച്ചുരിറ്റി (ആർ.ഒ.പി)യും ലേസർ ചികിത്സയിലൂടെ സുഖപ്പെടുത്തി. ഓരോ ദിവസവും നഴ്സുമാർ ഭാരം പരിശോധിക്കും. നിലവിൽ 1.2 കി.ഗ്രാം ഉള്ള കുഞ്ഞിന് ഒന്നര കിലോ എത്തിയാൽ വിട്ടയക്കാമെന്ന് ഡോ. നൗഷാദ് പറയുന്നു. 'എല്ലാം ദൈവാനുഗ്രഹം, ഡോക്ടറും സിസ്റ്റർമാരുമെല്ലാം നന്നായി നോക്കിയതു കൊണ്ടാണ് കുഞ്ഞിനെ തിരിച്ചു കിട്ടിയതെ'ന്ന് 36കാരിയായ അമ്മയുടെ വാക്കുകൾ.
കാർ ഡ്രൈവറായ പിതാവിന് രണ്ടാഴ്ച മുമ്പ് ഹൃദയാഘാതം വന്നപ്പോൾ ഡോ. നൗഷാദ് ഇടപെട്ട് ആശുപത്രിയിലെ ജീവനക്കാരും മറ്റും ചേർന്ന് 50,000 രൂപ സമാഹരിച്ച് നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.