കൊച്ചി: സംസ്ഥാനത്ത് സ്വന്തമായി സ്ഥലവും വീടുമില്ലാതെ 7346 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. 7778 കുടുംബങ്ങൾക്ക് ഭൂമിയുണ്ടെങ്കിലും വീടില്ല. 2020ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് പട്ടിക പ്രകാരം സംസ്ഥാനത്ത് 1,91,873 മത്സ്യത്തൊഴിലാളി കുടുംബമാണുള്ളത്. ഇവരിൽ 3.83 ശതമാനം വീടും സ്ഥലവുമില്ലാത്തവരും 4.05 ശതമാനം ഭവനരഹിതരമുണ്ടെന്നത് ഗുരുതര സ്ഥിതിയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ പറയുന്നു.
2010ൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറിെൻറ പഠനത്തിൽ 29,209 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഭവനരഹിതരാണെന്ന് കണ്ടെത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രത്യേക സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയാകാം ഇതിന് കാരണമെന്നാണ് അവർ വിലയിരുത്തിയത്. നിലവിലെ ഭവനരഹിതർ കൂട്ടുകുടുംബങ്ങളായും വാടകവീടുകളിലുമാണ് താമസിക്കുന്നത്.
വീടും ഭൂമിയുമില്ലാത്തവർക്ക് അത് എപ്പോൾ ലഭിക്കുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്നാണ് മത്സ്യത്തൊഴിലാളി മേഖലയിലുള്ളവരുടെ പ്രതികരണം. ഫിഷറീസ് വകുപ്പ് മുഖേന നിലവിൽ തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ അധിവസിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതി നടപ്പാക്കുന്നുണ്ടെന്നാണ് അധികൃതർ ഇതിന് നൽകുന്ന മറുപടി. തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയിലൂടെ അടുത്ത അഞ്ച് വർഷംകൊണ്ട് അർഹരായ എല്ലാ ഭവനരഹിതർക്കും വീട് ലഭിക്കുമെന്നും സർക്കാർ ഉറപ്പുനൽകുന്നു.
ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നത് തിരുവനന്തപുരത്താണ്-41,379. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കുടുംബങ്ങൾ- 24. കൊല്ലം- 23,661, ആലപ്പുഴ- 37,777, കോട്ടയം- 3400, പത്തനംതിട്ട- 50, ഇടുക്കി- 258, എറണാകുളം- 22,251, തൃശൂർ-6407, പാലക്കാട്- 498, മലപ്പുറം- 27,187, കോഴിക്കോട്- 16,360, കണ്ണൂർ- 5273, കാസർകോട്-7348 എന്നിങ്ങനെ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.