കോഴിക്കോട്: ഓൺലൈൻ ക്ലാസ് മടുത്തു, സ്കൂളിൽ പോകണമെന്ന് കുട്ടികൾ. 'മാധ്യമം കുടുംബം' മാസിക നടത്തിയ ഓൺലൈൻ വിദ്യാഭ്യാസ സർവേയിലാണ് ഭൂരിഭാഗം കൂട്ടികളും സ്കൂളിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ചത്. വ്യാഴാഴ്ച പുറത്തിറങ്ങുന്ന മാധ്യമം കുടുംബം മാസികയിൽ സർവേയിലെ പ്രധാന കണ്ടെത്തലുകളും വിദഗ്ധരുടെ വിശകലനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളുകൾ അടച്ചിട്ട പ്രത്യേക സാഹചര്യത്തിൽ സംസ്ഥാനത്ത് ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസം നാലുമാസം പിന്നിടുന്ന സാഹചര്യത്തിലാണ് പുതുപഠന രീതിയെക്കുറിച്ച് മാസിക ഓൺലൈൻ പഠന സർവേ നടത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം ആയിരത്തോളം പേർ സർവേയിൽ പങ്കെടുത്തു.
ഓൺലൈൻ പഠനരീതിയുടെ സാധ്യതകളും പരിമിതികളും വിലയിരുത്താനും, പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് തിരുത്തി മുന്നോട്ടുപോകാനും സഹായകമാവുംവിധത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ ആരായുകയായിരുന്നു സർവേയുടെ ലക്ഷ്യം. സർവേയിൽ പങ്കെടുത്ത 74 ശതമാനം വിദ്യാർഥികളും സ്കൂൾ പഠനംതന്നെയാണ് മികച്ചത് എന്ന് അഭിപ്രായപ്പെട്ടപ്പോൾ ഓൺലൈൻ അധ്യാപനത്തിൽ സംതൃപ്തിയില്ലെന്നാണ് 75 ശതമാനം അധ്യാപകരും വ്യക്തമാക്കിയത്. സർവേയിൽ പങ്കെടുത്ത വിദ്യാർഥികളിൽ 55 ശതമാനവും മുഴുവൻ ഓൺലൈൻ ക്ലാസുകളിലും പങ്കെടുക്കാനായില്ലെന്ന് തുറന്നു സമ്മതിച്ചു. വിക്ടേഴ്സ് ക്ലാസുകളോട് കുട്ടികളുടെ താൽപര്യം നഷ്ടപ്പെട്ടതായി കുട്ടികളും അധ്യാപകരും ഒരുപോലെ അഭിപ്രായപ്പെട്ടു.
നെറ്റ്വർക്ക് തടസ്സം, ഡേറ്റയില്ലാത്തത്, വൈദ്യുതി തടസ്സം, ഫോൺ ലഭ്യമല്ലാത്തത് തുടങ്ങിയവയൊക്കെ ക്ലാസിൽ പങ്കെടുക്കുന്നതിന് തടസ്സമായെന്ന് ഒട്ടേറെ കുട്ടികൾ ചൂണ്ടിക്കാട്ടി. അതേസമയം, ഓൺലൈൻ പഠനത്തിനായി ഒരുക്കിയ സൗകര്യങ്ങൾ കുട്ടികൾ ദുരുപയോഗപ്പെടുത്തുന്നതായി 72 ശതമാനം രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. ജൂണിൽ സ്കൂളുകളിൽ ഡിജിറ്റൽ ക്ലാസ് ആരംഭിച്ചപ്പോൾ കുട്ടിക്ക് പഠനസൗകര്യമുണ്ടോ എന്ന് തദ്ദേശസ്ഥാപനങ്ങളോ പ്രാദേശിക പാർട്ടികളോ അന്വേഷിച്ചിട്ടില്ലെന്ന് 89 ശതമാനം രക്ഷിതാക്കളും വ്യക്തമാക്കി.
ഡിജിറ്റൽ ക്ലാസുകൾ ജോലിഭാരം വർധിപ്പിച്ചതായി വലിയൊരു വിഭാഗം അധ്യാപകർ ചൂണ്ടിക്കാട്ടിയപ്പോൾ ഡേറ്റ റീചാർജ് പോലുള്ള അധിക ചെലവുകൾ ലോക്ഡൗൺ കാലത്ത് സാമ്പത്തിക പ്രയാസങ്ങൾക്കിടെ ബുദ്ധിമുട്ടുണ്ടാക്കിയതായി രക്ഷിതാക്കളും വ്യക്തമാക്കി. കുട്ടികളുടെ ഉറക്കം, ഭക്ഷണശീലം, ആരോഗ്യം എന്നിവയെ ഓൺലൈൻ പഠനം ബാധിച്ചതായും അമ്പത് ശതമാനത്തോളം രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.
വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ മലയാളം മീഡിയത്തിൽ മാത്രം ലഭിക്കുന്നത് പഠനം പ്രയാസകരമാക്കിയതായി ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ പരാതിപ്പെട്ടു. സർവേയിലെ കണ്ടെത്തലുകളും വിദഗ്ധ വിശകലനങ്ങളുമടങ്ങിയ മാസിക വ്യാഴാഴ്ച വിപണിയിലെത്തും. www.readwhere.com, www.magzter.com എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈനായും വായിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.